ഇതു കാലം കാത്തിരുന്ന ചരിത്രം; രാധാകൃഷ്ണന്‍ ദേവസ്വം മന്ത്രി

ചേലക്കരയില്‍ നിന്നുള്ള നിയമസഭാംഗം കെ രാധാകൃഷ്ണന്‍ ദേവസ്വം വകുപ്പ് മന്ത്രിയാകുമ്പോള്‍, രണ്ടാം ഇടതുമുന്നണി സര്‍ക്കാര്‍ പുതിയ ചരിത്രമെഴുതുകയാണ്
കെ രാധാകൃഷ്ണന്‍/ഫെയ്‌സ്ബുക്ക്‌
കെ രാധാകൃഷ്ണന്‍/ഫെയ്‌സ്ബുക്ക്‌



ചേലക്കരയില്‍ നിന്നുള്ള നിയമസഭാംഗം കെ രാധാകൃഷ്ണന്‍ ദേവസ്വം വകുപ്പ് മന്ത്രിയാകുമ്പോള്‍, രണ്ടാം പിണറായി സര്‍ക്കാര്‍ പുതിയ ചരിത്രമെഴുതുകയാണ്. ആദ്യമായാണ് പിന്നോക്ക വിഭാഗത്തില്‍ നിന്നുള്ള ഒരാള്‍ എല്‍ഡിഎഫ് മന്ത്രിസഭയില്‍ ദേവസ്വം മന്ത്രിസ്ഥാനത്ത് എത്തുന്നത്. ഇടതുമുന്നണിയെടുത്ത ഏറ്റവും വലിയ രാഷ്ട്രീയ തീരൂമാനങ്ങളില്‍ ഒന്നാണ് കെ രാധകൃഷ്ണനെ ദേവസ്വം തലപ്പത്തിരുത്തുക എന്നത്. 

കഴിഞ്ഞ സര്‍ക്കാര്‍ ഏറെ കോളിളക്കങ്ങള്‍ക്ക് സാക്ഷിയാകേണ്ടിവന്ന വകുപ്പില്‍ കടകംപള്ളി സുരേന്ദ്രന്റെ പിന്‍ഗാമിയായാണ് രാധാകൃഷ്ണന്‍ എത്തുന്നത്. ശബരിമല വിഷയത്തില്‍ ഉള്‍പ്പെടെ ഇടഞ്ഞുനില്‍ക്കുന്ന എന്‍എസ്എസ് അടക്കമുള്ള മുന്നോക്ക സമുദായ സംഘടനകളെ ഞെട്ടിക്കുന്ന തീരുമാനമാണ് ഇടതുമുന്നണി സ്വീകരിച്ചിരിക്കുന്നത്. 

സര്‍ക്കാരിന്റെ തീരുമാനത്തെ സോഷ്യല്‍ മീഡിയയിലെ ഇടത് അനുകൂലികള്‍ ഇതിനോടകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു. സിപിഎമ്മിന്റെയും സിപിഐയുടെയും മന്ത്രിമാരുടെ പ്രഖ്യാപനമുണ്ടായപ്പോള്‍, മുന്നോക്ക വിഭാഗങ്ങള്‍ക്ക് ലഭിച്ച അത്രയും പ്രാതിനിധ്യം പിന്നോക്കക്കാര്‍ക്ക് ലഭിച്ചില്ലെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനെ ചെറുക്കാനും പുതിയ തീരുമാനം കൊണ്ട് സാധിക്കുമെന്ന് ഇടത് ക്യാമ്പ് പ്രതീക്ഷിക്കുന്നു. 

1996ല്‍ നായനാര്‍ മന്ത്രിസഭയില്‍ പിന്നോക്ക ക്ഷേമന്ത്രിയായ കെ രാധാകൃഷ്ണന്‍ നിലവില്‍ സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ദലിത് ശോഷന്‍ മുക്തി മഞ്ച് അഖിലേന്ത്യ പ്രസിഡന്റുമാണ്.

2001,2006,2011 കാലത്തും ചേലക്കരയുടെ എംഎല്‍എ ആയ രാധാകൃഷ്ണന്‍ 2001-ല്‍ ചീഫ് വിപ്പും, 2006 ല്‍ നിയമസഭാ സ്പീക്കറുമായിരുന്നു.83,415 വോട്ട് നേടി കോണ്‍ഗ്രസിന്റെ സി സി ശ്രീകുമാറിനെ തോല്‍പ്പിച്ചാണ് രാധാകൃഷ്ണന്റെ നിയമസഭയിലേക്കുള്ള വരവ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com