ഉത്തരേന്ത്യയിലെ അവസ്ഥ ഇവിടെ സംഭവിക്കാനും സാധ്യത; ജാഗ്രത കൈവിടരുതെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

ഉത്തരേന്ത്യയിലും മറ്റും കാണുന്ന അവസ്ഥ ഇവിടേയും സംജാതമാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: ഉത്തരേന്ത്യയിലും മറ്റും കാണുന്ന അവസ്ഥ ഇവിടേയും സംജാതമാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പ്. അതിനാല്‍ എല്ലാവിധ ആള്‍ക്കൂട്ടങ്ങളും കൂടിച്ചേരലുകളും ഒഴിവാക്കണം. രോഗബാധയ്ക്ക് കൂടുതല്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ചെല്ലുമ്പോള്‍ ഒരു മാസ്‌കിനു മുകളില്‍ മറ്റൊരു മാസ്‌ക് ധരിക്കുന്ന രീതി അവലംബിക്കുന്നത് നല്ലതാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പുതുതായി രോഗികളാകുന്നവരുടെ എണ്ണം കുറഞ്ഞെങ്കില്‍ മാത്രമേ ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണവും കുറയുകയുള്ളു. ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണം കുറഞ്ഞാല്‍ മാത്രമേ അതിതീവ്ര ചികിത്സ ആവശ്യമുള്ളവരുടെ എണ്ണം കുറച്ചുകൊണ്ടു വരാന്‍ സാധിക്കൂ. ആ വിധം ശ്രദ്ധിച്ചാല്‍ നമുക്ക് മരണങ്ങള്‍ ഫലപ്രദമായി തടഞ്ഞു നിര്‍ത്താനും കഴിയും. രോഗികളുടെ എണ്ണത്തിന്റെ വര്‍ധനയ്ക്ക് ആനുപാതികമായി മരണ സംഖ്യയും ഉയരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വീടുകള്‍ക്കുള്ളിലും, ഓഫീസുകളിലും, കടകളിലും, പൊതുനിരത്തിലും ഉള്‍പ്പെടെ ജീവിതത്തിന്റെ നാനാതുറകളിലും മുഴുവന്‍ സമയവും ജാഗ്രത പുലര്‍ത്തിയേ മതിയാകൂ. രോഗലക്ഷണമില്ല എന്നു കരുതിയുള്ള അശ്രദ്ധ പോലും നമുക്കിപ്പോള്‍ താങ്ങാനാവുന്നതല്ല. രോഗലക്ഷണങ്ങള്‍ പുറത്തുവരാത്ത പ്രീസിംപ്റ്റമാറ്റിക് ഫേസിലാണ് അതീതീവ്ര വ്യാപനങ്ങള്‍ നടക്കാറുള്ളത്. നമ്മളറിയാതെ മറ്റുള്ളവരിലേയ്ക്ക് രോഗം പകരുകയാണ് ചെയ്യുന്നത്. രോഗബാധിതനായ വ്യക്തി എത്രമാത്രം ജാഗ്രത കാണിക്കുന്നുവോ അതുപോലെ എല്ലാവരും ജാഗ്രത കാണിക്കണം.

കടകള്‍ നേരത്തേ അടയ്ക്കുന്നതും, രാത്രികാലങ്ങളിലെ യാത്ര ഉള്‍പ്പെടെയുള്ളവയിലെ നിയന്ത്രണങ്ങളും, വാരാന്ത്യങ്ങളില്‍ സ്വീകരിക്കുന്ന ലോക് ഡൗണ്‍ സമാന നിയന്ത്രണവും ആള്‍ക്കൂട്ടങ്ങള്‍ പാടില്ല എന്നു പറയുന്നതുമെല്ലാം ഏതെങ്കിലും വിധത്തില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കാനല്ല എന്നു മനസ്സിലാക്കണം. സാഹചര്യത്തിന്റെ ഗൗരവം ജനങ്ങള്‍ കൂടുതല്‍ മനസ്സിലാക്കാന്‍ കൂടി വേണ്ടിയാണത്. 

സാമൂഹ്യജാഗ്രതയുടെ നെടുനായകത്വം ഈ നാട്ടിലെ ജനങ്ങള്‍ തന്നെ ഏറ്റെടുക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അതിനാവശ്യമായ സാമൂഹ്യബോധമുള്ള ജനതയാണ് നമ്മള്‍. മുന്‍പ് നമ്മള്‍ തെളിയിച്ചതാണത്. സാഹചര്യത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞു സ്വയമേവ മുന്‍കൈ എടുക്കാന്‍ ഓരോ പൗരനും സാധിക്കണം.

കോവിഡ് നിയന്ത്രണാതീതമായി വളര്‍ന്ന മറ്റു സംസ്ഥാനങ്ങളില്‍ മ്യൂട്ടന്റ് വൈറസുകളുടെ വ്യാപനം ശക്തമായ സാഹചര്യത്തിലാണ് സ്ഥിതിഗതി ഗുരുതരമായത്. ഒരു തവണ രോഗം വന്നവര്‍ക്ക് വീണ്ടും വരുന്ന സാഹചര്യവും അവിടങ്ങളില്‍ ഉടലെടുത്തു. സെറോ പ്രിവലന്‍സ് പഠന പ്രകാരം 50 മുതല്‍ 60 ശതമാനം വരെ ആളുകള്‍ക്ക് ഡല്‍ഹിയില്‍ രോഗം വന്നു പോയി. എന്നിട്ടും ഇത്തവണ ഇത്ര ശക്തമായ രീതിയില്‍ രോഗവ്യാപനം ഉണ്ടായിരിക്കുകയാണ്. പരമാവധി ആളുകള്‍ക്ക് രോഗം വന്നു മാറിയാല്‍ ഈ മഹാമാരിയെ മറികടക്കാം എന്ന രീതിയില്‍ നടന്ന പ്രചരണങ്ങളെ നിരാകരിക്കുന്നതാണ് ഈ വസ്തുതകള്‍. അത്തരം വാദങ്ങള്‍ക്ക് ആരും ചെവികൊടുക്കരുത്. 

ജനിതക വ്യതിയാനം വന്ന വൈറസുകളുടെ സാന്നിദ്ധ്യം ഡല്‍ഹിയിലും മറ്റും ആഴ്ചകള്‍ക്ക് മുന്‍പ് ഉണ്ടായിരുന്ന നിലയിലാണ് നമ്മുടെ സംസ്ഥാനത്തും നിലവിലുള്ളത്. വളരെ ശക്തമായ രോഗവ്യാപനം നമ്മള്‍ മുന്‍കൂട്ടിക്കാണേണ്ടതുണ്ട്. കരുത്തുറ്റ പ്രതിരോധവും ജാഗ്രതയും മാത്രമാണ് മുന്‍പിലുള്ള വഴിയെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com