വൈദ്യുതിത്തൂണിനെ വിട്ടേക്കൂ!; തെരഞ്ഞെടുപ്പ് പരസ്യം പതിപ്പിച്ചാല്‍ കേസ്, പിഴ 

വൈദ്യുതിത്തൂണുകളില്‍ തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ പതിക്കുകയോ എഴുതുകയോ ചെയ്താല്‍ കെഎസ്ഇബിയുടെ കര്‍ശന നടപടി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: വൈദ്യുതിത്തൂണുകളില്‍ തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ പതിക്കുകയോ എഴുതുകയോ ചെയ്താല്‍ കെഎസ്ഇബിയുടെ കര്‍ശന നടപടി. നിയമം ലംഘിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കാനാണ് കെഎസ്ഇബി ഒരുങ്ങുന്നത്. 
ഇതിന്റെ ഭാഗമായി പൊതുമുതല്‍ നശീകരണത്തിന് കേസെടുക്കാന്‍ കെഎസ്ഇബി പൊലീസിന്റെ സഹായം തേടി.

സംസ്ഥാനത്തെങ്ങും വൈദ്യുതിത്തൂണുകളില്‍ പാര്‍ട്ടി ചിഹ്നങ്ങളും മുദ്രാവാക്യങ്ങളും പതിക്കുന്നത് വ്യാപകമായ സാഹചര്യത്തിലാണ് നടപടി. 
വൈദ്യുതിത്തൂണുകളിലെ ചുവരെഴുത്തുകള്‍ കരിഓയിലടിച്ചു മായ്ക്കാന്‍ സംസ്ഥാനം മുഴുവന്‍ ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡുകള്‍ക്ക് നിര്‍ദേശമുണ്ട്.

ഇതിനുള്ള മുഴുവന്‍ ചെലവും അതതു പാര്‍ട്ടികളില്‍ നിന്ന് ഈടാക്കും. 25,000 രൂപ മുതല്‍ 30,000 രൂപ വരെയാണ് പിഴയെന്ന് അറിയുന്നു. തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനു മുന്‍പു തന്നെ വിവിധ രാഷ്ട്രീയ കക്ഷികള്‍ വൈദ്യുതിത്തൂണുകള്‍ 'കയ്യേറിയിരുന്നു'. പാര്‍ട്ടി ചിഹ്നങ്ങള്‍ പതിച്ചും 'ബുക്ക്ഡ്' എന്നെഴുതിയും ഫ്‌ലക്‌സുകള്‍ തൂക്കിയും വൈദ്യുതിത്തൂണുകള്‍ പ്രചാരണ ഇടമാക്കി. ഇതോടെയാണ് കെഎസ്ഇബി പൊലീസിന്റെ സഹായം തേടിയത്. വൈദ്യുതിത്തൂണുകളില്‍ പരസ്യം പതിച്ച സ്ഥലത്തെല്ലാം പൊതുമുതല്‍ നശീകരണത്തിനു കേസെടുത്തു തുടങ്ങിയിട്ടുണ്ട്. തൃശൂര്‍ ജില്ലയില്‍ വടക്കേക്കാട് പൊലീസ് സ്‌റ്റേഷനിലാണ് ആദ്യം കേസെടുത്തത്.

വൈദ്യുതിത്തൂണുകളിലെ തെരഞ്ഞെടുപ്പു പരസ്യങ്ങള്‍ കരിഓയിലടിച്ചു മായ്ക്കണമെന്നാണ് ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡുകള്‍ക്കു ലഭിച്ചിരിക്കുന്ന നിര്‍ദേശം. എന്നാല്‍, കരിഓയിലടിച്ച തൂണുകളില്‍ കയറാന്‍ കഴിയില്ലെന്നു കെഎസ്ഇബി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. പരസ്യങ്ങള്‍ വെള്ളയടിച്ചു മായ്ച്ചാല്‍ മതിയെന്നാണ് ഇവരുടെ നിര്‍ദേശം. എന്നാല്‍, വെള്ളയടിച്ചു മായ്ച്ചാല്‍ വീണ്ടും പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ ഇടയുണ്ടെന്ന് ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡ്  പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com