ക്വാറന്റൈൻ കഴിഞ്ഞു, കോവിഡുമില്ല; എന്നിട്ടും ഭർതൃ വീട്ടിലും സ്വന്തം വീട്ടിലും വിലക്ക്; ആരോ​ഗ്യ പ്രവർത്തകയും മക്കളും അഭയം തേടി അലഞ്ഞത് ഒരു ദിവസം മുഴുവൻ

ക്വാറന്റൈൻ കഴിഞ്ഞു, കോവിഡുമില്ല; എന്നിട്ടും ഭർതൃ വീട്ടിലും സ്വന്തം വീട്ടിലും വിലക്ക്; ആരോ​ഗ്യ പ്രവർത്തകയും മക്കളും അഭയം തേടി അലഞ്ഞത് ഒരു ദിവസം മുഴുവൻ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോട്ടയം: ബംഗളൂരുവിൽ നിന്ന് നാട്ടിലെത്തി ക്വാറന്റൈൻ കഴിഞ്ഞ് പുറത്തിറങ്ങിയ ആരോഗ്യ പ്രവർത്തകയ്ക്കും കുഞ്ഞുങ്ങൾക്കും സ്വന്തം വീട്ടിലും ഭർത്തൃ വീട്ടിലും വിലക്ക്. കുഞ്ഞുങ്ങളുമായി ഒരു പകൽ മുഴുവൻ അവർ കോട്ടയം നഗരത്തിൽ അലഞ്ഞു. ഒടുവിൽ യുവതിയെയും രണ്ട് മക്കളെയും പൊതുപ്രവർത്തകർ അഭയ കേന്ദ്രത്തിലാക്കി. കോവിഡ് പരിശോധനയിൽ ഇവർ നെഗറ്റീവായിരുന്നു.

കുറുമുള്ളൂർ സ്വദേശിനിയായ 38കാരി രണ്ടാഴ്ച മുമ്പാണ് ബംഗളൂരുവിൽ നിന്ന് നാട്ടിലെത്തിയത്. പാലായിൽ ക്വാറന്റൈൻ കേന്ദ്രത്തിലായിരുന്നു താമസം. ഏഴും അഞ്ചും വയസുള്ള രണ്ട് കുട്ടികളാണ് ഇവർക്കുള്ളത്. ബംഗളൂരുവിലെ സ്ഥാപനത്തിൽ ആരോഗ്യ പ്രവർത്തകയായിരുന്നു യുവതി. സ്ഥാപനം അടച്ചതോടെയാണ് നാട്ടിലേക്കു മടങ്ങിയത്.

വ്യാഴാഴ്ച രാവിലെ 10ന് പാലായിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ നിന്ന് പുറത്തിറങ്ങി കുറുമുള്ളൂരിലെ ഭർത്തൃ വീട്ടിലേക്കു ചെല്ലാൻ ശ്രമിച്ചെങ്കിലും ഭർത്താവ് സമ്മതിച്ചില്ല. യുവതിയുമായി അകന്നു കഴിയുകയാണ് ഭർത്താവ്. ഇവർ സ്വന്തം വീട്ടിലേക്കു ചെല്ലാൻ ശ്രമിച്ചപ്പോൾ ബന്ധുക്കളും സമ്മതിച്ചില്ല. യുവതിയുടെ അമ്മയ്ക്ക് ശ്വാസകോശ രോഗം ഉണ്ടെന്നും അവരുടെ ആരോഗ്യം മോശമാകുമെന്നുമായിരുന്നു ബന്ധുവിന്റെ പ്രതികരണം.

രാവിലെ 10ന് സാന്ത്വനം ഡയറക്ടർ ആനി ബാബുവുമായി ഇവർ ബന്ധപ്പെട്ടിരുന്നു. അവരുടെ സഹായത്തോടെ കളക്ടർ എം അഞ്ജനയെ കണ്ടു. മഹിളാ മന്ദിരത്തിലാക്കാമെന്ന് കലക്ടർ അറിയിച്ചു. പക്ഷേ, കുഞ്ഞുങ്ങളുമായി താമസിക്കാനുള്ള സാഹചര്യമില്ലെന്നായിരുന്നു മഹിളാ മന്ദിരം അധികൃതരുടെ വിശദീകരണം. പിന്നീട് പല കേന്ദ്രങ്ങളുമായും ബന്ധപ്പെട്ടെങ്കിലും പ്രവേശനമില്ലെന്നാണ് അറിയിച്ചത്.

അഞ്ച് മണിയോടെ കളത്തിപ്പടിയിൽ ക്രിസ്റ്റീൻ ധ്യാന കേന്ദ്രം ഇവരെ താമസിപ്പിക്കാമെന്ന് സമ്മതിച്ചതോടെയാണ് ദുരിതാനുഭവങ്ങൾക്ക് തത്‌കാലത്തേക്കെങ്കിലും അറുതിയായത്. കലക്ടറുടെ ഓഫീസ് പഞ്ചായത്തുമായി ബന്ധപ്പെട്ടാണ് ഇതിന് അവസരമൊരുക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com