ഹരിയാനയോട് നാലു റണ്‍സിന് തോറ്റു ; വമ്പന്മാരെ വിറപ്പിച്ചെത്തിയ കേരളം ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്

അവസാന ഓവര്‍ വരെ പൊരുതിയ സച്ചിന്‍ ബേബിയാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍
ക്രിക്കറ്റ് താരങ്ങള്‍ / ബിസിസിഐ ട്വിറ്റര്‍ ചിത്രം
ക്രിക്കറ്റ് താരങ്ങള്‍ / ബിസിസിഐ ട്വിറ്റര്‍ ചിത്രം

മുംബൈ : സയീദ് മുഷ്താഖ് അലി ട്രോഫിയില്‍ ക്വാര്‍ട്ടര്‍ഫൈനല്‍ കാണാതെ കേരളം പുറത്ത്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ഹരിയാനയോട് നാലു റണ്‍സിന് തോറ്റതോടെയാണ് കേരളം നോക്കൗട്ട് കാണാതെ പുറത്തായത്. ഹരിയാന മുന്നോട്ടുവെച്ച 199 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളത്തിന് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് ആണ് നേടാനായത്. 

അവസാന ഓവര്‍ വരെ പൊരുതിയ സച്ചിന്‍ ബേബിയാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. 36 പന്തില്‍ മൂന്നു ഫോറും ആറു സിക്‌സും സഹിതം 68 റണ്‍സാണ് സച്ചിന്‍ നേടിയത്. ക്യാപ്റ്റന്‍ സഞ്ജു സാംസണും അര്‍ധസെഞ്ചുറി നേടി. 31 പന്തില്‍ സഞ്ജു, അഞ്ച് ഫോറും മൂന്നു സിക്‌സും സഹിതം 51 റണ്‍സെടുത്തു. 

മുഹമ്മദ് അസ്ഹറുദ്ദീന്‍ (25 പന്തില്‍ 35), റോബിന്‍ ഉത്തപ്പ (ഒന്‍പത് പന്തില്‍ എട്ട്), വിഷ്ണു വിനോദ് (10 പന്തില്‍ 10), സല്‍മാന്‍ നിസാര്‍ (ഏഴു പന്തില്‍ അഞ്ച്) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോര്‍. അക്ഷയ് ചന്ദ്രന്‍ (നാല്), ജലജ് സക്‌സേന (ഒന്ന്) എന്നിവര്‍ പുറത്താകാതെ നിന്നു.

ഹരിയാനയ്ക്കായി സുമിത് കുമാര്‍ രണ്ട് ഓവറില്‍ 16 റണ്‍സ് വഴങ്ങിയും അരുണ്‍ ചപ്രാന നാല് ഓവറില്‍ 49 റണ്‍സ് വഴങ്ങിയും രണ്ടു വിക്കറ്റെടുത്തു. യുസ്‌വേന്ദ്ര ചാഹലിനും ഒരു വിക്കറ്റ് ലഭിച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഹരിയാന, നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് 198 റണ്‍സെടുത്തത്. ഹരിയാനയ്ക്കായി ശിവം ചൗഹാന്‍ അര്‍ധസെഞ്ചുറി നേടി. 

ചൗഹാന്‍ 34 പന്തില്‍, ആറു ഫോറും രണ്ടു സിക്‌സും സഹിതം 59 റണ്‍സെടുത്തു. ഓപ്പണര്‍ ചൈതന്യ ബിഷ്‌ണോയ്  45 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച രാഹുല്‍ തെവാത്തിയ -സുമിത് കുമാര്‍ സഖ്യമാണ് ഹരിയാനയുടെ സ്‌കോര്‍ 200ന് അടുത്തെത്തിച്ചത്. തെവാത്തിയ 26 പന്തില്‍ 41 റണ്‍സോടെയും സുമിത് 10 പന്തില്‍ 21 റണ്‍സോടെയും പുറത്താകാതെ നിന്നു. തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലും ജയിച്ച ഹരിയാന 20 പോയിന്റുമായി നോക്കൗട്ടില്‍ കടന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com