'പാര്‍ട്ടി അങ്ങനെയാണ് തീരുമാനിച്ചത്'; എന്തുകൊണ്ട് മാറിയില്ല?; പിണറായിയുടെ മറുപടി

എന്നാല്‍ പിണറായി വിജയന്‍ എന്തുകൊണ്ട് മാറിയില്ല എന്ന് ചോദ്യം ഉയര്‍ന്നിരുന്നു
പിണറായി വാര്‍ത്താ സമ്മേളനം/  ചിത്രം ഫെയ്‌സ്ബുക്ക്‌
പിണറായി വാര്‍ത്താ സമ്മേളനം/ ചിത്രം ഫെയ്‌സ്ബുക്ക്‌




തിരുവനന്തപുരം: കെ കെ ശൈലജയെ മന്ത്രിസഭയില്‍ നിന്ന് മാറ്റിയതില്‍ സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും പറയുന്ന വിശദീകരണം പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാന്‍ വേണ്ടിയാണ് എന്നാണ്. എന്നാല്‍ പിണറായി വിജയന്‍ എന്തുകൊണ്ട് മാറിയില്ല എന്ന് ചോദ്യം ഉയര്‍ന്നിരുന്നു. ഇന്നത്തെ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ഈ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്‍കി. 'സാധാരണ ഗതിയില്‍ വരാവുന്ന വിമര്‍ശനമാണ്. പക്ഷേ പാര്‍ട്ടി അങ്ങനെയാണ് തീരുമാനിച്ചത്' എന്നായിരുന്നു പിണറായിയുടെ മറുപടി. 

ഒരാള്‍ക്ക് മാത്രം ഇളവ് നല്‍കേണ്ടതില്ലെന്ന് പാര്‍ട്ടി കൂട്ടായി എടുത്ത തീരുമാനമാണെന്നായിരുന്നു ശൈലജയെ ഒഴിവാക്കിയതില്‍ പിണറായി നല്‍കി വിശദീകരണം. വിമര്‍ശനങ്ങള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളോടുള്ള മതിപ്പ് പ്രകടിപ്പിച്ചുകൊണ്ടുള്ള അഭിപ്രായ പ്രകടനങ്ങളാണ്. ആ അഭിപ്രായങ്ങളെല്ലാം മാനിക്കുന്നു. പുതിയ ആളുകള്‍ വരിക എന്നതാണ് തങ്ങളെടുത്ത സമീപനം. നേരത്തെ പ്രവര്‍ത്തിച്ചവര്‍ എല്ലാവരും ഒന്നിനൊന്ന് മികവ് കാട്ടിയവര്‍ ആയിരുന്നു. എന്നാല്‍ ആര്‍ക്കും ഇളവ് വേണ്ടെന്നാണ് തീരുമാനിച്ചത്.-അദ്ദേഹം പറഞ്ഞു. 

'പൊതുവിലെടുത്ത തീരുനാനം ഇളവ് വേണ്ടെന്നാണ്. അങ്ങനെ ഇളവ് കൊടുത്താല്‍ ഒട്ടേറെപ്പേര്‍ക്ക് കൊടുക്കേണ്ടിവരും. ലോകം ശ്രദ്ധിച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയവരെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നുപോലും ഒഴിവാക്കി. അതൊന്നും അവരുടെ മികവ് മാനിക്കാതെയല്ല. പുതിയ ആളുകള്‍ക്ക് അവസരം നല്‍കുക എന്നാണ് സിപിഎം നിലപാട്  സ്വീകരിച്ചത്. അത് ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്നതായിരുനനു കൂടുതല്‍ റിസ്‌ക്. പക്ഷേ പൊതുജനങ്ങള്‍ ആ നിലപാട് സ്വീകരിച്ചു. ഇതിലൊന്നും ദുരുദ്ദേശമല്ല. ഇക്കാര്യത്തിലും അത് തന്നെയാണ് നടന്നത്'-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

എല്ലാ പ്രവര്‍ത്തനങ്ങളും കൂട്ടായിട്ടാണ് നടക്കുന്നത്. മികവോടെ തന്നെ പ്രവര്‍ത്തനങ്ങള്‍ നടക്കും. ജനറല്‍ സെക്രട്ടറി നീരസം പ്രകടിപ്പിച്ചു എന്ന വാര്‍ത്തകളില്‍ വസ്തുതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com