കാടിളക്കി പ്രചാരണം; മത്സരിക്കാന്‍ പ്രമുഖര്‍; എന്നിട്ടും ഒരുസീറ്റുപോലും കൂട്ടാന്‍ പറ്റിയില്ല; തിരുവനന്തപുരത്ത് ബിജെപിയെ പിടിച്ചുകെട്ടി ഇടതുപക്ഷം

തെക്കന്‍ കേരളത്തില്‍ ഇടതുപക്ഷം നേടിയ വിജയത്തിന്റെ മധുരം ഇരട്ടിയാക്കുന്നത് തിരുവനന്തപുരം കോര്‍പ്പറേനിലേത്.
51 സീറ്റുകള്‍ നേടിയാണ് എല്‍ഡിഎഫ് തിരുവനന്തപുരം നഗരസഭയില്‍ അധികാരം പിടിച്ചിരിക്കുന്നത്
51 സീറ്റുകള്‍ നേടിയാണ് എല്‍ഡിഎഫ് തിരുവനന്തപുരം നഗരസഭയില്‍ അധികാരം പിടിച്ചിരിക്കുന്നത്

തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ ഇടതുപക്ഷം നേടിയ വിജയത്തിന്റെ മധുരം ഇരട്ടിയാക്കുന്നത് തിരുവനന്തപുരം കോര്‍പ്പറേനിലേത്. താമര വിരിയ്ക്കാനായി കിണഞ്ഞ് ശ്രമിച്ച ബിജെപിയെ മലര്‍ത്തിയടിച്ചാണ് ഇടതുപക്ഷം തലസ്ഥാന നഗരത്തില്‍ ഭരണത്തുടര്‍ച്ച ഉറപ്പാക്കിയിരിക്കുന്നത്. 51 സീറ്റുകള്‍ നേടിയാണ് എല്‍ഡിഎഫ് തിരുവനന്തപുരം നഗരസഭയില്‍ അധികാരം പിടിച്ചിരിക്കുന്നത്. വന്‍ പ്രചാരണമഴിച്ചുവിട്ട് തെരഞ്ഞെടുപ്പിനെ നേരിട്ട എന്‍ഡിഎ 34ല്‍ ഒതുങ്ങി. 2015ലും എന്‍ഡിഎയ്്ക്ക് 34 സീറ്റാണ് ലഭിച്ചത്. സംസ്ഥാന നേതാക്കളെ വരെ കളത്തിലിറക്കിയിട്ടും സീറ്റ് നില വര്‍ദ്ധിപ്പിക്കാന്‍ ബിജെപിക്ക് സാധിച്ചില്ല. 

എന്നാല്‍ എല്‍ഡിഎഫ് വിജയത്തിന് തിളക്കം കുറയ്ക്കാന്‍ ബിജെപിക്ക് സാധിച്ചു. മേയര്‍ കെ ശ്രീകുമാര്‍ കരിക്കികം ഡിവിഷനിവും മേയറാകുമെന്ന് പ്രതീക്ഷിച്ച പുഷ്പലത നെടുങ്കാട് ഡിവിഷനിലും തോറ്റത് തിരിച്ചടിയായി. 

ദേശീയതലത്തില്‍ വരെ ചര്‍ച്ചയായ തെരഞ്ഞെടുപ്പായിരുന്നു തിരുവനന്തപുരത്തേത്. തലസ്ഥാനത്ത് പ്രധാനമന്ത്രിയെത്തുമ്പോള്‍ സ്വീകരിക്കാന്‍ ബിജെപി മേയര്‍ എന്നായിരുന്നു എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. ജില്ല പ്രസിഡന്റ് വി വി രാജേഷ് അടക്കം മത്സര രംഗത്തുണ്ടായിരുന്നു. പൂജപ്പുര ഡിവിഷനില്‍ നിന്ന് ജനിവിധി തേടിയ രാജേഷ് വിജയിച്ചെങ്കിലും പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളില്‍ പലരും തോറ്റു. എന്‍ഡിഎയ്ക്കും താഴെപ്പോയ യുഡിഎഫ് പത്ത് സീറ്റിലൊതുങ്ങി. 

കോര്‍പ്പറേഷന് പുറമേ ജില്ലയിലൊട്ടാകെയും എല്‍ഡിഎഫ് മികച്ച വിജയമാണ് നേടിയത്. 52 ഗ്രാമപഞ്ചായത്തുകളും 11ല്‍ 10 ബ്ലോക്ക് പഞ്ചായത്തുകളും നാല് മുന്‍സിപ്പാലിറ്റികളും ജില്ലാ പഞ്ചായത്തും ഇടതുപക്ഷം നേടി. 

കൊല്ലവും ആലപ്പുഴയും എല്ലാത്തവണത്തേയും പോലെ ചെങ്കോട്ടയായി തന്നെ നിന്നപ്പോള്‍ പത്തനംതിട്ടയില്‍ എല്‍ഡിഎഫും യുഡിഎഫും ബലാബലമാണ്. ഇരു മുന്നണികളും 23 ഗ്രാമപഞ്ചായത്തുകള്‍ വീതം നേടി. എട്ട് ബ്ലോക്ക് പഞ്ചായത്തുകളില്‍ ആറും എല്‍ഡിഎഫ് പിടിച്ചെടുത്തു. ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫ് ജയിച്ചപ്പോള്‍ നാല് നഗരസഭകളില്‍ മൂന്നെണ്ണം യുഡിഎഫും ഒരെണ്ണം എന്‍ഡിഎയും നേടി. 

കോട്ടയത്താണ് യുഡിഎഫിന് അപ്രതീക്ഷിത അടി കിട്ടിയത്. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ സഖ്യത്തിലെടുക്കാനുള്ള സിപിഎം തീരുമാനം പൂര്‍ണമായും ശരിവയ്ക്കുന്നതായി കോട്ടയത്തെ തെരഞ്ഞെടുപ്പ് ഫലം. 71 ഗ്രാമപഞ്ചായത്തുകളില്‍ 39ലും എല്‍ഡിഎഫ് ജയിച്ചു. യുഡിഎഫ് 24ലേക്ക് ചുരുങ്ങി. പതിനൊന്നില്‍ പത്ത് ബ്ലോക്ക് പഞ്ചായത്തും ജില്ലാ പഞ്ചായത്തും എല്‍ഡിഎഫ് നേടി. പാലാ നഗരസഭയില്‍ ആദ്യമായി എല്‍ഡിഎഫ് അധികാരത്തിലെത്തി. ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ഇടുക്കി ജില്ലാ പഞ്ചായത്ത് ഭരണവും ഇടതുമുന്നണി പിടിച്ചെടുത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com