15 സീസണിനിടെ ആദ്യം; ഐപിഎൽ സ്പോൺസർഷിപ്പ് വരുമാനം '1,000 കോടി' കവി‍ഞ്ഞു; റെക്കോർഡ്

സെന്‍ട്രല്‍ സ്‌പോണ്‍സര്‍ഷിപ്പിലൂടെ കഴിഞ്ഞ 15 സീസണുകളില്‍ നിന്നായി ബിസിസിഐ സമ്പാദിച്ച പണമാണ് ഈ സീസണോടെ ആയിരം കോടി കടക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: ഐപിഎല്‍ പണം വാരി ലീഗാണെന്ന് പൊതുവെ പറയാറുണ്ട്. ഇക്കാര്യം പൂര്‍ണമായി ശരിവയ്ക്കുന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. 15ാം സീസണിലെ പോരാട്ടം തുടങ്ങാനിരിക്കെ ഐപിഎല്‍ സ്‌പോണ്‍സര്‍ഷിപ്പിലൂടെ ബിസിസിഐയുടെ നേട്ടം ഈ വര്‍ഷം 1,000 കോടി കടക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്‍സൈഡ് സ്‌പോര്‍ടാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 

സെന്‍ട്രല്‍ സ്‌പോണ്‍സര്‍ഷിപ്പിലൂടെ കഴിഞ്ഞ 15 സീസണുകളില്‍ നിന്നായി ബിസിസിഐ സമ്പാദിച്ച പണമാണ് ഈ സീസണോടെ ആയിരം കോടി കടക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. റെക്കോര്‍ഡ് സ്‌പോണ്‍സര്‍ഷിപ്പ് വരുമാനമാണിതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

ബിസിസിഐ ഈ വര്‍ഷം ടൈറ്റില്‍ സ്‌പോണ്‍സര്‍മാരായി ടാറ്റയുമായും അസോസിയേറ്റ് സ്‌പോണ്‍സര്‍മാരായി മറ്റ് രണ്ട് കമ്പനികളുമായും കരാറുണ്ടാക്കിയിരുന്നു. റുപെ, സ്വിഗ്ഗി ഇന്‍സ്റ്റമാര്‍ട്ട് എന്നീ കമ്പനികളാണ് അസോസിയേറ്റ് സ്‌പോണ്‍സര്‍മാര്‍. 

ഇതാദ്യമായി ഒന്‍പത് സ്‌പോണ്‍സര്‍ഷിപ്പ് സ്ലോട്ടുകളിലും വിവിധ കമ്പനികളുമായി കരാറിലെത്താനും ബിസിസിഐയ്ക്ക് സാധിച്ചു. ഇത്തരത്തില്‍ സ്‌പോണ്‍സര്‍ഷിപ്പിലെ വര്‍ധനവാണ് ബിസിസിഐയുടെ വരുമാനത്തില്‍ കുതിച്ചുകയറ്റമുണ്ടായത്. 

രണ്ട് വഴികളിലൂടെയാണ് ഇത്തവണ ബിസിസിഐയ്ക്ക് നേട്ടം. ഒന്ന് സ്വിഗ്ഗി, റുപെ എന്നീ കമ്പനികളുമായുള്ള ഇടപാടില്‍ ഈ വര്‍ഷം 48-50 കോടി ബിസിസിഐയ്ക്ക് ലഭിക്കും. 

ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് ഡീലില്‍ നിന്നാണ് ബിസിസിഐയുടെ രണ്ടാമത്തെ നേട്ടം. ടാറ്റ ഗ്രൂപ്പ് 335 കോടി ബിസിസിഐയ്ക്ക് നല്‍കും. ഇത് വിവോ നല്‍കിയതിനേക്കാള്‍ കുറവാണ്. എന്നിട്ടും ബിസിസിഐക്ക് ഏകദേശം 30-40 ശതമാനം കൂടുതല്‍ വരുമാനം ഇതുവഴി ലഭിക്കും.

വിവോയില്‍ നിന്ന് ടാറ്റയ്ക്ക് ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് കൈമാറിയ ഘട്ടത്തിലും ബിസിസിഐ സവിശേഷ കരാറുണ്ടാക്കിയിരുന്നു. ടാറ്റയ്ക്ക് കുറഞ്ഞ നിരക്കില്‍ സ്‌പോണ്‍സര്‍ഷിപ്പ് കൈമാറിയെങ്കിലും ഇതിലെ നഷ്ടം വിവോ നികത്തുന്ന തരത്തിലാണ് കരാര്‍. ഇതോടെ വിവോയില്‍ നിന്ന് കരാര്‍ ചെയ്ത തുക ബിസിസിഐക്ക് ലഭിക്കുമെന്ന് മാത്രമല്ല, ഐപിഎല്‍ 2022, ഐപിഎല്‍ 2023 എന്നിവയ്ക്കായുള്ള മത്സരങ്ങളുടെ എണ്ണം കൂടുന്നതും ആനുപാതിക വരുമാന വര്‍ധനയ്ക്കാണ് വഴിയൊരുക്കുന്നത്. 

വരാനിരിക്കുന്ന രണ്ട് സീസണുകളിലെ മത്സരങ്ങളുടെ എണ്ണം വര്‍ധിച്ചതിനാല്‍ ഐപിഎല്‍ 2022ന് 484 കോടി രൂപയും ഐപിഎല്‍ 2023ന് 512 കോടി രൂപയും നല്‍കാമെന്ന് വിവോ സമ്മതിച്ചിരുന്നു. അടുത്ത രണ്ട് സീസണുകളിലായി 996 കോടി രൂപയാണ് വിവോ ബിസിസിഐക്ക് നല്‍കേണ്ടിയിരുന്നത്. ഇപ്പോള്‍ ടാറ്റ ഗ്രൂപ്പ് ഇതേ കാലയളവില്‍ വെറും 670 കോടി രൂപ വാഗ്ദാനം ചെയ്തതോടെ നഷ്ടം വിവോ വഹിക്കും. മാത്രമല്ല വിവോ ബിസിസിഐക്ക് 'ട്രാന്‍സ്ഫര്‍ ഫീ' നല്‍കുകയും ചെയ്യും. ഇത്തരത്തില്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് സ്ലോട്ടില്‍ നിന്ന് ബിസിസിഐക്ക് 600 കോടി രൂപ അധികമായി ലഭിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com