റാസയും സാം കറനും തിളങ്ങി; ലഖ്‌നൗവിനെ തകര്‍ത്ത് പഞ്ചാബ്

ഐപിഎല്ലില്‍ ആദ്യ അര്‍ധസെഞ്ച്വറി കുറിച്ച റാസ, 41 പന്തില്‍ 57 റണ്‍സെടുത്തു
സിക്കന്ദര്‍ റാസയുടെ ബാറ്റിങ്ങ്/ പിടിഐ
സിക്കന്ദര്‍ റാസയുടെ ബാറ്റിങ്ങ്/ പിടിഐ

ലഖ്‌നൗ: ഐപിഎല്ലില്‍ വിജയവഴിയില്‍ തിരിച്ചെത്തി പഞ്ചാബ് കിങ്‌സ്. ലഖ്‌നൗവിനെ രണ്ടു വിക്കറ്റിന് തോല്‍പ്പിച്ചു. മധ്യനിര താരം സിക്കന്ദര്‍ റാസയുടെ ചെറുത്തുനില്‍പ്പാണ് പഞ്ചാബ് വിജയത്തില്‍ നിര്‍ണായകമായത്. 

ലഖ്‌നൗ മുന്നോട്ടുവെച്ച 160 റണ്‍സ് വിജയലക്ഷ്യം, മൂന്നു പന്തു ശേഷിക്കെ പഞ്ചാബ് എട്ടു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. മികച്ച ബാറ്റിങ്ങ് പുറത്തെടുത്ത സിക്കന്ദര്‍ റാസയുടെ മികവിലാണ് പഞ്ചാബിന്റെ ജയം. ഐപിഎല്ലില്‍ ആദ്യ അര്‍ധസെഞ്ച്വറി കുറിച്ച റാസ, 41 പന്തില്‍ 57 റണ്‍സെടുത്തു. 

ഷാറൂഖ് ഖാന്‍ 10 പന്തില്‍ 23 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. മാത്യു ഷോര്‍ട്ട് 34 ഉം, ഹര്‍പ്രീത് സിങ് 22 ഉം റണ്‍സെടുത്ത് പുറത്തായി. 17 റണ്‍സെടുക്കുന്നതിനിടെ രണ്ട് ഓപ്പണര്‍മാരെയും പുറത്താക്കി ലഖ്‌നൗവിന്റെ അരങ്ങേറ്റതാരം യുദ്ധവീര്‍ സിങ് പഞ്ചാബിനെ ഞെട്ടിച്ചിരുന്നു. 

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റില്‍ 159 റണ്‍സെടുത്തു. നായകന്‍ കെ എല്‍ രാഹുലിന്റെ തകര്‍പ്പന്‍ അര്‍ധസെഞ്ച്വറിയാണ് ലഖ്‌നൗ ഇന്നിംഗ്‌സിന് കരുത്തായത്. രാഹുല്‍ 56 പന്തില്‍ 74 റണ്‍സെടുത്തു. ഒരു സിക്സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്സ്. ഇതോടെ ഐപിഎല്ലില്‍ വേഗത്തില്‍ 4000 റണ്‍സെന്ന റെക്കോഡും രാഹുല്‍ സ്വന്തമാക്കി. 

ഓപ്പണര്‍ കൈല്‍ മയേഴ്‌സ് 29 റണ്‍സെടുത്തു. ക്രൂണാല്‍ പാണ്ഡ്യ 18, മാര്‍ക് സ്റ്റോയ്‌നിസ് 15 എന്നിവരാണ് രണ്ടക്കം കണ്ട മറ്റ് ലഖ്‌നൗ ബാറ്റര്‍മാര്‍. മൂന്നു വിക്കറ്റ് വീഴ്ത്തിയ സാം കരന്‍ ആണ് ലഖ്‌നൗവിനെ തകര്‍ത്തത്. റബാദ രണ്ടു വിക്കറ്റെടുത്തു. പരിക്കേറ്റ ശിഖര്‍ ധവാന് പകരം സാം കറന്‍ ആണ് പഞ്ചാബിനെ നയിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com