മണിപ്പൂര്‍: വിവാദ ട്വീറ്റ് പിന്‍വലിച്ചു; സിപിഎം നേതാവ് സുഭാഷിണി അലി മാപ്പു പറഞ്ഞു

മണിപ്പൂര്‍ പൊലീസ് സുഭാഷിണി അലിക്കെതിരെ കേസെടുത്തിരുന്നു
സുഭാഷിണി അലി / ഫയല്‍
സുഭാഷിണി അലി / ഫയല്‍

ന്യൂഡല്‍ഹി: മണിപ്പുരില്‍ രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവവുമായി ബന്ധപ്പെട്ടുള്ള ട്വീറ്റ് പിന്‍വലിച്ച് സിപിഎം നേതാവ് സുഭാഷിണി അലി മാപ്പു പറഞ്ഞു. തെറ്റായ ട്വീറ്റ് ആണ് പോസ്റ്റ് ചെയ്തത് എന്നാരോപിച്ച് മണിപ്പൂര്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ചിതാനന്ദ സിങ് സുഭാഷിണി അലിക്കെതിരെ പരാതി നല്‍കിയിരുന്നു. 

ഇതിന്റെ അടിസ്ഥാനത്തില്‍ മണിപ്പൂര്‍ പൊലീസ് സുഭാഷിണി അലിക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. കൂട്ടബലാത്സംഗം ചെയ്ത പ്രതികളെന്നാരോപിച്ച് തന്റെയും മകന്റെയും ചിത്രം  സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചുവെന്നാണ് ചിതാനന്ദ സിങ് പരാതിയില്‍ ആരോപിച്ചിരുന്നത്. 

ആര്‍എസ്എസിന്റെ വേഷത്തില്‍ നില്‍ക്കുന്ന രണ്ടുപേരുടെ ചിത്രം സഹിതം, ഇവരാണ് മണിപ്പുരിലെ പ്രതികള്‍. അവരെ, അവരുടെ വസ്ത്രങ്ങളിലൂടെ തിരിച്ചറിയൂ എന്നും സുഭാഷണി അലി ട്വീറ്റില്‍ കുറിച്ചിരുന്നു. വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തതിന് പിന്നാലെയാണ് സുഭാഷിണി അലി ട്വീറ്റ് പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചത്.

 'പങ്കുവെച്ചത് വ്യാജവിവരം ആണെന്ന് മനസ്സിലായതിനാൽ, മണിപ്പുരില്‍ സ്ത്രീകള്‍ക്കെതിരെ അതിക്രൂരമായ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ പ്രതികളെന്ന് ആരോപിക്കപ്പെട്ട രണ്ടു പേരെ സംബന്ധിച്ച ഒരു വ്യാജ ട്വീറ്റ്, റിട്വീറ്റ് ചെയ്തതില്‍ ഞാന്‍ അങ്ങേയറ്റം ഖേദിക്കുന്നു. മനഃപൂര്‍വ്വമല്ലാതെ ചെയ്ത ഈ പ്രവൃത്തി മൂലം ആര്‍ക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കില്‍ നിരുപാധികം മാപ്പു ചോദിക്കുന്നു' എന്ന് സുഭാഷിണി അലി ട്വീറ്റ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com