ആംബുലൻസിന്റേതു പോലെ ശബ്ദം, ഓൺലൈനായി വാങ്ങി കാറിൽ പിടിപ്പിച്ചു, ​ഗതാ​ഗതക്കുരുക്കിനിടെ സൈറൺ മുഴക്കി പാഞ്ഞ് യുവാവ്; പിടിവീണു

സംശയം തോന്നി പിന്നാലെ കൂടിയ യുവാക്കളാണ് വ്യാജ ആംബുലൻസിനെ പിടികൂടാൻ സഹായിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി; ​ഗതാ​ഗതക്കുരുക്ക് ഒഴിവാക്കാൻ സൈറൺ മുഴക്കി പാഞ്ഞ കാർ യാത്രികന് പിടിവീണു. കാക്കനാടാണ് ഇടപ്പള്ളി-പുക്കാട്ടുപടി റോഡിലാണ് ആംബുലൻസിന്റേതു പോലെയുള്ള ശബ്ദം മുഴുക്കുന്ന യന്ത്രം ഉപയോഗിച്ച് കാർ യാത്രക്കാരൻ പാഞ്ഞത്. കാറിന്റെ വിഡിയോ പുറത്തുവന്നതോടെ മോട്ടോർ വാഹനവകുപ്പ് പിടികൂടി 2,000 രൂപ പിഴയീടാക്കി. സംശയം തോന്നി പിന്നാലെ കൂടിയ യുവാക്കളാണ് വ്യാജ ആംബുലൻസിനെ പിടികൂടാൻ സഹായിച്ചത്. 

​ഗതാ​ഗതക്കുരുക്കിൽപ്പെട്ടാൽ സൈറൺ

പുക്കാട്ടുപടി സ്വദേശി അൻസാറാണ് ​ഗതാ​ഗതക്കുരുക്ക് ഒഴിവാക്കാൻ വ്യത്യസ്തമായ ആശയം കൊണ്ടുവന്നത്. ഇതിനായി ഇയാൾ ഓൺലൈനിലൂടെ ആംബുലൻസിന്റെ ശബ്​ദത്തിന് സമാനമായ സൈറൺ വാങ്ങി കാറിൽ ഘടിപ്പിക്കുകയായിരുന്നു. ​ഗതാ​ഗതക്കുരുക്കിൽ പെടുകയാണെങ്കിൽ ഇത് ഉപയോ​ഗിക്കുകയാണ് പതിവ്. ഇടപ്പള്ളി-പുക്കാട്ടുപടി റോഡിലൂടെ സൈറൺ മുഴക്കി പോകുന്ന കാർ കണ്ട് സംശയം തോന്നിയ യുവാക്കളാണ് വിഡിയോ പകർത്തിയത്. 

വിഡിയോ എടുത്ത് ആർടിഒയ്ക്ക് അയച്ചു

കാറിനെ പിന്തുടർന്ന് ഇവർ വിഡിയോ പകർത്തുകയായിരുന്നു. ഇതിന്റെ വിഡിയോ പിടിച്ചതും വണ്ടിനമ്പറും കുറിച്ചെടുത്തതും ആർടിഒ പി.എം. ഷബീറിന് അയച്ചുകൊടുത്തു. തുടർന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആർ. ചന്തുവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് അൻസാറിനെ കണ്ടെത്തിയത്. ആദ്യം വാഹനത്തിന്റെ ആർസി ബുക്കിലെ നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ എടുക്കാത്തതിനെ തുടർന്ന് വെഹിക്കിൾ ഇൻസ്പെക്ടർ നേരിട്ട് ഇയാളുടെ വീട്ടിലെത്തി. ആദ്യം കുറ്റം നിഷേധിച്ച അൻസാർ, പിന്നീട് കേസാകുമെന്ന് അറിഞ്ഞതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com