ധവാന്‍- രാഹുല്‍, പന്ത്- കിഷന്‍, അയ്യര്‍- സൂര്യകുമാര്‍; ആരെ കൊള്ളും ആരെ തള്ളും? 

ധവാന്‍- രാഹുല്‍, പന്ത്- കിഷന്‍, അയ്യര്‍- സൂര്യകുമാര്‍; ആരെ കൊള്ളും ആരെ തള്ളും? ടീം സെലക്ഷനിലെ അങ്കലാപ്പുകള്‍
പന്തും ഇഷാനും/ ട്വിറ്റർ
പന്തും ഇഷാനും/ ട്വിറ്റർ

മുംബൈ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര തുടങ്ങാനിരിക്കെ ഇന്ത്യയുടെ അന്തിമ ഇലവന്‍ എങ്ങനെയായിരിക്കും എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. 11 സ്ഥാനങ്ങളിലേക്ക് നിരവധി സൂപ്പര്‍ താരങ്ങള്‍ അവസരം കാത്തു നില്‍ക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. അഞ്ച് മത്സരങ്ങള്‍ അടങ്ങിയതാണ് പരമ്പര. ഈ മാസം 12, 14, 16, 18, 20 തീയതികളിലാണ് ടി20 പോരാട്ടങ്ങള്‍. 

ഓപണര്‍മാരുടെ രണ്ട് സ്ഥാനങ്ങളിലേക്ക് രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, കെഎല്‍ രാഹുല്‍ എന്നിവരാണ് അവസരം കാത്തിരിക്കുന്നത്. നാലാം നമ്പറിലേക്ക് ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ് എന്നിവരാണ്. പരിക്ക് മാറി ഭുവനേശ്വര്‍ കുമാര്‍ തിരിച്ചെത്തുമ്പോള്‍ പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ജസ്പ്രിത് ബുമ്‌റയ്ക്ക് പകരക്കാരനായി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്തായാലും ടീം തിരഞ്ഞെടുപ്പ് വലിയ കഷ്ടപ്പാടാണ് മാനേജ്‌മെന്റിന് നല്‍കുക എന്നത് വ്യക്തം. 

ഓപണിങിലെ വിഷമവൃത്തം

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഉടനീളം ഭേദപ്പെട്ട ബാറ്റിങ് പുറത്തെടുത്ത ഏക താരം രോഹിത് ശര്‍മയാണ്. നിലവില്‍ ഫോമില്‍ നില്‍ക്കുന്നതിനാല്‍ ഓപണിങ് സ്ഥാനത്ത് രോഹിത് ഒരു സ്ഥാനം ഉറപ്പിക്കും എന്ന് കരുതാം. രണ്ടാം സ്ഥാനത്തേക്ക് ധവാന്‍, രാഹുല്‍ എന്നിവരില്‍ ഒരാള്‍ക്കാണ് അവസരം. അഞ്ച് മത്സരങ്ങളില്‍ റൊട്ടേഷന്‍ സമ്പ്രദായം നടപ്പാക്കിയാല്‍ മൂന്ന് പേര്‍ക്കും അവസരമുണ്ട്. അതല്ലെങ്കില്‍ രോഹിത്- രാഹുല്‍ സഖ്യത്തിനാണ് ഉറപ്പ് കൂടുതലുള്ളത്. ഇനി ധവാന്‍- രോഹിത് സഖ്യമാണെങ്കില്‍ സ്വാഭാവികമായും രാഹുല്‍ മധ്യനിരയിലേക്ക് ഇറങ്ങി ബാറ്റ് വീശും. 

