'ബിജുവും, രമ്യയും ഞങ്ങൾക്ക് കൂടപ്പിറപ്പുകൾ; കോളനി കേറി പാടിയാൽ വോട്ട് തിരിഞ്ഞു കുത്തും'

​ദളിത് ആക്ടിവിസ്റ്റ് മൃദുലദേവി ശശിധരൻ തന്റെ ഫെയ്സ്ബുക്ക് പേജിലെഴുതിയ കുറിപ്പ് ശ്രദ്ധേയമാകുകയാണ്
'ബിജുവും, രമ്യയും ഞങ്ങൾക്ക് കൂടപ്പിറപ്പുകൾ; കോളനി കേറി പാടിയാൽ വോട്ട് തിരിഞ്ഞു കുത്തും'

പാലക്കാട്: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെ പരിഹസിച്ച ദീപാ നിശാന്തിനെതിരെ പ്രതിഷേധം കനക്കുന്നു. അതിനിടെ ​ദളിത് ആക്ടിവിസ്റ്റ് മൃദുലദേവി ശശിധരൻ തന്റെ ഫെയ്സ്ബുക്ക് പേജിലെഴുതിയ കുറിപ്പ് ശ്രദ്ധേയമാകുകയാണ്. 

എന്നാണ് ഇടത് ചിന്താ ധാരയ്ക്ക് പാട്ടിനോട് അവജ്ഞയായതെന്ന് അവർ ചോദിക്കുന്നു.  നിങ്ങൾ പണ്ട് പകുത്തൊരിന്ത്യ ഇന്നിതാ പുതിയ ചെങ്കോടിയേന്തി എന്ന് പാടിയും, യുഗങ്ങൾ നീന്തി നടക്കും ഗംഗയിൽ വിരിഞ്ഞു താമര മുകുളങ്ങൾ എന്നും പാടിയും, നമ്മൾ കൊയ്യും വയലെല്ലാം നമ്മുടെതല്ലേ പൈങ്കിളിയെ എന്നും പാടിത്തന്നെയാണ് പറയരെയും, പുലയരെയും, കുറവരേയും, ഈഴവരെയും ഒക്കെ നിങ്ങൾ ചേർത്തുപിടിച്ചതു. പിന്നിപ്പോഴെങ്ങനെയാണ് പാട്ടിനോട് അയിത്തം ആയതെന്ന് അവർ  ചോദിച്ചു.

ബിജുവും, രമ്യയും ഞങ്ങൾക്ക് കൂടപ്പിറപ്പുകൾ തന്നെയാണ്. നിങ്ങള്ക്ക് എഴുതാൻ ഉള്ളത് ദീപാ ടീച്ചറിനെക്കൊണ്ട് എഴുതിച്ചു രമ്യയെ അധിക്ഷേപിച്ചാൽ ഞങ്ങൾക്ക് പൊള്ളുക തന്നെ ചെയ്യും. ആലത്തൂർ അങ്ങ് ദൂരെയല്ല. അപ്പനില്ലേ തിന്താരാ ഞങ്ങൾക്ക് അമ്മയില്ലേ തിന്താര എന്ന് ഞങ്ങൾ കൂട്ടമായി വന്നു കോളനി കേറി പാടിയാൽ വോട്ട് തിരിഞ്ഞു കുത്തുമെന്നും മൃദുല​ദേവി വ്യക്തമാക്കുന്നു. 

പോസ്റ്റിന്റെ പൂർണ രൂപം

എന്നാണ് ഇടതു ചിന്താ ധാരയ്ക്കു പാട്ടിനോട് അവജ്ഞ ആയത്. പാട്ടും, നാടകവും ഇഴ ചേർത്താണ് അടിസ്ഥാന വർഗ്ഗത്തെ നിങ്ങൾ ചേർത്ത് പിടിച്ചത്. നിങ്ങൾ പണ്ട് പകുത്തൊരിന്ത്യ ഇന്നിതാ പുതിയ ചെങ്കോടിയേന്തി എന്ന് പാടിയും, യുഗങ്ങൾ നീന്തി നടക്കും ഗംഗയിൽ വിരിഞ്ഞു താമര മുകുളങ്ങൾ എന്നും പാടിയും, നമ്മൾ കൊയ്യും വയലെല്ലാം നമ്മുടെതല്ലേ പൈങ്കിളിയെ എന്നും പാടിത്തന്നെയാണ് പറയരെയും, പുലയരെയും, കുറവരേയും, ഈഴവരെയും ഒക്കെ നിങ്ങൾ ചേർത്തുപിടിച്ചതു. പിന്നിപ്പോഴെങ്ങനെയാണ് പാട്ടിനോട് അയിത്തം ആയതു. കെ എസ് ജോർജിന്റെ പാട്ടു കൊണ്ടു വളർന്ന പാർട്ടി പിന്നീട് എങ്ങനെ ആയിരുന്നു അദ്ദേഹത്തോട്. അത് തന്നെയാണ് ഇപ്പോൾ രമ്യയുടെ പാട്ടിനോടും കാണിക്കുന്നത്. ബിജുവും, രമ്യയും ജയിച്ചു കയറിയാലും ഇവിടുത്തെ ദളിതുകൾക്കു ഒരു പ്രയോജനവും ഉണ്ടാവില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്തുണ്ടായ ആദിവാസി ഗര്ഭത്തിന് ഈ സർക്കാരാണോ ഉത്തരവാദി എന്ന് ചോദിച്ച മന്ത്രി എ. കെ ബാലനെപ്പോലെയെ ഇവരും പറയുകയുള്ളൂ. 

എന്നിരുന്നാലും ഞങ്ങളുടെ പാക്കനാർ പാട്ടിൽ പറയുന്നത് പിണക്കമുള്ളവരുടെ കൂടെ അരക്കാതം നടക്കണമെന്ന് തന്നെയാണ്. നടന്നു തീർന്നാൽ പിണക്കവും തീർന്നിരിക്കണം. അതുകൊണ്ട് തന്നെ ബിജുവും, രമ്യയും ഞങ്ങൾക്ക് കൂടപ്പിറപ്പുകൾ തന്നെയാണ്. നിങ്ങള്ക്ക് എഴുതാൻ ഉള്ളത് ദീപാ ടീച്ചറിനെക്കൊണ്ട് എഴുതിച്ചു രമ്യയെ അധിക്ഷേപിച്ചാൽ ഞങ്ങൾക്ക് പൊള്ളുക തന്നെ ചെയ്യും. ആലത്തൂർ അങ്ങ് ദൂരെയല്ല. അപ്പനില്ലേ തിന്താരാ ഞങ്ങൾക്ക് അമ്മയില്ലേ തിന്താര എന്ന് ഞങ്ങൾ കൂട്ടമായി വന്നു കോളനി കേറി പാടിയാൽ വോട്ട് തിരിഞ്ഞു കുത്തും. ലോകമെമ്പാടുമുള്ള കരിന്തലക്കൂട്ടങ്ങളെ, തായില്ലം കൂട്ടങ്ങളെ, മണ്ണ് മര്യാദയുടെ പാട്ടുകാരെ രമ്യ എന്ന കോൺഗ്രസ്‌കാരിയല്ല രമ്യ എന്ന ദലിത് സ്ത്രീ പാട്ടു പാടിയതിനു അപഹസിക്കപ്പെടുന്നു. ചത്തൊണ്ടിരുന്നപ്പോഴും പാടി ചത്തവരല്ലേ നമ്മടെ അമ്മയപ്പന്മാർ. നമ്മളോട് പാടണ്ടാന്ന് പറയാൻ ഇവരൊക്കെ ആരാ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com