മെസ്സിയുടെ വിലക്ക് ഫിഫയുടെ ആസൂത്രണമോ? വിലക്കേര്‍പ്പെടുത്താന്‍ എന്തായിരുന്നു ഇത്ര തിടുക്കം?

ചിലിയുമായുള്ള ലോകക്കപ്പ് യോഗ്യതാമത്സരത്തില്‍ റഫറിയോട് കയര്‍ക്കുന്ന മെസ്സി
ചിലിയുമായുള്ള ലോകക്കപ്പ് യോഗ്യതാമത്സരത്തില്‍ റഫറിയോട് കയര്‍ക്കുന്ന മെസ്സി

ബാലണ്‍ ഡിയോര്‍ മാഗസിനും ഫിഫയും തമ്മിലുള്ള പങ്കാളിത്തം അവസാനിച്ചുള്ള ആദ്യ അവാര്‍ഡ് ദാനച്ചടങ്ങിന് ഫിഫയുടെ തലസ്ഥാനമായ സൂറിച്ച് സാക്ഷിയായപ്പോള്‍ കൂടുതല്‍ ആളുകളൊന്നും ശ്രദ്ധിക്കാതിരുന്ന ഒരു കാര്യമുണ്ടായിരുന്നു. ബാഴ്‌സലോണ താരങ്ങളുടെ അഭാവം. കോപ്പ ഡെല്‍ റേ രണ്ടാം പാദത്തില്‍ അത്‌ലറ്റിക്കോ ബില്‍ബാവോയുമായുള്ള മത്സരത്തിന് ഒരുങ്ങിക്കൊണ്ടിരുന്ന ബാഴ്‌സ അവാര്‍ഡ് ചടങ്ങിനേക്കാള്‍ പ്രാധാന്യം നല്‍കുന്നത് ഈ മത്സരത്തിനാണെന്ന് അറിയിച്ചാണ് സൂറിച്ചില്‍ എത്താതിരുന്നത്.

കളിക്കു ശേഷവും റഫറിയോട് ചൂടാകുന്ന മെസ്സി
കളിക്കു ശേഷവും റഫറിയോട് ചൂടാകുന്ന മെസ്സി

ഫുട്‌ബോള്‍ ലോകത്തെ അടക്കി ഭരിക്കുന്ന ഫിഫയ്ക്ക് ബാഴ്‌സയുടെ തീരുമാനം അമ്പരപ്പുണ്ടാക്കി. ഫിഫപ്രോ ലോകഇലവനില്‍ ബാഴ്‌സയുടെ നാല് താരങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടായിരുന്നെങ്കിലും ഇവരുടെ ചിത്രങ്ങള്‍ ഇല്ലാതെയാണ് ബെസ്റ്റ് ഇലവന്‍ പ്രസിദ്ധീകരിച്ചത്. ഇതുമാത്രവുമല്ല, ബാഴ്‌സലോണ സൂപ്പര്‍ താരം ലയണല്‍ മെസ്സി ഏറ്റവും മികച്ച കളിക്കാരന്‍ ആരെന്നുള്ള മൂന്ന് പേരുടെ ലിസ്റ്റില്‍ ഉണ്ടായിരുന്നയാളായിരുന്നു. അവാര്‍ഡ് ക്രിസ്്റ്റിയാനോ റൊണാള്‍ഡോയ്ക്കാണ് ലഭിച്ചതെങ്കിലും സൂപ്പര്‍ താരം മെസ്സിയുടെ അഭാവം ഫിഫയെ അപേക്ഷിച്ച് അപമാനമായിരുന്നു. ഫിഫയും ബാഴ്‌സയും തമ്മിലുള്ള ഉള്‍പ്പോരുകള്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പല പ്രശ്‌നങ്ങളിലായി അത് ഉയര്‍ന്നുവരികയും ഫുട്‌ബോളായതിനാല്‍ തന്നെ കളികള്‍ക്കുള്ളില്‍ അത് ഒടുങ്ങുകയുമാണ് ചെയ്തുകൊണ്ടിരിക്കുന്നത്.

