മകളുടെ പിറന്നാൾ ആഘോഷമാക്കി, പണിതീരാത്ത വീട്ടിലേക്ക് കൊണ്ടുപോയി കുഞ്ഞുങ്ങളുടെ കഴുത്തിൽ കുരുക്കിട്ടു; നടുക്കം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th March 2021 09:01 AM  |  

Last Updated: 18th March 2021 09:04 AM  |   A+A-   |  

rukesh_and_kids

മരിച്ച രുകേഷും മക്കളും

 

കാസർകോട്; മകളുടെ പിറന്നാൾ കേക്ക് മുറിച്ച് ആഘോഷിച്ചതിന് ശേഷമാണ് രുകേഷ് രണ്ട് മക്കളേയും കൊണ്ട് വീട്ടിൽ നിന്ന് ഇറങ്ങിയത്. അച്ഛൻ വാങ്ങിത്തരാൻ പോകുന്ന സമ്മാനത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ഈ കുഞ്ഞുങ്ങൾ. എന്നാൽ ആഘോഷത്തിന്റെ മധുരം മാറുന്നതിന് മുൻപ് മക്കളുടെ കഴുത്തിൽ കയർ കുരുക്കി അവരെ കൊലപ്പെടുത്തി. തൊട്ടുപിന്നാലെ രുകേഷും യാത്രയായി. ചെറുവത്തൂരിൽ മക്കൾ കൊലപ്പെടുത്തി അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം നാടിനെ നടുക്കിയിരിക്കുകയാണ്. 

പിലിക്കോട് മടിവയലിലെ വീട്ടിൽ ഉച്ചയ്ക്കാണ് മകൾ വൈദേഹിയുടെ പിറന്നാൾ ആഘോഷിച്ചത്. അതിനു ശേഷം വൈദേഹിയേയും മകൻ ശിവനന്ദിനേയും കൂട്ടി പുറത്തേക്ക് ഇറങ്ങി. കുട്ടികൾക്ക് എന്തെങ്കിലും വാങ്ങിച്ചു കൊടുക്കണമെന്ന് പറഞ്ഞായിരുന്നു യാത്ര. സഹോദരൻ ഉമേഷ് ജോലിക്ക് പോയതിനാൽ ഉച്ചക്ക് പിറന്നാൾ ആഘോഷത്തിന് എത്തിയിരുന്നില്ല. എന്നാൽ രാത്രിയിൽ പിറന്നാൾ കേക്ക്, ഐസ്ക്രീം തുടങ്ങിയവയുമായി എത്തി കുട്ടികളെ കാത്തിരുന്നു. 

രാത്രി വളരെ വൈകിയിട്ടും രുകേഷും മക്കളും തിരിച്ച് എത്താത്തതിനെ തുടർന്ന് ഉമേഷ് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നാണ് പറയുന്നത്.  തുടർന്ന് ഭാര്യ വീട്ടിൽ അന്വേഷിച്ചെങ്കിലും അവിടെയും എത്തിയിരുന്നില്ല എന്നറിഞ്ഞതോടെ മറ്റ് ഏതെങ്കിലും ബന്ധുവീട്ടിൽ ഉണ്ടായിരിക്കാമെന്ന് കരുതി. രാവിലെ ഉമേഷ് മടിക്കുന്നിലെ രുകേഷിന്റെ നിർമാണത്തിലിരിക്കുന്ന വീട്ടിൽ എത്തിയപ്പോഴാണ് രുകേഷിനേയും മക്കളേയും മരിച്ച നിലയിൽ കണ്ടത്. 

ഓട്ടോ ഡ്രൈവർ പിലിക്കോട് മടിവയലിലെ കെ.ആർ. രുകേഷ്(37), മക്കളായ വൈദേഹി (10), ശിവനന്ദ്(6) എന്നിവരാണു മരിച്ചത്. കാഞ്ഞങ്ങാട് രാവണേശ്വരം സ്വദേശി സബിയയാണ് രുകേഷിന്റെ ഭാര്യ. ഒരു വർഷത്തിലധികമായി സബിയ സ്വന്തം വീട്ടിലാണ് താമസമെന്നു നാട്ടുകാർ പറയുന്നു. രണ്ടാഴ്ച മുൻപാണ് രുകേഷ് ഭാര്യ വീട്ടിൽനിന്നു 2 കുട്ടികളെയും കൂട്ടി മടിവയലിലെ തറവാട് വീട്ടിൽ എത്തിയത്.