അച്ഛന്റെ മോഷണം പോയ ബൈക്കിൽ നഗരം ചുറ്റുന്ന യുവാക്കളെ കണ്ടു, പിന്തുടർന്ന് മകൻ; കുട്ടി മോഷ്ടാക്കൾ പിടിയിൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th January 2021 08:05 AM |
Last Updated: 07th January 2021 08:06 AM | A+A A- |

പ്രതീകാത്മക ചിത്രം
കോഴിക്കോട്; അച്ഛന്റെ മോഷണം പോയ ബൈക്ക് നഗരത്തിലൂടെ മറ്റൊരാൾ ഓടിച്ചു പോകുന്നത് മകൻ കണ്ടു. പിന്തുടർന്നു തടഞ്ഞു നിർത്തിയപ്പോൾ പിടിയിലായത് കുട്ടി മോഷ്ടാക്കൾ. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് അരക്കിണർ സ്വദേശിയുടെ ബൈക്ക് മോഷണം പോയത്. അന്വേഷണം നടക്കുന്നതിനിടെയാണ് അച്ഛന്റെ ബൈക്കുമായി കറങ്ങുന്ന യുവാക്കളെ മകൻ കണ്ടത്.
ബൈക്കുകൾ പിന്തുടർന്നെത്തിയ മകൻ അവരെ തടഞ്ഞു നിർത്തി പൊലീസിനെ വിളിക്കുകയായിരുന്നു. ടൗൺ പൊലീസ് സ്ഥലത്തെത്തി കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് ബൈക്ക് മോഷ്ടിച്ചതാണെന്ന് മനസ്സിലായത്. ഇതോടെ 2 ബൈക്കുകളിലായെത്തിയ പ്രായപൂർത്തിയാകാത്തവരുൾപ്പെടെ 4 പേർ പൊലീസിന്റെ പിടിയിലായി. പന്നിയങ്കര ചക്കുംകടവ് അമ്പലത്താഴെ എംപി വീട്ടിൽ ഫാസിൽ (19), മലപ്പുറം പുളിക്കൽ സിയാംകണ്ടം കിഴക്കയിൽ വീട്ടിൽ അജിത് (19), പ്രായപൂർത്തിയാകാത്ത രണ്ടു പേർ എന്നിവരാണ് അറസ്റ്റിലായത്.
നഗരത്തിൽ പലയിടത്തുമുള്ള പാർക്കിങ് സ്ഥലത്തു നിന്ന് ബൈക്ക് മോഷ്ടിക്കുകയാണ് ഇവരുടെ പതിവ്. കഴിഞ്ഞ വർഷം പന്തീരാങ്കാവിൽ 2 ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതിയാണ് ഫാസിൽ. മാറാട് സ്റ്റേഷനിൽ പോക്സോ കേസ് പ്രതിയാണ് അജിത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന കുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു.