പുതിയ പാര്‍ലമെന്റ് മന്ദിരം ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും; ഡല്‍ഹിയില്‍ കനത്ത സുരക്ഷ

പ്രതിപക്ഷത്തെ 20 പാര്‍ട്ടികള്‍ പാര്‍ലമെന്റ് മന്ദിരം സമര്‍പ്പണ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്
പുതിയ പാർലമെന്റ് മന്ദിരം/ പിടിഐ
പുതിയ പാർലമെന്റ് മന്ദിരം/ പിടിഐ

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. രാവിലെ ഏഴിന് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പുറത്ത് ഹോമം നടത്തും. രാവിലെ 8.30നും 9നും ഇടയ്ക്ക് ലോക്‌സഭാ സ്പീക്കറുടെ ഇരിപ്പിടത്തിനു സമീപം പ്രധാനമന്ത്രി ചെങ്കോല്‍ സ്ഥാപിക്കും.

രാവിലെ 9.30ന് പാര്‍ലമെന്റ് ലോബിയില്‍ സര്‍വമത പ്രാര്‍ത്ഥന നടക്കും. ഇതിനുശേഷം പ്രധാനമന്ത്രി മടങ്ങും. തുടര്‍ന്ന് ഉച്ചയ്ക്ക് 12ന് പ്രധാനമന്ത്രി വീണ്ടും പാര്‍ലമെന്റ് മന്ദിരത്തിലെത്തിച്ചേരും. തുടര്‍ന്ന് രാജ്യസഭാ ഉപാധ്യക്ഷന്റെ പ്രസംഗം. ഇതിനു പിന്നാലെ രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരുടെ സന്ദേശം വായിക്കും. 

ഇതിനുശേഷം പാര്‍ലമെന്റിനെക്കുറിച്ചുള്ള വിഡിയോ പ്രദര്‍ശനവും പ്രസംഗങ്ങളും. ഉച്ചയ്ക്ക് ഒരു മണിയ്ക്ക് പുതിയ 75 രൂപ നാണയവും സ്റ്റാംപും പ്രധാനമന്ത്രി പ്രകാശനം ചെയ്യും. തുടര്‍ന്ന് പ്രധാനമന്ത്രിയുടെ പ്രസംഗം നടക്കും. പാര്‍ലമെന്റ് നിര്‍മാണത്തില്‍ പങ്കെടുത്ത 40,000 തൊഴിലാളികളെ ആദരിക്കും. ഇവരുടെ പ്രതിനിധികളായി കുറച്ചുപേരെ ചടങ്ങിലേക്കു ക്ഷണിച്ചിട്ടുണ്ട്. 

പ്രതിപക്ഷത്തെ 20 പാര്‍ട്ടികള്‍ പാര്‍ലമെന്റ് മന്ദിരം സമര്‍പ്പണ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്കൊപ്പം കര്‍ഷകസംഘടനകള്‍ മാര്‍ച്ച് നടത്തുമെന്നു പ്രഖ്യാപിച്ചതിനാല്‍ തലസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.  ന്യൂഡല്‍ഹി മേഖലയില്‍ സ്വകാര്യവാഹനങ്ങള്‍ക്ക് വൈകീട്ട് മൂന്നു മണി വരെ നിയന്ത്രണമേര്‍പ്പെടുത്തി.

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com