റഫറിയുടെ തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിക്കുന്ന മെസ്സി
റഫറിയുടെ തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിക്കുന്ന മെസ്സി

അവാര്‍ഡ്ദാന ചടങ്ങ് കഴിഞ്ഞു രണ്ട് മാസത്തിനു ശേഷമാണ് പുതിയ സംഭവവികാസങ്ങള്‍ക്ക് തുടക്കമാകുന്നത്. ഇത് പഴയതിനേക്കാള്‍ കൂടുതല്‍ കടുപ്പമേറിയതാണ്. ഇന്ന് ഫുട്‌ബോള്‍ മൈതാനങ്ങളില്‍ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളായ അര്‍ജന്റീന താരം മെസ്സിയെ നാല് കളികളില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയ ഫിഫയുടെ തീരുമാനമാണ് ചര്‍ച്ചകള്‍ ഒന്നുകൂടി ഉയര്‍ന്നുവരാന്‍ കാരണമായിരിക്കുന്നത്.

ലോകക്കപ്പ് യോഗ്യതാ റൗണ്ടില്‍ ചിലിക്കെതിരായ മത്സരത്തില്‍ മെസ്സി റഫറിയെ അപമാനിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് താരത്തിന് നാല് മത്സരങ്ങളില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയത്. മെസ്സി റഫറിയെ അപമാനിച്ച് സംസാരിക്കുന്നതും കയര്‍ക്കുന്നതും വീഡിയോകളിലൂടെ വ്യക്തമായതാണെങ്കിലും അതിന് ശേഷം ഫിഫയുടെ നടപടികള്‍ ഇത്രയും ഉന്നതിയിലിരിക്കുന്ന ഒരു സംഘനയ്ക്ക് യോജിച്ചതാണോ എന്ന സംശയമുയര്‍ത്തും.

റഫറിമാരെ അപമാനിച്ച മെസ്സിയുടെ നടപടികള്‍ ഒരിക്കലും ന്യായീകരിക്കുകയല്ല. കളികഴിഞ്ഞ ശേഷവും റഫറിമാര്‍ക്കെതിരേ കടുത്ത ഭാഷയില്‍ പ്രതികരിക്കുകയും അസിസ്റ്റന്റ് റഫറിക്ക് കൈകൊടുക്കാതിരിക്കുകയും ചെയ്തത് എന്തായാലും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന് ചേര്‍ന്നതല്ല എന്നകാര്യത്തില്‍ തര്‍ക്കമില്ല. റഫറിമാര്‍ക്കെതിരേയുള്ള കളിക്കാരുടെ പ്രവര്‍ത്തികള്‍ക്ക് മൂക്കുകയറിടാന്‍ ഫിഫ നിരവധികാര്യങ്ങള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെങ്കിലും ദിവസേന എന്നോണം ശകാര, അപമാന വാക്കുകള്‍ പറയാന്‍ അവസരം കിട്ടിയാല്‍ കളിക്കാര്‍ റഫറിമാരോട് പറഞ്ഞുകൊണ്ടേയിരിക്കുന്നുണ്ട്.

നിയമങ്ങള്‍ നടപ്പിലാക്കുമ്പോള്‍ അതിനൊരു പൊരുത്തം വേണം. അല്ലാതെ, താല്‍പ്പര്യമില്ലാത്തവര്‍ക്കെതിരേ നിയമം കടുപ്പിക്കുകയും ബാക്കിയുള്ളവര്‍ക്കെതിരേ നടപടിയെടുക്കാതിരിക്കുകയും ചെയ്യുന്നത് എവിടുത്തെ ന്യായമാണ്. മെസ്സി തെറ്റു ചെയ്തിട്ടുണ്ടെന്ന് സമ്മതിക്കുന്നതോടൊപ്പം ഒരു കാര്യം ചോദിച്ചോട്ടെ? നാല് കളികളില്‍ നിന്നും വിലക്കേര്‍പ്പെടുത്താന്‍ രീതിയിലുള്ള എന്ത് കുറ്റമാണ് മെസ്സി ചെയ്തത്. പിഴയോ, വാണിംഗോ കൊടുക്കേണ്ട നടപടിക്ക് നാല് കളികളില്‍ നിന്ന് വിലക്ക്!

