പത്താം ക്ലാസുകാരിയുടെ ചിത്രം ദുരുപയോ​ഗം ചെയ്ത് യുഡിഎഫ് പ്രചാരണം; പരാതിയുമായി അച്ഛൻ

അരി പൂഴ്ത്തിവച്ച പിണറായി വിജയന്റെ പാർട്ടിക്ക് എന്റെയും അച്ഛനന്മമാരുടേയും വോട്ടില്ലെന്നെഴുതിയ പോസ്റ്ററുമായി നിൽക്കുന്നതായാണ് അന്നയുടെ ചിത്രം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഇടുക്കി; പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ ചിത്രം ദുരുപയോ​ഗം ചെയ്ത് യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതായി പരാതി. ഇടുക്കി മൂലമറ്റം സ്വദേശിനിയായ അന്ന കെ.ജോസഫിന്റെ  ചിത്രമാണ് എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നത്. തുടർന്ന് അന്നയുടെ അച്ഛൻ  ജോസഫ് സ്കറിയ പൊലീസിൽ പരാതി നൽകി. 

അരി പൂഴ്ത്തിവച്ച പിണറായി വിജയന്റെ പാർട്ടിക്ക് എന്റെയും അച്ഛനന്മമാരുടേയും വോട്ടില്ലെന്നെഴുതിയ പോസ്റ്ററുമായി നിൽക്കുന്ന അന്നയുടെ ചിത്രം യു‍ഡിഎഫ് അനുകൂല വാട്സ് ആപ്പ് ഗ്രൂപ്പുകളിലും ഫെയ്സ്ബുക്ക് പേജുകളിലും വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു. ഇതോടെയാണ് പെൺകുട്ടിയുടെ കുടുംബം പരാതിയുമായി രംഗത്തെത്തിയത്. ചിത്രം ഫോട്ടോഷോപ്പിലൂടെ എഡിറ്റ് ചെയ്തതാണെന്നും ചിത്രത്തിലെഴുതിയിരിക്കുന്ന കാര്യങ്ങളുമായി തങ്ങൾക്ക് യാതൊരുബന്ധമില്ലെന്നും പെൺകുട്ടിയുടെ പിതാവ് ജോസഫ് സ്കറിയപരാതിയിൽ പറയുന്നു. 

അഞ്ചു വർഷം മുമ്പ് വിദ്യാഭ്യാസത്തെ സംബന്ധിച്ചെഴുതിയ പോസ്റ്ററുമായി നിൽക്കുന്ന മകളുടെ ചിത്രം ജോസഫിൻറെ ഷാജി കുഴിഞ്ഞാലിൽ എന്ന പേരിലുളള തന്റെ ഫെയ്സ് ബുക്ക് അക്കൗണ്ടിലൂടെ പങ്കുവച്ചിരുന്നു. ഇത് എഡിറ്റ് ചെയ്താണ് പ്രചരിപ്പിക്കുന്നത്. സെക്രട്ടറിയേറ്റിലെ കോണ്‍ഗ്രസ് അനുകൂല സംഘടനയായി സെക്രട്ടറിയേറ്റ് അസോസിയേഷന്റെ പ്രചാരണന നോട്ടീസിലും വിദ്യാർത്ഥിനിയുടെ എഡിറ്റ് ചെയ്ത ഫോട്ടോ ഉൾപ്പെടുത്തിയിട്ടുണ്ട്. കെഎസ്ഇബിയിലെ ഇടതുസംഘടനാ പ്രവർത്തകനായ ജോസഫിന്റെ കുടുംബം ഇടതുപക്ഷ അനുഭാവികളാണ്. മകൾ ബാലസംഘം ഏരിയാസെക്രട്ടറിയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com