പിതൃത്വത്തിൽ സംശയിച്ച് ഗർഭിണിയായ ഭാര്യയെ ഉപേക്ഷിച്ചു; ഡിഎൻഎ പരിശോധിച്ചപ്പോൾ സ്വന്തം കുട്ടി; സംരക്ഷിക്കില്ലെന്ന നിലപാടുമായി യുവാവ്

ഡിഎൻഎ പരിശോധനയിൽ സ്വന്തം കുട്ടിയെന്നു തെളിഞ്ഞിട്ടും സംരക്ഷിക്കാനാവില്ലെന്ന നിലപാടുമായി യുവാവ്
പിതൃത്വത്തിൽ സംശയിച്ച് ഗർഭിണിയായ ഭാര്യയെ ഉപേക്ഷിച്ചു; ഡിഎൻഎ പരിശോധിച്ചപ്പോൾ സ്വന്തം കുട്ടി; സംരക്ഷിക്കില്ലെന്ന നിലപാടുമായി യുവാവ്

തിരുവനന്തപുരം: ഡിഎൻഎ പരിശോധനയിൽ സ്വന്തം കുട്ടിയെന്നു തെളിഞ്ഞിട്ടും സംരക്ഷിക്കാനാവില്ലെന്ന നിലപാടുമായി യുവാവ്. വനിതാ കമ്മീഷൻ അദാലത്തിലാണു സംഭവം. ഏഴ് മാസം ഗർഭിണിയായ ഭാര്യയെ ഉപേക്ഷിച്ച ഇയാൾ കുട്ടിയുടെ പിതൃത്വത്തിൽ സംശയിച്ചു കമ്മീഷനു പരാതി നൽകുകയായിരുന്നു. പ്രത്യേക സാഹചര്യം കണക്കിലെടുത്താണു പുരുഷന്റെ പരാതി കമ്മീഷൻ സ്വീകരിച്ചത്. 

തുടർന്നു നടത്തിയ ഡിഎൻഎ പരിശോധനയിൽ യുവാവാണു കുട്ടിയുടെ പിതാവെന്നു വ്യക്തമായി. എന്നിട്ടും ഭാര്യയെയും കുഞ്ഞിനെയും ഏറ്റെടുക്കാൻ കഴിയില്ലെന്ന് യുവാവ് ഇന്നലെ കമ്മീഷനെ അറിയിക്കുകയായിരുന്നു. പ്രശ്‌ന പരിഹാരത്തിനായി ഇയാളുടെ അമ്മയോട് അടുത്ത അദാലത്തിൽ ഹാജരാകാൻ ഉത്തരവു നൽകിയിട്ടുണ്ട്. യുവാവിന്റെ നടപടിയെ ശക്തമായി അപലപിച്ച കമ്മീഷൻ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും അറിയിച്ചിട്ടുണ്ട്. 

സഹപ്രവർത്തകർ തന്നോടു മോശമായി പെരുമാറിയെന്ന് ആരോപിച്ച് പിഎഫ് ഓഫീസിൽ ജോലി ചെയ്യുന്ന യുവതി കമ്മീഷനിൽ നൽകിയ പരാതിയും ശ്രദ്ധിക്കപ്പെട്ടു. എതിർകക്ഷി കമ്മീഷനിൽ ഹാജരായിട്ടും പരാതിക്കാരിയായ യുവതി ഹാജരായില്ല.

തുടർന്നു കമ്മീഷൻ നേരിട്ട് ഇവരുടെ ഓഫിസിൽ വിളിച്ച് അന്വേഷണം നടത്തി. കാരണം കൂടാതെ സഹപ്രവർത്തകർക്കെതിരെ ഇവർ തുടർച്ചയായി പരാതി നൽകുന്നതായും കണ്ടെത്തി. ഇതിനോടകം 13 പേർക്കെതിരെയാണ് പരാതി നൽകിയത്. എതിർകക്ഷിയുടെ ആരോപണം ഗൗരവമായി എടുത്തെന്നും വ്യാജ പരാതി നൽകിയ യുവതിക്കെതിരെ നടപടിയെടുക്കുമെന്നും കമ്മീഷൻ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com