2006 ലോകക്കപ്പ് ഫൈനലില്‍ സിനദീന്‍ സിദാന്‍ മറ്റൊരാസിയെ തലകൊണ്ടിടിച്ചിട്ട് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോയതിന് മൂന്ന് കളികളില്‍ നിന്നാണ് ഫിഫ സിദാനെ വിലക്കിയത്. എന്നാല്‍ മെസ്സിയുടെ കാര്യത്തിലോ? റഫറിക്കെതിരേ മോശം ഭാഷ പ്രയോഗിച്ചു എന്ന പേരില്‍ നാല് കളികളില്‍ നിന്നാണ് വിലക്ക്. റഫറിമാര്‍ നല്‍കിയ മാച്ച് റിപ്പോര്‍ട്ടില്‍ പോലും ഇക്കാര്യം പറഞ്ഞിരുന്നില്ല എന്നത് ഫിഫയുടെ തീരുമാനം എന്തര്‍ത്ഥത്തിലാണെന്ന് മനസിലാകുന്നില്ല. മെസ്സിയുടെ വിലക്ക് ഫിഫയുടെ ലോബിയിംഗ് ആണെന്ന് സാക്ഷാല്‍ മറഡോണയും ആരോപിച്ചിട്ടുണ്ട്.

2006 ലോകക്കപ്പില്‍ തന്നെ അമേരിക്കന്‍ താരം ബ്രിയന്‍ മക്ബ്രിഡ്ജിനെ എല്‍ബോ ചെയ്തതിന് ഇറ്റാലിയന്‍ താരം ഡി റോസിക്ക് നാല് കളികളില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇടിയുടെ ആഘാതത്തില്‍ മുഖത്ത് സ്റ്റിച്ചുകളുടേണ്ടി വന്നു മക്ബ്രിഡ്ജിന്. എന്നാല്‍ ഇനി ഇതുപറയൂ, തലകൊണ്ടും, കൈകൊണ്ടും ഇടിച്ച് എതിര്‍താരത്തെ അപകടത്തില്‍ പെടുത്തുന്ന രീതിയിലുള്ള കുറ്റമാണോ മെസ്സി ദേഷ്യപ്പെട്ട് റഫറിമാരോട് കയര്‍ത്തത്. 

കളിക്കു ശേഷം റഫറിമാര്‍ നല്‍കുന്ന റിപ്പോര്‍ട്ടില്‍ ഈ വിഷയുമായി ബന്ധപ്പെട്ട് ഒന്നും തന്നെ റഫറിമാര്‍ രേഖപ്പെടുത്തിയിരുന്നില്ല. എന്നാല്‍, ഈ വിഷയത്തില്‍ ചിലിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഇടപെടുന്നതുവരെ പ്രശ്‌നം വഷളായിരുന്നില്ല. ചിലിയന്‍ എഫ്എ ഫിഫയ്ക്ക് ഇക്കാര്യം തെളിവു സഹിതം നല്‍കുകയായിരുന്നു. 

ചിലിയന്‍ ഫുട്‌ബോള്‍ സംഘടനയുടെ രാഷ്ട്രീയപരവും ഗൂഢവുമായുള്ള നീക്കമാണ് വിലക്കില്‍ കലാശിച്ചതെന്നും പറയാം. ഇതിനെതിരേ അപ്പീല്‍ നല്‍കാന്‍ ആകെയുള്ളത് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനാണ്. എന്നാല്‍ ദീര്‍ഘകാലമായി പ്രതിസന്ധിയില്‍ മുങ്ങിക്കഴിയുന്ന അര്‍ജന്റീനയ്ക്ക് അപ്പീല്‍ നല്‍കി വിലക്കിനെ പ്രതിരോധിക്കാന്‍ സാധിക്കുകയില്ല. അര്‍ജന്റീനയ്ക്കുള്ളതിനേക്കാള്‍ സ്വാധീനം ചിലിക്ക് ഫിഫയിലുണ്ട്. അതുകൊണ്ടുതന്നെയാണ് സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ സംഘനയും ഫിഫയും ഇക്കാര്യത്തില്‍ കൂടുതല്‍ ഇടപെടുലുകള്‍ നടത്താത്തതും. മെസ്സിയില്ലാതെ അര്‍ജന്റീന ഒന്നുമല്ലായെന്നും ലാറ്റിന്‍ അമേരിക്കയില്‍ നിന്നും നേരിട്ട് യോഗ്യത നേടാന്‍ അര്‍ജന്റീന തോല്‍ക്കുന്നതിലേക്ക് ഇത് വഴിയൊരുക്കുകയും അതിലൂടെ ലോകക്കപ്പ് സാധ്യതയുണ്ടാകുമെന്നുമാകും ചിലി ഒരു പക്ഷേ കണക്കുകൂട്ടിയിട്ടുണ്ടാവുക. 