നാലാം നമ്പര്‍

ടി20 പോരാട്ടത്തില്‍ നാലാം നമ്പറില്‍ ബാറ്റ് വീശാന്‍ നിലവില്‍ ഏറ്റവും യോഗ്യനായി നില്‍ക്കുന്നത് ശ്രേയസ് അയ്യര്‍ തന്നെ. എന്നാല്‍ ടി20 പരമ്പരയിലേക്ക് നടാടെ ഇന്ത്യന്‍ ടീമിനായി കളിക്കാന്‍ സൂര്യകുമാര്‍ യാദവിന് വിളി വന്നതോടെ അയ്യര്‍ക്ക് ഈ സ്ഥാനത്തേക്ക് വെല്ലുവിളി ഉയര്‍ന്നു കഴിഞ്ഞു. ഈ സ്ഥാനത്തേക്ക് ഇരുവരും തമ്മിലായിരിക്കും മത്സരം. 

ഋഷഭ് പന്ത്- ഇഷാന്‍ കിഷന്‍

ടീമിലേക്ക് വിളിക്കപ്പെട്ട വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍മാര്‍ രണ്ട് പേരാണ്. ഋഷഭ് പന്തും ഇഷാന്‍ കിഷനും. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരായ രണ്ട് ഉജ്ജ്വല ടെസ്റ്റ് സെഞ്ച്വറികളിലൂടെ ക്രിക്കറ്റ് ആരധകരുടെ കണ്ണിലുണ്ണിയായി മാറിയ താരമാണ് ഋഷഭ് പന്ത്. അസ്ഥിരതയ്ക്ക് ഏറെ പഴി കേട്ടെങ്കിലും അവശ്യ സമയത്ത് നിര്‍ഭയനായി ബാറ്റ് വീശുന്ന പന്തിന്റെ മികവാണ് ഇപ്പോള്‍ താരത്തെ ശ്രദ്ധേയനാക്കി നിര്‍ത്തുന്നത്. അതേസമയം ഐപിഎല്ലിലും ഡൊമസ്റ്റിക്ക് തലത്തിലും ഇഷാന്‍ മിന്നും ഫോമിലാണ്. ഒരുപക്ഷേ ടീം സെലക്ഷനില്‍ ഏറ്റവും വലിയ തലവേദന വരാന്‍ പോകുന്നതും ഇവരില്‍ ആരെ തള്ളും കൊള്ളും എന്ന കാര്യത്തിലാവും. 

യുസ്‌വേന്ദ്ര ചഹലിന്റെ പങ്കാളി

ചഹലായിരിക്കും ടീമിലെ പ്രധാന സ്പിന്നര്‍ എന്ന കാര്യത്തില്‍ തര്‍ക്കമില്ല. രണ്ട്, മൂന്ന് സ്പിന്നര്‍മാരെ ടീമിലേക്ക് പരിഗണിക്കുമ്പോള്‍ ആര് ടീമിലെത്തും എന്നതാണ് ആകാംക്ഷ നിറയ്ക്കുന്നത്. മിന്നും ഫോമിലുള്ള അക്‌സര്‍ പട്ടേല്‍, വാഷിങ്ടന്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, രാഹുല്‍ തേവാതിയ എന്നിവര്‍ അവസരം കാത്ത് നില്‍ക്കുന്നു. അവശ്യ ഘട്ടങ്ങളില്‍ വലിച്ചടിക്കാന്‍ കെല്‍പ്പുള്ള താരമെന്ന അധിക ആനുകൂല്യം തേവാതിയയ്ക്കുണ്ട്. 

ഇടമില്ലാതെ ​ദീപക് ചഹർ

ഭുവനേശ്വര്‍ കുമാര്‍ ബുമ്‌റയുടെ പകരക്കാരനായി വരുന്നതോടെ വഴിയടയാന്‍ സാധ്യത ദീപക് ചഹറിനാണ്. ഭുവനേശ്വറിന് കൂട്ടായി ശാര്‍ദുല്‍ ഠാക്കൂര്‍, ടി നടരാജന്‍, നവ്ദീപ് സെയ്‌നി എന്നിവരില്‍ രണ്ട് പേര്‍ക്കായിരിക്കും അവസരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com