കോവിഡിനെ ഭയം: അമ്മയും കുട്ടിയും വീട് അടച്ച് കഴിഞ്ഞത് മൂന്ന് വര്‍ഷം, പാചകവാതകം പോലും ഉപയോഗിച്ചില്ല, ഭര്‍ത്താവിനെ പുറത്താക്കി

കോവിഡിനെ ഭയന്ന് മൂന്ന് വര്‍ഷമായി വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെ വാതില്‍ അടച്ച് അകത്തിരുന്ന അമ്മയെയും മകനെയും രക്ഷിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഗുരുഗ്രാം: കോവിഡിനെ ഭയന്ന് മൂന്ന് വര്‍ഷമായി വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെ വാതില്‍ അടച്ച് അകത്തിരുന്ന അമ്മയെയും മകനെയും രക്ഷിച്ചു. 33 വയസുള്ള സ്ത്രീയെയും 10 വയസുകാരന്‍ മകനെയുമാണ് രക്ഷിച്ചത്. 

ഹരിയാന ഗുരുഗ്രാമിലെ ചക്കര്‍പൂര്‍ മേഖലയിലാണ് സംഭവം. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും ആരോഗ്യവിഭാഗം, ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥരും ചേര്‍ന്നാണ് വീടിന്റെ മുന്‍വശത്തെ വാതില്‍ പൊളിച്ച് അകത്ത് കയറി ഇരുവരെയും രക്ഷിച്ചത്. ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ത്രീ മാനസിക വെല്ലുവിളി നേരിടുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. 

കഴിഞ്ഞദിവസം മുന്‍മുന്‍ മജ്ഹിയുടെ ഭര്‍ത്താവ് സുജന്‍ മജ്ഹി പൊലീസ് സ്റ്റേഷനില്‍ എത്തി കാര്യങ്ങള്‍ വിശദമായി പറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. കോവിഡ് ആദ്യം പിടിപെട്ട 2020ല്‍ പ്രഖ്യാപിച്ച ആദ്യ ലോക്ക്ഡൗണില്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഓഫീസില്‍ പോകാനായി വീട്ടില്‍ നിന്ന് പുറത്തിറങ്ങി. അതിന് ശേഷം കഴിഞ്ഞ മൂന്ന് വര്‍ഷമായി തന്നെ ഭാര്യ വീട്ടില്‍ കയറ്റിയിട്ടില്ലെന്ന് സുജന്‍ മജ്ഹി പറയുന്നു. ആദ്യ ദിവസങ്ങളില്‍ കൂട്ടുകാരുടെയും ബന്ധുക്കളുടെയും വീട്ടിലാണ് കഴിഞ്ഞത്. ഭാര്യയെ പിന്തിരിപ്പിക്കാന്‍ നോക്കി പരാജയപ്പെട്ടതോടെ, പിന്നീടുള്ള ദിവസങ്ങള്‍ താമസം വാടക വീട്ടിലേക്ക് മാറ്റിയതായും സുജന്‍ മജ്ഹി പറയുന്നു.

കഴിഞ്ഞ നാളുകളില്‍ വീഡിയോ കോള്‍ മാത്രമായിരുന്നു ഭാര്യയെയും മകനെ ബന്ധപ്പെടാന്‍ ഉണ്ടായിരുന്ന ഏക പോംവഴി. കഴിഞ്ഞ മൂന്ന് വര്‍ഷം മകന്‍ സൂര്യപ്രകാശം പോലും കണ്ടിട്ടില്ല. കോവിഡിനെ ഭയന്ന് കഴിഞ്ഞ മൂന്ന് വര്‍ഷ കാലയളവില്‍ പാചകവാതകവും ശേഖരിച്ചുവെച്ച വെള്ളവും പോലും ഉപയോഗിച്ചില്ലെന്നും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com