തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ വെന്നിക്കൊടി നാട്ടി ഇടതുപക്ഷം ; ഇരുപതില്‍ പതിമൂന്നും എല്‍ഡിഎഫിന്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th October 2018 12:29 PM  |  

Last Updated: 12th October 2018 12:29 PM  |   A+A-   |  


കൊച്ചി : തിരുവനന്തപുരം സംസ്ഥാനത്തെ പത്ത് ജില്ലകളിലെ 20 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വന്‍ മുന്നേറ്റം.  20ല്‍ 13 വാര്‍ഡിലും എല്‍ഡിഎഫ് വിജയിച്ചു. നാലെണ്ണം യുഡിഎഫില്‍ നിന്ന് പിടിച്ചെടുത്തപ്പോള്‍, എടക്കാട് ബ്ലോക്ക് പഞ്ചായത്തിലെ പരമ്പരാഗത കോണ്‍ഗ്രസ് വാര്‍ഡില്‍ സിപിഎം അട്ടിമറി വിജയവും കരസ്ഥമാക്കി. ആറിടത്താണ് യുഡിഎഫിന് വിജയിച്ചത്. കഴിഞ്ഞതവണ യുഡിഎഫ് വിജയിച്ച ഒരു വാര്‍ഡ് ബിജെപി നേടി.

എറണാകുളം പോത്താനിക്കാട്ടെ തൃക്കേപ്പടി വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഗീത ശശികുമാര്‍ (സിപിഐ) വിജയിച്ചു. കോണ്‍ഗ്രസിലെ ലിറ്റി ബാബുവിനെ 28 വോട്ടിനാണ് തോല്‍പ്പിച്ചത്. മഴുവന്നൂരിലെ ചീനിക്കുഴയില്‍ കോണ്‍ഗ്രസ് വിജയിച്ചു. കോണ്‍ഗ്രസ് അംഗം എന്‍ ടി ജോര്‍ജ് അപകടത്തില്‍ മരിച്ചതിനെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍, ജോര്‍ജിന്റെ മകന്‍ ബേസില്‍ ജോര്‍ജ് സിപിഎമ്മിലെ എന്‍ ടി സന്തോഷിനെ പരാജയപ്പെടുത്തി.

ബത്തേരി നഗരസഭയിലെ മന്നം കൊല്ലി ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥി ഷേര്‍ളി കൃഷ്ണന്‍ 150 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചു. പാലക്കാട് ജില്ലയിലെ കിഴക്കഞ്ചേരി ഇളംങ്കാവ് വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ ഡി എഫ് പിടിച്ചെടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ രാമകൃഷ്ണന്‍ 213 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. തിരുവേഗപ്പുറയിലെ ആമപ്പൊറ്റയില്‍ യുഡിഎഫ് വിജയിച്ചു.

കൊല്ലം ജില്ലയില്‍ ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ വടക്ക് നാലാം വാര്‍ഡിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്ന് എല്‍ഡിഎഫ് വാര്‍ഡ് പിടിച്ചെടുത്തു. ഇടതുസ്ഥാനാര്‍ഥി  ശശീന്ദ്രന്‍ പിള്ള വിജയിച്ചു. ഭരണിക്കാവ് ടൗണില്‍ എല്‍ഡിഎഫ്  സ്ഥാനാര്‍ഥി ബിന്ദു ഗോപാലകൃഷ്ണന്‍ വിജയിച്ചു. ഉമ്മന്നൂര്‍  കമ്പംകോട് പതിനൊന്നാം വാര്‍ഡ് യുഡിഎഫ് വിജയിച്ചു. തൃശൂര്‍ കൈപമംഗലം ഗ്രാമ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ്.സ്ഥാനാര്‍ത്ഥി ജാന്‍സി 65 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. 

കോഴിക്കോട് ആയഞ്ചേരിയിലെ പൊയില്‍പാറ വാര്‍ഡില്‍  സിപിഎമ്മിലെ സുനിത മലയില്‍ വിജയിച്ചു. 226 വോട്ടിന്റെ ഭൂരിപക്ഷം.യുഡിഎഫിലെ ഉഷ നാലുപുരയ്ക്കലിനെയാണ് തോല്‍പ്പിച്ചത്. വണ്ടന്‍മേട് അഞ്ചാം വാര്‍ഡ് കോണ്‍ഗ്രസില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തു. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മൂന്നാംസ്ഥാനത്തായി. ബിജെപിയാണ് രണ്ടാം സ്ഥാനത്ത്. വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഇഞ്ചിക്കാട് വാര്‍ഡില്‍ എല്‍ഡിഎഫിലെ പി സി സുഗന്ധി വിജയിച്ചു. നെടുങ്കണ്ടം പഞ്ചായത്ത് നെടുങ്കണ്ടം ഈസ്റ്റ് വാര്‍ഡില്‍  യുഡിഎഫ് സ്ഥാനാര്‍ഥി ബിന്ദു നെടുംപാറയ്ക്കല്‍ വിജയിച്ചു.

കണ്ണൂര്‍ ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന നാലിടത്തും എല്‍ഡി എഫ് വിജയിച്ചു. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് കൊളച്ചേരി ഡിവിഷനില്‍ എല്‍ഡിഎഫ് അട്ടിമറി വിജയം നേടി. നിലവില്‍ യുഡിഎഫിന്റെ കുത്തകയായിരുന്ന കൊളച്ചേരിസീറ്റ് എല്‍ഡിഎഫ് 35 വോട്ടിനാണ് വിജയിച്ചത്. സിപിഎം  മയ്യില്‍ ഏരിയാ കമ്മറ്റി അംഗം കെ.അനില്‍ കുമാറാണ് വിജയിച്ചത്..

തലശേരി നഗരസഭ ആറാം വാര്‍ഡ് കാവുംഭാഗം ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചു. സിപിഐ എം സ്ഥാനാര്‍ഥി കെ എന്‍ അനീഷ് 475 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. മാങ്ങാട്ടിടം പഞ്ചായത്ത് കൈതേരി 12 മൈല്‍ വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ത്ഥി കാഞ്ഞന്‍ ബാലന്‍ വിജയിച്ചു. കണ്ണപുരം പഞ്ചായത്ത് കയറ്റീല്‍ വാര്‍ഡില്‍ പി വി ദാമോദരന്‍ (സിപിഎം) വിജയിച്ചു. തിരുവനന്തപുരം നന്ദിയോട് മീന്‍മുട്ടി വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആര്‍ പുഷ്പന്‍ 106 വോട്ടിന് വിജയിച്ചു. 

നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ 28ാം മൈല്‍ വാര്‍ഡ് കോണ്‍ഗ്രസില്‍ നിന്നും ബിജെപി പിടിച്ചെടുത്തു. യുഡിഎഫ് കോട്ടയില്‍ 34 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബിജെപി സ്ഥാനാര്‍ത്ഥിയുടെ വിജയം. താനൂര്‍ ബ്ലോക്ക് മുസ്ലിം ലീഗ് സ്ഥാനാര്‍ഥി പി വി അഷ്‌റഫ് വിജയിച്ചു. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ 16 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ ഓരോ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും വയനാട്, കണ്ണൂര്‍ ജില്ലകളിലെ ഓരോ നഗരസഭാ വാര്‍ഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.