മത്സരശേഷം കളിവിലയിരുത്തുന്ന സമയത്ത് ലയണല്‍ മെസ്സി എന്തെങ്കിലും അപമാനിക്കുന്ന രീതിയില്‍ പറഞ്ഞിരുന്നോ എന്ന് ഫിഫ റഫറിമാരോട് ചോദിച്ചിരുന്നു. എന്നാല്‍ കളി നിയന്ത്രിച്ച സാന്‍്‌ട്രോ മീര അങ്ങനെയൊന്ന് കേട്ടിട്ടില്ല എന്നും കേട്ടിരുന്നെങ്കില്‍ അപ്പോള്‍ തന്നെ നടപടിയെടുത്തിരുന്നുവെന്നുമാണ് ഫിഫയെ അറിയിച്ചത്. 

അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചതിനാണ് മെസ്സിക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതെങ്കില്‍ ഈ കളിയില്‍ തന്നെ ജീന്‍ ബീയുസ്‌ജോറിനും വിലക്കേണ്ടിയിരുന്നു. ഇക്കാര്യങ്ങളെല്ലാം ഒരു കളിയില്‍ നടന്നതാണ്. അത് ഫിഫ എങ്ങനെയാണ് കൈകാര്യം ചെയ്തിരിക്കുന്നതെന്നാണ് ഇതില്‍ ചോദ്യങ്ങളുണ്ടാക്കുന്നത്.

ബൊളീവിയയുമായുള്ള മത്സരത്തിന് ഏതാനും മണിക്കൂറുകള്‍ മാത്രമുള്ളപ്പോഴാണ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനെ പോലും അറിയിക്കാതെ മെസ്സിയെ നാല് കളികളില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയത്. ഒരു ടീമില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന ഒരു കളിക്കാരനെ വിലക്കുന്നതിന് മുമ്പ് ആ ടീമിന് ഒരുങ്ങാനുള്ള അവസരമെങ്കിലും ഫിഫ നല്‍കണമായിരുന്നുവെന്നാണ് പ്രമുഖ ഫുട്‌ബോള്‍ ലേഖകനായ ജോനാഥന്‍ വില്‍സണ്‍ പറഞ്ഞത്. 

വെയില്‍സ്-അയര്‍ലന്റ് മത്സരത്തില്‍ കോള്‍മാനെ ടാക്കിള്‍ ചെയ്ത ടൈലര്‍ക്ക് റഫറി ചുവപ്പ് കാര്‍ഡ് കാണിക്കുന്നു.
വെയില്‍സ്-അയര്‍ലന്റ് മത്സരത്തില്‍ കോള്‍മാനെ ടാക്കിള്‍ ചെയ്ത ടൈലര്‍ക്ക് റഫറി ചുവപ്പ് കാര്‍ഡ് കാണിക്കുന്നു.


ഒരു ഉദാഹരണം കൂടി പറഞ്ഞു നിര്‍ത്താം. അര്‍ജന്റീന-ബൊളീവിയ മത്സരം നടക്കുന്ന അതേദിനം തന്നെയായിരുന്നു വെയില്‍സും അയര്‍ലന്റുമായുള്ള മത്സരം. ഈ കളിയില്‍ വെയില്‍ പ്രതിരോധ താരം നെയ്ല്‍ ടൈലറുടെ ടാക്ലിംഗ് അയര്‍ലന്റ് താരം സീമസ് കോള്‍മാന്റെ കാലിന് മാരക പരിക്കുണ്ടാക്കി. കോള്‍മാന്റെ കരിയര്‍ തന്നെ അവസാനിച്ചേക്കുന്ന ടാക്കിള്‍ ചെയ്തതിന് ഒരു മത്സരത്തില്‍ നിന്നുമാത്രം വിലക്കാണ് ഫിഫ നല്‍കിയത്. ടൈലറിന്റെ കാര്യത്തില്‍ ഇനിയും തീരുമാനമെടുക്കാന്‍ അമാന്തം കാണിക്കുന്ന ഫിഫ എങ്ങനെയാണ് മെസ്സിയുടെ കാര്യത്തില്‍ ഇത്രപെട്ടെന്ന് തീരുമാനമെടുത്ത് പ്രഖ്യാപിച്ചത്?  ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ മെസ്സിക്കു നേരെ നടന്നത് മുന്‍കൂട്ടി ആലോചിച്ചുണ്ടാക്കിയ ആക്രമണമാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റപ്പെടുത്താന്‍ പറ്റില്ല!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com