കോണ്‍ഗ്രസ് ഇപ്പോഴും പണ്ട് ആനയുണ്ടായിരുന്നെന്ന മട്ടില്‍ : പരിഹാസവുമായി മുഖ്യമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd April 2019 05:29 PM  |  

Last Updated: 02nd April 2019 05:29 PM  |   A+A-   |  

 

കോഴിക്കോട് : ബിജെപി വിരുദ്ധ വോട്ടുകള്‍ ശിഥിലമാകുന്നതിലാണ് കോണ്‍ഗ്രസിന്റെ ശ്രദ്ധയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് ഇപ്പോഴും പണ്ട് ആനയുണ്ടായിരുന്നെന്ന മട്ടിലാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു. കോഴിക്കോട് ബാലുശ്ശേരിയില്‍ തെരഞ്ഞെടുപ്പ് പരിപാടിയില്‍ പ്രസംഗിക്കുമ്പോഴായിരുന്നു പിണരായിയുടെ പരിഹാസം. 

കോണ്‍ഗ്രസുകാര്‍ എന്തെല്ലാമോ ധാരണയിലാണ്. ആ കാലമൊക്കെ പോയി. പണ്ട് കോണ്‍ഗ്രസ് ഭരിച്ച സംസ്ഥാനങ്ങളിലൊക്കെ ഇപ്പോള്‍ ആ പാര്‍ട്ടിയുടെ അവസ്ഥ എന്താണ്. ഗോവയില്‍ വലിയ കക്ഷിയാണ് കോണ്‍ഗ്രസ്. എന്നാല്‍ സര്‍ക്കാരുണ്ടാക്കിയത് ബിജെപിയാണ്. എങ്ങനെയാണ് അത് സാധിച്ചത്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേക്കേറിയതോടെയാണ് അവര്‍ക്ക് അധികാരത്തിലേറാന്‍ അവസരമൊരുങ്ങിയത്. 

ത്രിപുരയില്‍ മരുന്നിന് കൂട്ടാന്‍ പോലും ബിജെപി ഉണ്ടായിരുന്നില്ല. കോണ്‍ഗ്രസിന്റെ പ്രതിപക്ഷ നേതാവ് ഉള്‍്‌പ്പെടെ കോണ്‍ഗ്രസ് എംഎല്‍എമാരും കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയിലെ ഏതാണ്ട് മുഴുവന്‍ പേരും ബിജെപിക്കാരായി. ഇങ്ങനെയൊരു നാണം കെട്ട പാര്‍ട്ടിയെ കാണാനുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു. 

മതനിരപേക്ഷത ഇല്ലാതാക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് രാജ്യം ഭരിക്കുന്നത്. സാമ്പത്തിക നയം വന്നാല്‍ ഇരുകൂട്ടര്‍ക്കും രേ സമീപനമാണ്. ഭരണഘടനക്കെതിരെ വെല്ലുവിളി ഉയര്‍പ്പോഴൊക്കെ ജനങ്ങള്‍ അതിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ബിജെപി വിരുദ്ധ സഖ്യം തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കും. യുപിയില്‍ എസ്പി ബിഎസ്പി സഖ്യം സീറ്റുകള്‍ തൂത്തുവാരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

നോട്ടുകെട്ടുകള്‍ കാണുമ്പോള്‍ ആട്ടിന്‍കുട്ടി പ്ലാവിലയ്ക്ക് പിന്നാലെ പോകുന്നതുപോലെ പോകുന്നവരെ തെരഞ്ഞെടുത്തിട്ട് കാര്യമില്ല. വിശ്വസ്തതയാണ് പ്രധാനം. മതനിരപേക്ഷതയുടെ കാര്യത്തില്‍ കോണ്‍ഗ്രസിനെ വിശ്വസിക്കാനാവില്ല. നമ്മുടെ വോട്ട് പാഴാകിപ്പോകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഈ തെരഞ്ഞെടുപ്പില്‍ 18 ല്‍ കൂടുതല്‍ സീറ്റുകള്‍ എല്‍ഡിഎഫിന് ലഭിക്കുമെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.