തൃശൂരില്‍ വിമതനെ 'ചാക്കിടാന്‍' കോണ്‍ഗ്രസ് ; ഇടപെട്ട് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും; വാഗ്ദാനപ്പെരുമഴ

മേയര്‍ പദവിക്ക് പുറമെ, കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഉന്നത പദവിയും വാഗ്ദാനം ചെയ്തിട്ടുണ്ട്
എം കെ വര്‍ഗീസ് / ഫയല്‍ ചിത്രം
എം കെ വര്‍ഗീസ് / ഫയല്‍ ചിത്രം

തൃശൂര്‍ : തദ്ദേശ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത തൃശൂര്‍ കോര്‍പ്പറേഷനില്‍ അധികാരം പിടിക്കാന്‍ വിമതനെ ഒപ്പം നിര്‍ത്താനുള്ള നീക്കം കോണ്‍ഗ്രസ് സജീവമാക്കി. നേരത്തെ ഇടതുപക്ഷത്തിന് പിന്തുണ നല്‍കുമെന്ന് വിമതനായി ജയിച്ച എം കെ വര്‍ഗീസ് പ്രഖ്യാപിച്ചെങ്കിലും കോണ്‍ഗ്രസ് നീക്കങ്ങള്‍ തുടരുകയാണ്. 

ഇതിന്‍രെ ഭാഗമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ വര്‍ഗീസുമായി ഫോണില്‍ സംസാരിച്ചു. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം ടി എന്‍ പ്രതാപന്‍ എംപിയും വര്‍ഗീസിനെ കണ്ട് സംസാരിച്ചു. 

മേയര്‍ പദവിക്ക് പുറമെ, കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഉന്നത പദവിയും വാഗ്ദാനം ചെയ്തിട്ടുണ്ട്. അഞ്ചു വര്‍ഷം മേയര്‍ പദവി, കെപിസിസി ജനറല്‍ സെക്രട്ടറി, ഡിസിസി പ്രസിഡന്റ് പദവികളാണ് വാഗ്ദാനം ചെയ്തിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ വര്‍ഗീസ് അന്തിമ തീരുമാനം അറിയിച്ചിട്ടില്ല.

അഞ്ചുവര്‍ഷവും മേയര്‍ പദവി നല്‍കണമെന്ന ആവശ്യം സിപിഎം അംഗീകരിച്ചിട്ടില്ല. ഊഴം വെച്ച് മേയര്‍പദവി പങ്കിടാമെന്ന നിര്‍ദേശം വന്നാലും ആദ്യ ടേം വര്‍ഗീസിന് നല്‍കാന്‍ സിപിഎം തയ്യാറാകില്ലെന്നും റിപ്പോര്‍ട്ടുണ്ട്. മാത്രമല്ല, ഒരു വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനുണ്ട്. 

ഈ വാര്‍ഡില്‍ വിജയിച്ചാല്‍ സിപിഎം തന്നെ തഴഞ്ഞേക്കുമോ എന്നും വര്‍ഗീസ് ഭയപ്പെടുന്നുണ്ട്. ഇതോടെയാണ് വര്‍ഗീസ് അന്തിമ തീരുമാനം എടുക്കുന്നതില്‍ ആശയക്കുഴപ്പത്തിലായത്. നിലവില്‍ തൃശൂര്‍ കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിന് 24 ഉം, യുഡിഎഫിന് 23 ഉം സീറ്റാണുള്ളത്. വിമതന്‍ കോണ്‍ഗ്രസിനെ പിന്തുണച്ചാല്‍ മേയര്‍ സ്ഥാനത്തേക്ക് നറുക്കെടുപ്പ് വേണ്ടി വരും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com