രാജ്യസഭ തെരഞ്ഞെടുപ്പ് : തീയതി ഉടന്‍ തീരുമാനിക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th March 2021 04:51 PM  |  

Last Updated: 29th March 2021 04:51 PM  |   A+A-   |  

Kerala High Court

കേരള ഹൈക്കോടതി/ഫയല്‍

 

കൊച്ചി: കേരളത്തിലെ  ഒഴിവുകളുള്ള മൂന്ന് രാജ്യസഭാ തെരഞ്ഞെടുപ്പിന്റെയും തീയതി ഉടന്‍ തീരുമാനിക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. നിയമപരമായ സമയക്രമം പാലിച്ച് തന്നെ തെരഞ്ഞെടുപ്പ് നടത്തുമെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചു. 

കേരളത്തില്‍ ഒഴിവുള്ള മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുമുള്ള തെരഞ്ഞെടുപ്പ് മരവിപ്പിച്ചതിനെതിരെ സിപിഎമ്മും നിയമസഭ സെക്രട്ടറിയും നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കമ്മീഷന്‍ നിലപാട് അറിയിച്ചത്. 

രാജ്യസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ പ്രഖ്യാപിച്ചത്. വിജ്ഞാപനം ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. നിയമ മന്ത്രാലയത്തിന്റെ ശുപാര്‍ശകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങളെ സ്വാധീനിക്കില്ലെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചു. 

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് രേഖാമൂലം കൈമാറാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് മാറ്റിവെച്ച നടപടി ചട്ടവിരുദ്ധമാണെന്ന് ഹര്‍ജിക്കാരായ സിപിഎമ്മും നിയമസഭ സെക്രട്ടറിയും ആരോപിച്ചു. ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും.