നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം ; മര്യാദയുടെയും മാന്യതയുടെയും പരിധി ലംഘിക്കുന്നുവെന്ന് സ്പീക്കര്‍ ; മുന്‍വിധിയോടെ പെരുമാറുന്നുവെന്ന് പ്രതിപക്ഷം; സഭ ഇന്നത്തേക്ക് പിരിഞ്ഞു

ശബരിമല വിഷയത്തില്‍ വിശദമായ ചര്‍ച്ച നടന്നുവെന്നും സഭ തടസപ്പെടുത്തരുതെന്നും സ്പീക്കര്‍
നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം ; മര്യാദയുടെയും മാന്യതയുടെയും പരിധി ലംഘിക്കുന്നുവെന്ന് സ്പീക്കര്‍ ; മുന്‍വിധിയോടെ പെരുമാറുന്നുവെന്ന് പ്രതിപക്ഷം; സഭ ഇന്നത്തേക്ക് പിരിഞ്ഞു


തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് പ്രതിപക്ഷം ബഹളം തുടരുന്നത്. ബഹളം രൂക്ഷമായതോടെ 25 മിനുട്ടിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു. 

രാവിലെ സഭ സമ്മേളിച്ച ഉടന്‍ ശബരിമല വിഷയം ഉന്നയിച്ച് സ്പീക്കറുടെ കാഴ്ച മറച്ച് പോഡിയത്തിനു മുന്നില്‍ കയറി അംഗങ്ങള്‍ മുദ്രാവാക്യം മുഴക്കി. അംഗങ്ങള്‍ മര്യാദയുടെയും മാന്യതയുടെയും പരിധി ലംഘിക്കുന്നുവെന്ന് സ്പീക്കര്‍ പറഞ്ഞു.  സ്പീക്കര്‍ മുന്‍വിധിയോടെ പെരുമാറുന്നുവെന്ന് പ്രതിപക്ഷവും തിരിച്ചടിച്ചു. 

ചോദ്യോത്തരവേള ഒഴിവാക്കി വിഷയം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എന്നാല്‍ ശബരിമല വിഷയത്തില്‍ വിശദമായ ചര്‍ച്ച നടന്നുവെന്നും സഭ തടസപ്പെടുത്തരുതെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിനും മന്ത്രിമാര്‍ക്കും ആരോപണങ്ങള്‍ ഉന്നയിക്കാം. അതിന് പക്ഷേ സഭ വേദിയാക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഒരേ വിഷയം നിരവധി തവണ സഭ ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് പ്രതിപക്ഷവും പ്രതികരിച്ചു. 

ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, തീര്‍ഥാടകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്നിവ ഉയര്‍ത്തിയാണ് പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷം മര്യാദയുടെ എല്ലാ സീമകളും ലംഘിക്കുന്നുവെന്ന് സ്പീക്കര്‍ പറഞ്ഞു. അറിയപ്പെടാത്ത എതോ ലഹരി കഴിച്ചിട്ടാണ് പ്രതിപക്ഷം ഇവിടെ ബഹളം ഉണ്ടാക്കുന്നതെന്ന് സര്‍ക്കാര്‍ ആരോപിച്ചു. പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് ചോദ്യോത്തരവേള സ്പീക്കര്‍ റദ്ദാക്കുകയായിരുന്നു. ഇന്നലെയും പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് 21 മിനുട്ടുമാത്രമാണ് സഭ ചേര്‍ന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com