പ്രളയ ഫണ്ടിൽ കൂടുതൽ തട്ടിപ്പ്; 73 ലക്ഷം രൂപ കാണാനില്ലെന്ന് എഡിഎമ്മിന്റെ പരാതി; ക്രൈം ബ്രാഞ്ച് കേസെടുത്തു

പ്രളയ ഫണ്ടിൽ കൂടുതൽ തട്ടിപ്പ്; 73 ലക്ഷം രൂപ കാണാനില്ലെന്ന് എഡിഎമ്മിന്റെ പരാതി; ക്രൈം ബ്രാഞ്ച് കേസെടുത്തു
പ്രളയ ഫണ്ടിൽ കൂടുതൽ തട്ടിപ്പ്; 73 ലക്ഷം രൂപ കാണാനില്ലെന്ന് എഡിഎമ്മിന്റെ പരാതി; ക്രൈം ബ്രാഞ്ച് കേസെടുത്തു

കൊച്ചി: സിപിഎം നേതാക്കൾ ഉൾപ്പെട്ട എറണാകുളത്തെ പ്രളയ ഫണ്ട് തട്ടിപ്പിൽ ക്രൈം ബ്രാഞ്ച് പുതിയ കേസ് രജിസ്റ്റർ ചെയ്തു. 2018ലെ പ്രളയ ദുരിതാശ്വാസ നിധിയിൽ നിന്ന് 73 ലക്ഷം രൂപ കാണാനില്ലെന്ന എഡിഎമ്മിൻറെ പരാതിയിലാണ് പുതിയ കേസ്. കലക്ടറേറ്റ്‌ കേന്ദ്രീകരിച്ചുള്ള  പ്രളയ ഫണ്ട് തട്ടിപ്പിൽ ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്യുന്ന രണ്ടാമത്തെ കേസാണിത്. 

കലക്ടറേറ്റ്‌ ജീവനക്കാരൻറെ നേതൃത്വത്തിലുള്ള 27 ലക്ഷം രൂപയുടെ  പ്രളയ ഫണ്ട് തട്ടിപ്പ് പുറത്ത് വന്നതിന് പിന്നാലെ ജില്ലാ കലക്ടർ ആഭ്യന്തര പരിശോധനയ്ക്ക് നിർദ്ദേശം നൽകിയിരുന്നു. ഈ അന്വേഷണത്തിലാണ് ദുരിതാശ്വാസ വിഭാഗത്തിൽ നിന്ന് പണം നേരിട്ട് തട്ടിയെടുത്തെന്ന പുതിയ കണ്ടെത്തൽ ഉണ്ടാകുന്നത്. കലക്ടർറുടെ നി‍ദ്ദേശപ്രകാരമാണ് എഡിഎം ക്രൈം ബ്രാഞ്ചിന് രണ്ടാമത്തെ പരാതി നൽകിയത്. 

73,13,100 രൂപയുടെ കുറവാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ഉണ്ടായിട്ടുള്ളത്. ഈ പണം നേരത്തെ തട്ടിപ്പിന് അറസ്റ്റിലായവർ തന്നെ അപഹരിച്ചതാകാമെന്നാണ് കണക്കുകൂട്ടൽ. പണാപഹരണം, വിശ്വാസ വഞ്ചന, ഗൂഢാലോചന അടക്കം അഞ്ചോളം വകുപ്പ് പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്.

വ്യാജ രസീതുകൾ വഴിയാണ് തുക തട്ടിയതെന്നാണ്  വിലയിരുത്തൽ. പ്രളയ ഫണ്ട് തട്ടിപ്പിലെ ഒന്നാം പ്രതിയായ കലക്ടറേറ്റ് ജീവനക്കാരൻ വിഷ്ണു പ്രസാദ്  പണം തട്ടാൻ വേണ്ടി ഉണ്ടാക്കിയ 287 വ്യാജ രസീതുകൾ കലക്ടറേറ്റിൽ ക്രൈം ബ്രാ‌ഞ്ച് സഹായത്തോടെ നടന്ന പരിശോധനയിൽ കണ്ടെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കലക്ടറേറ്റ് വഴി സംഭാവനയായി ലഭിച്ച തുകയും മറ്റു വിവരങ്ങളും രേഖപ്പെടുത്തിയ ഫയലുകളും അപ്രത്യക്ഷമായിട്ടുണ്ട്. നേരിട്ടു സ്വീകരിച്ച പല തുകയും മേലുദ്യോഗസ്ഥർ അറിഞ്ഞിട്ടില്ലെന്നും വ്യക്തമായിട്ടുണ്ട്. ഇവയ്ക്ക് വ്യാജ രസീതാണ് നൽകിയത്. ഈ വിവരങ്ങൾ ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.

പ്രളയ തട്ടിപ്പ് വിവാദത്തിന്റെ മുഖ്യ സൂത്രധാരൻ കലക്ടറേറ്റ് ജീവനക്കാരനായ വിഷ്ണപ്രസാദ് ആണെങ്കിലും തൃക്കാക്കരയിലെ പ്രാദേശിക സിപിഎം നേതാക്കൾ കേസിൽ പ്രതികളാണ്. തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗങ്ങളായിരുന്ന അൻവർ, ഭാര്യ ഖൌറത്ത്, എൻഎൻ നിതിൻ, നിതിൻറെ ഭാര്യ ഷിൻറു എന്നിവർ കേസിൽ പ്രധാന പ്രതികളാണ്. ഇവരെ പിന്നീട് സിപിഎമ്മിൽ നിന്ന് പുറത്താക്കി. സിപിഎം  നിയന്ത്രിക്കുന്ന അയ്യനാട് സഹകരണ ബാങ്കിലെ ഡയറക്ടർ ബോർഡംഗം വരെ കേസിലെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുന്നുണ്ട്. 73 ലക്ഷം രൂപയുടെ പുതിയ കേസിൽ ഈ പ്രതികൾക്കുള്ള പങ്കിലാണ് ക്രൈംബ്രാഞ്ച് ഇപ്പോൾ അന്വേഷണം തുടങ്ങിയിട്ടുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com