കുട്ടിക്കൊമ്പൻ കഴുത്തിൽ കിടന്ന ശംഖ് വിഴുങ്ങി, തൊണ്ടയിൽ കുടുങ്ങിയ ശംഖ് പുറത്തെടുത്തത് ശസ്ത്രക്രിയയിലൂടെ; അന്വേഷണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th December 2021 08:30 AM  |  

Last Updated: 06th December 2021 08:30 AM  |   A+A-   |  

elephant swallowed conch

പ്രതീകാത്മക ചിത്രം

 

പത്തനംതിട്ട; കോന്നി ആനത്താവളത്തിലെ കുട്ടിക്കൊമ്പന്റെ തൊണ്ടയിൽ കുടങ്ങിയ ശംഖ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കഴുത്തിൽ കിടന്നിരുന്ന ശംഖാണ് തൊണ്ടയിൽ കുടുങ്ങിയത്. അസ്വസ്ഥത കാണിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തൊണ്ടയിൽ ശംഖ് കുടുങ്ങിയ കാര്യം അറിയുന്നത്. സംഭവത്തിൽ വനംവകുപ്പ് പുനലൂർ ഫ്ലയിങ് സ്ക്വാഡ് ഡിഎഫ്ഒ പ്രാഥമിക അന്വേഷണം നടത്തി. 

കഴുത്തിൽ കിടന്ന ശംഖ് കാണാനില്ല

സീതത്തോട് വേലുത്തോട് വനത്തിൽ നിന്നു കൂട്ടംതെറ്റിയ നിലയിൽ വനം വകുപ്പിനു ലഭിച്ച രണ്ടു വയസ്സുള്ള കുട്ടിയാനയെ സെപ്റ്റംബർ 9നാണ് കോന്നി ആനത്താവളത്തിലേക്കു കൊണ്ടുവന്നത്. ആരോഗ്യവാനായി കഴിയുന്നതിനിടെ ഒരു മാസം മുൻപാണ് സംഭവം. കഴുത്തിൽ കിടന്ന ശംഖ് കാണാതാകുകയും ആന അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തതോടെ പരിശോധിക്കുകയായിരുന്നു. ഉടൻതന്നെ ശസ്ത്രക്രിയ നടത്തി ശംഖ് പുറത്തെടുത്തു. 

വീഴ്ച സംഭവിച്ചാൽ കർശന നടപടി

സംഭവം ശ്രദ്ധയിൽപ്പെട്ട ഡിഎഫ്ഒ ബൈജു കൃഷ്ണൻ കോന്നി റേഞ്ച് ഓഫിസുമായി ബന്ധപ്പെട്ട് വിശദീകരണം ചോദിച്ചു. ഭക്ഷണത്തിന്റെയും ചികിത്സയുടെയും കാര്യത്തിലും വേണ്ട മുന്നറിയിപ്പുകളും നൽകി. ദിവസം രണ്ടു തവണയെങ്കിലും ആനയെ നിരീക്ഷിക്കാനും റേഞ്ച് ഓഫിസറെ ചുമതലപ്പെടുത്തി. ഈ സംഭവത്തിൽ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് അലംഭാവമോ വീഴ്ചയോ സംഭവിച്ചുവെന്ന് ബോധ്യപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്നും ഫ്ലയിങ് സ്ക്വാഡ് ഡിഎഫ്ഒ പറഞ്ഞു.