'സ്വാമിയേ ശരണമയ്യപ്പാ....', ശരണം വിളിയോടെ മോദി കോന്നിയില്‍ ; കേരളത്തിന്റെ രാഷ്ട്രീയചിത്രം മാറിയെന്ന് പ്രധാനമന്ത്രി

ഇത് ഭഗവാന്‍ അയ്യപ്പന്റെ മണ്ണാണ്. ആത്മീയതയുടെ നാട്ടില്‍ എത്താന്‍ കഴിഞ്ഞതില്‍ സന്തോഷമെന്ന് മോദി
പ്രധാനമന്ത്രി നരേന്ദ്രമോദി / എഎന്‍ഐ
പ്രധാനമന്ത്രി നരേന്ദ്രമോദി / എഎന്‍ഐ

കോന്നി : കേരളത്തിന്റെ രാഷ്ട്രീയചിത്രം മാറിക്കഴിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോന്നിയില്‍ കെ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. സ്വാമിയേ ശരണമയ്യപ്പാ.... എന്ന് ശരണം വിളിച്ചുകൊണ്ടാണ് മോദി പ്രസംഗം ആരംഭിച്ചത്. 

ഇത് ഭഗവാന്‍ അയ്യപ്പന്റെ മണ്ണാണ്. ആത്മീയതയുടെ നാട്ടില്‍ എത്താന്‍ കഴിഞ്ഞതില്‍ സന്തോഷമെന്ന് മോദി പറഞ്ഞു. പത്തനംതിട്ടയിലെ ക്ഷേത്രങ്ങളുടെ പേരുകള്‍ മോദി പറഞ്ഞു. കവി പന്തളം കേരളവര്‍മ്മയെയും മോദി അനുസ്മരിപ്പിച്ചു. യേശുദേവന്‍ മനുഷ്യരാശിക്കു വേണ്ടി നടത്തിയ ത്യാഗവും പ്രധാനമന്ത്രി പ്രസംഗത്തില്‍ അനുസ്മരിച്ചു. 

മെട്രോമാന്‍ ഇ ശ്രീധരന്റെ വരവോടെ കേരളത്തിന്റെ രാഷ്ട്രീയചിത്രം മാറിയിരിക്കുകയാണ്. ബിജെപിയെ അധികാരത്തിലെത്തിക്കാന്‍ കേരളം മാറിക്കഴിഞ്ഞു. ഡല്‍ഹിയിലിരുന്ന് രാഷ്ട്രീയ വിശകലനം നടത്തുന്നത് ഇത് കാണണം. ഇത്തവണ ബിജെപിയാണ്, എന്‍ഡിഎയാണ്. പ്രധാനമന്ത്രി പറഞ്ഞു. 

തങ്ങള്‍ മാറിമാറി ഭരിക്കുമെന്നാണ് യുഡിഎഫും എല്‍ഡിഎഫും വിചാരിക്കുന്നത്. ഇത് അവരെ അഹങ്കാരികളാക്കി മാറ്റിയിരിക്കുകയാണ്. യുഡിഎഫും എല്‍ഡിഎഫും ഏഴ് പാപങ്ങള്‍ ചെയ്തു. സോളാര്‍, ഡോളര്‍, സ്വര്‍ണക്കടത്ത് തുടങ്ങി വന്‍ കൊള്ളയാണ് നടത്തുന്നത്. യുഡിഎഫ്, എല്‍ഡിഎഫ് നേതാക്കള്‍ക്ക് ധാര്‍ഷ്ട്യവും ആര്‍ത്തിയുമാണെന്നും മോദി പറഞ്ഞു.

അഴിമതി നടത്താനായി എല്‍ഡിഎഫ്-യുഡിഎഫ് നേതാക്കള്‍ മല്‍സരിക്കുകയാണ്. ഒരു മുതിര്‍ന്ന എല്‍ഡിഎഫ് നേതാവിന്റെ മകന്റെ വിക്രിയകള്‍ ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. എല്‍ഡിഎഫ്-യുഡിഎഫ് നേതാക്കള്‍ കുടുംബാധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ്. അധികാരഭ്രമം കാരണം വര്‍ഗീയ ശക്തികളുമായി പോലും ഇവര്‍ ബന്ധമുണ്ടാക്കുന്നുവെന്നും മോദി ആരോപിച്ചു. 

ഭരണത്തില്‍ ശ്രദ്ധിക്കാന്‍ എല്‍ഡിഎഫ്-യുഡിഎഫ് നേതാക്കള്‍ക്ക് സമയമില്ല. കേരളത്തില്‍ ഭരണസ്തംഭനമുണ്ടായിരിക്കുന്നു. ഭക്തര്‍ക്ക് പൂക്കള്‍ നല്‍കേണ്ടതിന് പകരം ലാത്തി കൊണ്ടാണ് സര്‍ക്കാര്‍ നേരിട്ടത്. നിഷ്‌കളങ്കരായ ഭക്തര്‍ ക്രിമിനലുകളല്ല. സഹജീവികള്‍ക്ക് നന്മ ചെയ്യാനാണ് അയ്യപ്പന്‍ പഠിപ്പിച്ചത്. പവിത്രമായ സ്ഥലങ്ങള്‍ ഇടത് ഏജന്റുമാരെ ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിച്ചു എന്നും മോദി പറഞ്ഞു. 

കമ്യൂണിസം കാട്ടു തീ പോലെയാണ്. എല്ലാവരെയും വിഴുങ്ങിക്കളയുമെന്ന് മോദി പറഞ്ഞു. കമ്യൂണിസം രാജ്യാന്തര തലത്തില്‍ പരാജയപ്പെട്ട പ്രത്യയശാസ്ത്രമാണ്. നരേന്ദ്രമോദി കൂട്ടിച്ചേര്‍ത്തു. മുത്തലാഖ് വിഷയത്തിലും എസ്ഡിപിഐ പോലുള്ള സംഘടനകളുടെ കാര്യത്തിലും മുസ്ലിം ലീഗിന്റെ നിലപാട് എന്താണെന്നും പ്രധാനമന്ത്രി ചോദിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com