യുഎപിഎയോട് യോജിപ്പില്ല; ഇതല്ല സര്‍ക്കാര്‍ നയം; വിദ്യാര്‍ഥികള്‍ക്കെതിരായ നടപടി പരിശോധിക്കുമെന്ന് പിണറായി

യുഎപിഎ ചുമത്തിയ ഉടനെ തന്നെ പ്രാബല്യത്തില്‍ വരില്ല  - സര്‍ക്കാരിന്റെ പരിശോധന നടക്കണം - ജസ്റ്റിസ് ഗോപിനാഥന്‍ കമ്മീഷന്റെ പരിശോധന നടക്കണമെന്നും പിണറായി
യുഎപിഎയോട് യോജിപ്പില്ല; ഇതല്ല സര്‍ക്കാര്‍ നയം; വിദ്യാര്‍ഥികള്‍ക്കെതിരായ നടപടി പരിശോധിക്കുമെന്ന് പിണറായി

തിരുവനന്തപുരം: കോഴിക്കോട് വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയ പൊലീസ് നടപടിയോട് യോജിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യുഎപിഎ കാര്യത്തില്‍ നേരത്തെ തന്നെ ഇടതുപക്ഷം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.  ഒട്ടേറെ ജനാധിപത്യകക്ഷികളും ആ നിലപാടാണ് സ്വീകരിച്ചതെന്ന് പിണറായി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

യുഎപിഎയുടെ കാര്യത്തില്‍ അടുത്തകാലത്ത് പാര്‍ലമെന്റില്‍ ഭേദഗതി വന്നപ്പോള്‍ കോണ്‍ഗ്രസ് ബിജെപിക്കൊപ്പം അതിനെ അനുകൂലിക്കുകയാണ് ചെയ്തത്. രാജ്യത്ത് അത്തരത്തിലൊരുനിയമം നിലനില്‍ക്കുന്നതിനോട് യോജിപ്പില്ല. കോഴിക്കോട് രരണ്ട് ചെറുപ്പക്കാരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതിന്  പൊലീസ് പറയുന്ന കാരണങ്ങളുമുണ്ട്. ഇവരുടെ പേരില്‍ യുഎപിഎ ചുമത്തിയിട്ടുണ്ട്. അതില്‍ ഒരാളുടെ മാതാപിതാക്കള്‍ എന്നെ വന്നു കണ്ടിരുന്നു. പരിശോധിക്കട്ടെയെന്ന് അവരോട് പറയുകയും ചെയ്തിരുന്നു.  യുഎപിഎ ചുമത്തിയ ഉടനെ തന്നെ പ്രാബല്യത്തില്‍ വരില്ല. സര്‍ക്കാരിന്റെ പരിശോധന നടക്കണം. അതിന് പുറമെ ജസ്റ്റിസ് ഗോപിനാഥന്‍ കമ്മീഷന്റെ പരിശോധന നടക്കണമെന്നും പിണറായി പറഞ്ഞു.

മാവോവാദി അനുകൂല ലഘുലേഖ കൈവശം വെച്ചതിന് കോഴിക്കോട് രണ്ടു വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് രംഗത്തെത്തിയിരുന്നു. അറസ്റ്റു ചെയ്യപ്പെട്ട ചെറുപ്പക്കാര്‍ക്ക് നേരെ യുഎപിഎ ചുമത്തരുതെന്ന നിലപാടാണ് സിപിഎമ്മിനുള്ളതെന്നും പ്രസ്താവനയില്‍ പറയുന്നു.

യുഎപിഎ ചുമത്തിയ നടപടി എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ തിരിച്ചുവിടാനുള്ള പ്രചരണങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തോടു കൂടിയുള്ളതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

വിഷയത്തില്‍ പോലീസിനോട് മുഖ്യമന്ത്രി വിശദീകരണം തേടിയിട്ടുണ്ട്. എല്‍ഡിഎഫ് ഭരണത്തില്‍ ഒരു നിരപരാധിയ്ക്കും നേരെ യുഎപിഎ ചുമത്തുമെന്ന് കരുതാനാവില്ല. ഇക്കാര്യത്തിലും അത്തരമൊരു സമീപനമാണ് എല്‍ഡിഎഫ് സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.

യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തിയതിനെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെ ഒരു ദിവസത്തിന് ശേഷമാണ് സിപിഎമ്മിന്റെ ഭാഗത്തുനിന്ന് ഔദ്യോഗികമായ പ്രതികരണം പുറത്തുവരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com