ശ്രദ്ധിക്കൂ; വോട്ട് ചെയ്യാൻ ബൂത്തിലേക്ക് പോകുമ്പോൾ ഇവയിൽ ഒന്ന് കരുതുക

ശ്രദ്ധിക്കൂ; വോട്ട് ചെയ്യാൻ ബൂത്തിലേക്ക് പോകുമ്പോൾ ഇവയിൽ ഒന്ന് കരുതുക
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: അടുത്ത അഞ്ച് വർഷം കേരളം ആര് ഭരിക്കണമെന്ന് നാളെ ജനങ്ങൾ തീരുമാനിക്കും. 140 നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്‌സഭാ മണ്ഡലത്തിലേക്കുമുള്ള വിധിയെഴുത്ത് നാളെ രാവിലെ ഏഴിന് ആരംഭിക്കും. 131 മണ്ഡലങ്ങളിൽ വൈകീട്ട് ഏഴ് വരെയും ഒൻപത് നിയമസഭാ മണ്ഡലങ്ങളിൽ വൈകീട്ട് ആറ് വരെയുമാണ് വോട്ടെടുപ്പ്. 957 സ്ഥാനാർത്ഥികളാണ് സംസ്ഥാന നിയമസഭയിലേക്ക് മത്സര രംഗത്തുള്ളത്. 

വോട്ട് ചെയ്യാൻ പോകുമ്പോൾ തിരിച്ചറിയൽ രേഖയായി എന്താണ് കൈയിൽ കരുതേണ്ടതെന്ന കൺഫ്യൂഷൻ ചിലർക്കുണ്ടാകും. പ്രത്യേകിച്ച് കന്നി വോട്ട് ചെയ്യാൻ എത്തുന്നവർക്ക്. താഴെ പറയുന്നവയിൽ ഏതെങ്കിലും ഒന്നാണ് വോട്ട് ചെയ്യാൻ ബൂത്തിലെത്തുമ്പോൾ കൈയിൽ കരുതേണ്ടത്. 

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, ആധാർ കാർഡ്, സംസ്ഥാന/ കേന്ദ്ര സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ/ പൊതുമേഖലാല കമ്പനികൾ നൽകുന്ന തിരിച്ചറിയൽ കാർഡുകൾ, ബാങ്ക്/ പോസ്റ്റ് ഓഫീസിലെ ഫോട്ടോ പതിച്ച പാസ്ബുക്ക് (സഹകരണ ബാങ്കുകളിലെ രേഖകൾ സ്വീകരിക്കില്ല), പാൻ കാർഡ്, കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ സ്മാർട്ട് കാർഡ്, തൊഴിൽ പദ്ധതി ജോബ് കാർഡ്, കേന്ദ്ര സർക്കാർ മന്ത്രാലയത്തിന്റെ ആരോ​ഗ്യ ഇൻഷുറൻസ് കാർഡ്, ഫോട്ടോ പതിച്ച പെൻഷൻ കാർഡ്, എംപി/ എംഎൽഎ/ എംഎൽസി എന്നിവർക്കുള്ള ഔ​ദ്യോ​ഗിക തിരിച്ചറിയൽ കാർഡ്. 

40771 പോളിങ്‌ ബൂത്തുകളാണ് സംസ്ഥാനത്ത് സജ്ജീകരിച്ചിട്ടുള്ളത്. മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ, ഏറനാട്, നിലമ്പൂർ, വണ്ടൂർ, കൊങ്ങാട്, മണ്ണാർക്കാട്, മലമ്പുഴ മണ്ഡലങ്ങളിൽ വൈകീട്ട് ആറ് മണിവരെ മാത്രമാകും വോട്ടെടുപ്പ്. മലപ്പുറം പാർലമെന്റ് മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ ആറ് സ്ഥാനാർത്ഥികളും മത്സര രംഗത്തുണ്ട്. 13283727 പുരുഷന്മാരും 14162025 സ്ത്രീകളും 290 ട്രാൻസ്‌ജെൻഡേഴ്‌സും ഉൾപ്പെടെ 27446039 വോട്ടർമാരാണുള്ളത്. ഇതിൽ 518520 പേർ കന്നി വോട്ടർമാരാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com