വീണയും ജനീഷും തുടരും ; റാന്നി കേരള കോണ്‍ഗ്രസിന് നല്‍കരുത്, രാജു എബ്രാഹാമിന് ഇളവ് വേണം ; പത്തനംതിട്ടയില്‍ സിപിഎം സാധ്യതാപട്ടിക
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd March 2021 01:01 PM |
Last Updated: 02nd March 2021 01:09 PM | A+A A- |
വീണ ജോര്‍ജ്, രാജു എബ്രഹാം / ഫയല്‍ ചിത്രം
പത്തനംതിട്ട : പത്തനംതിട്ട ജില്ലയില്‍ സിപിഎം സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടികയായി. ആറന്മുളയില്‍ നിലവിലെ എംഎല്‍എ വീണ ജോര്‍ജിനെയും കോന്നിയില്‍ കെ യു ജനീഷ് കുമാര്‍ എംഎല്‍എയെയും വീണ്ടും മല്‍സരിപ്പിക്കാന്‍ പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ധാരണയായി. സ്ഥാനാര്‍ത്ഥിത്വം ലഭിച്ചാല്‍ ഇരുവരുടേയും രണ്ടാമൂഴമാണ്.
ഉപതെരഞ്ഞെടുപ്പിലൂടെയാണ് ജനീഷ് കുമാര്‍ കോന്നിയില്‍ വിജയിച്ചത്. അതേസമയം സിപിഎമ്മിന്റെ സിറ്റിങ് സീറ്റായ റാന്നി കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് വിട്ടുകൊടുക്കുന്നതില്‍ സിപിഎം നേതൃയോഗത്തില്‍ എതിര്‍പ്പുയര്‍ന്നു.
റാന്നി സീറ്റില്‍ വീണ്ടും രാജു എബ്രഹാമിനെ മല്‍സരിപ്പിക്കണമെന്നാണ് നിര്‍ദേശം ഉയര്‍ന്നത്. ഒരു തവണ കൂടി രാജു എബ്രഹാമിന് മല്‍സരിക്കാന്‍ അനുമതി കൊടുക്കണമെന്നും, അതിനായി മാനദണ്ഡത്തില്‍ ഇളവ് അനുവദിക്കണമെന്നുമാണ് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗം ശുപാര്‍ശ ചെയ്തത്.
തുടര്‍ച്ചയായി അഞ്ചുതവണ റാന്നിയില്‍ നിന്നും രാജു എബ്രഹാം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1996, 2001, 2006, 2011, 2016 എന്നീ തെരഞ്ഞെടുപ്പുകളിലാണ് രാജു എബ്രഹാം വിജയിച്ചത്.