ഒന്നിനുപിന്നാലെ അഞ്ച് പൂച്ചകൾ ചത്തുവീണു, അയൽവാസിക്കെതിരെ കേസ്; മരണകാരണം കണ്ടെത്താൻ പോസ്റ്റുമോർട്ടം

നാലാമത്തെ പൂച്ചയും ചത്തതോടെയാണ് പൊലീസിനെ സമീപിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്; ദിവസങ്ങൾക്കിടയിൽ അഞ്ചു പൂച്ചകൾ ഒന്നിനു പിറകെ ഒന്നായി ചത്ത സംഭവത്തിൽ അയൽവാസിക്കെതിരെ കേസ്. വളർത്തുപൂച്ചകളുടെ കൂട്ടമരണത്തെ തുടർന്ന് വീട്ടമ്മയാണ് അയൽവാസിക്കെതിരെ പൊലീസിൽ പരാതി നൽകിയത്. കോഴിക്കോട് മുണ്ടിക്കല്‍താഴത്താണ് സംഭവമുണ്ടായത്. 

ഹേന എന്ന വീട്ടമ്മയുടെ അരുമകളായ അഞ്ച് പൂച്ചകളാണ് അടുത്തവീട്ടില്‍നിന്നു തിരിച്ചെത്തിയതിന് പിന്നാലെ ചത്തത്. ആദ്യത്തെ പൂച്ച കുഴഞ്ഞു വീണതിനെ തുടർന്ന് ഡോക്ടറെ കാണിച്ചപ്പോഴാണ് വിഷം ഉള്ളിൽ ചെന്നിട്ടുണ്ടെന്നും മനസിലാക്കിയത്. നാലാമത്തെ പൂച്ചയും ചത്തതോടെയാണ് പൊലീസിനെ സമീപിച്ചത്. സംഭവത്തിൽ മൃഗങ്ങളോടുള്ള ക്രൂരതയ്ക്കാണ് തറ്റാംകൂട്ടില്‍ സന്തോഷിന്റെ പേരില്‍ മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തിരിക്കുന്നത്. 

ഫെബ്രുവരി ഒന്നിനു രാത്രി പത്തുമണിയോടെ അയല്‍വീട്ടില്‍നിന്ന് മതില്‍ചാടി തിരിച്ചെത്തിയ കറുത്ത പൂച്ച മുറ്റത്ത് പിടഞ്ഞുചത്തു. തുടര്‍ന്ന് രണ്ട് പൂച്ചക്കുട്ടികള്‍കൂടി തിരിച്ചെത്തി. അടുത്തദിവസം രാവിലെയോടെ ബ്രൗണ്‍നിറത്തിലുള്ള പൂച്ചയും മകന്റെ മുറിയില്‍ കിടന്നിരുന്ന വെള്ളപ്പൂച്ചയും വായില്‍നിന്ന് നുരയുംപതയും വന്ന് ചത്തു. തൊട്ടടുത്തദിവസമാണ് നാലാമത്തെ പൂച്ചയുടെ അന്ത്യം. അഞ്ചാമത്തെ പൂച്ച അയല്‍ക്കാരന്റെ വീട്ടില്‍ത്തന്നെ ചത്തതിനെത്തുടര്‍ന്ന് അവര്‍ കുഴിച്ചുമൂടുകയായിരുന്നെന്ന് വീട്ടമ്മ പറഞ്ഞു.

പൂച്ചശല്യം കൂടുന്നുണ്ടെന്നും ഇത് തുടര്‍ന്നാല്‍ വിഷംകൊടുത്തു കൊല്ലുമെന്നും അയല്‍ക്കാരന്‍ ഭീഷണിപ്പെടുത്തിയതായി വീട്ടമ്മ പറഞ്ഞു. ആദ്യത്തെ പൂച്ചയെ കോട്ടൂളിയിലെ വെറ്ററിനറി ഡോക്ടറെ കാണിച്ചപ്പോഴാണ് വിഷം ഉള്ളില്‍ച്ചെന്നിരിക്കാന്‍ സാധ്യതയുണ്ടെന്നറിയാന്‍ കഴിഞ്ഞത്. മറ്റെല്ലാ പൂച്ചകളെയും കുഴിച്ചുമൂടിയതിനാല്‍ നാലാമത്തെ പൂച്ചയുടെ ജഡമാണ് പോസ്റ്റുമോര്‍ട്ടം ചെയ്തത്.രാസപരിശോധനയ്ക്കയച്ച സാംപിളിന്റെ ഫലം ലഭിച്ചാലേ മരണകാരണം അറിയാനാവൂ എന്ന് വെറ്ററിനറി സര്‍ജന്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com