സിയാദും യുവതിയും തമ്മില്‍ നീണ്ടകാലത്തെ അടുപ്പം, ഒരിക്കല്‍ ഒളിച്ചോടി, തിരിച്ചുവന്നത് പൊലീസിന്റെ ഇടപെടലിനെ തുടര്‍ന്ന്; യുവാവിന്റെ കൊലപാതകത്തില്‍ പിതാവ് അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th January 2020 10:10 AM  |  

Last Updated: 11th January 2020 10:12 AM  |   A+A-   |  

 

തൊടുപുഴ: വീട്ടമ്മയായ യുവതിയുമായുള്ള ബന്ധത്തെ ചൊല്ലിയുണ്ടായ അടിപിടിക്കിടെ യുവാവ് കുത്തേറ്റു മരിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. യുവതിയുടെ പിതാവ് സിദ്ദിഖിനെയാണ് ഇന്നലെ വൈകീട്ട് കോലാനിയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. തൊടുപുഴ വെങ്ങല്ലൂര്‍ അച്ചന്‍കവല പുളിക്കല്‍ സിയാദ് കോക്കറാണ് സിദ്ദിഖിന്റെ കുത്തേറ്റ് മരിച്ചത്. അതേസമയം വര്‍ഷങ്ങളായി അടുപ്പത്തിലായിരുന്ന യുവതിയും സിയാദ് കോക്കറും ഒരിക്കല്‍ ഒളിച്ചോടിയിരുന്നതായി പൊലീസ് പറയുന്നു. പൊലീസ് ഇടപെട്ടാണ് ഇരുവരെയും തിരിച്ചകൊണ്ടുവന്നത്. എന്നിട്ടും ബന്ധം തുടരുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

വ്യാഴാഴ്ച രാത്രി 11.15 നായിരുന്നു സംഭവം. യുവതിയുമായുളള ബന്ധത്തെ ചൊല്ലിയുളള തര്‍ക്കം അടിപിടിയിയിലും പിന്നീട് കൊലപാതകത്തിലും കലാശിക്കുകയായിരുന്നു. ഭര്‍ത്താവും കുട്ടികളുമൊത്തു താമസിക്കുന്ന യുവതിയുമായി സിയാദ് ഏറെ നാളായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവദിവസം രാത്രി ഇയാള്‍ ഇവരുടെ വീട്ടിലെത്തിയിരുന്നു. യുവതിയുടെ ഭര്‍ത്താവ് ഇതു കണ്ടെത്തിയതോടെ വഴക്കുണ്ടായി. വിവരം യുവതിയുടെ പിതാവായ സിദ്ദിഖിനെയും അറിയിച്ചു. സ്ഥലത്തെത്തിയ സിദ്ദിഖും സിയാദും തമ്മില്‍ ഏറ്റുമുട്ടി. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ ഇടപെട്ട് ഇവരെ ഒഴിവാക്കിവിട്ടു. പിന്നീട് സിയാദും മടങ്ങിയെത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

വെങ്ങല്ലൂര്‍ ജുവനൈല്‍ കോടതിക്കു സമീപം സിദ്ദിഖുമായി വീണ്ടും വഴക്കുണ്ടായി. സംഘര്‍ഷത്തിനിടെ സിയാദിനെ സിദ്ദിഖ് കുത്തി. ഇയാളുടെ വയറ്റിലും തോളിലുമായി രണ്ടു കുത്തേറ്റിരുന്നു. കഴുത്തില്‍ ബലപ്രയോഗം നടത്തിയ ലക്ഷണങ്ങളുമുണ്ട്. നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടുമ്പോള്‍ സിയാദ് കുത്തേറ്റു കിടക്കുകയായിരുന്നു. ഇവര്‍ ഇയാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി പൊലീസ് പറയുന്നു.

കുത്തിയ കത്തി ആരുടെ കൈവശമാണ് ഉണ്ടായിരുന്നതെന്ന് കൂടുതല്‍ അന്വേഷണത്തിനുശേഷമേ വ്യക്തമാകുവെന്നു പൊലീസ് പറഞ്ഞു. യുവതിയുടെ ഭര്‍ത്താവ് പെയിന്റിങ് തൊഴിലാളിയാണ്. അപകടത്തെത്തുടര്‍ന്ന് ഇദ്ദേഹം വീട്ടില്‍ വിശ്രമത്തിലാണ്. കെട്ടിടങ്ങള്‍ക്കു മുകളില്‍ ഷീറ്റ് മേയുന്ന തൊഴിലാളിയായിരുന്നു സിയാദ്. ഇയാള്‍ക്കു ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. സിദ്ദിഖ് തടിപ്പണി തൊഴിലാളിയാണ്.