കുട്ടിയും ഒരാളും ഒഴുകിവരുന്നു, ചാടി പിടിച്ച് വണ്ടിയിൽ കയറ്റി; പുല്ലുപാറയിൽ രക്ഷകരായി കെഎസ്ആർടിസി ജീവനക്കാർ

എരുമേലിയിലേക്ക് സർവീസ് നടത്തുകയായിരുന്ന കെഎസ്ആർടിസി ബസിലെ ജീവനക്കാരാണ് പുല്ലുപാറയിൽ ഉരുൾപൊട്ടലിൽപ്പെട്ടവരുടെ രക്ഷയ്ക്കെത്തിയത്
ടെലിവിഷൻ ദൃശ്യം
ടെലിവിഷൻ ദൃശ്യം

കോട്ടയം; പുല്ലുപാറയിലെ ഉരുള്‍പൊട്ടൽ പെട്ടവരെ രക്ഷിച്ച് കെഎസ്ആർടിസി ജീവനക്കാർ. എരുമേലിയിലേക്ക് സർവീസ് നടത്തുകയായിരുന്ന കെഎസ്ആർടിസി ബസിലെ ജീവനക്കാരാണ് പുല്ലുപാറയിൽ ഉരുൾപൊട്ടലിൽപ്പെട്ടവരുടെ രക്ഷയ്ക്കെത്തിയത്. മലവെള്ളപ്പാച്ചിലിൽ ഒഴുകിവന്ന രണ്ടുപേരെയാണ് രക്ഷപ്പെടുത്തിയത്. 

രണ്ടു പേർ ഒഴുകിവരുന്നത് കണ്ടക്ടർ​ കണ്ടു

ഇന്നലെ രാവിലെയാണ് പുല്ലുപാറയിൽ ഉരുൾപൊട്ടിയത്. ആ സമയത്ത് നിരവധി വാഹനങ്ങൾക്കൊപ്പം കെഎസ്ആർടിസി ബസും റോഡിലുണ്ടായിരുന്നു. വെള്ളം ഒഴുകി ബസ്സിനടുത്തേക്ക് വരുന്ന ദൃശ്യങ്ങൾ പകർത്തുന്നതിനിടെ ഒരു കുട്ടിയും മറ്റൊരാളും ഒഴുകിവരുന്നത് കണ്ടക്ടർ കണ്ടു. അദ്ദേഹം പെട്ടെന്ന് അവരെ ചാടിപ്പിടിച്ച് വണ്ടിയിൽ കയറ്റി. അതിനു ശേഷം കാറിനടിയിൽ ഒരു സ്ത്രീയുടെ കാൽ ഉടക്കി കിടക്കുന്നത് കണ്ടു. കാർ പൊക്കി അവരെ എഴുന്നൽപ്പിച്ച് അവരെയും ബസ്സിൽ കയറ്റി. അവിടെയുണ്ടായിരുന്ന വാഹനങ്ങളിൽ ഏതാണ്ട് നൂറോളം ആളുകൾ ഉണ്ടായിരുന്നു. അവരെയെല്ലാം രണ്ടു മണിവരെ സുരക്ഷിതമായ വാഹനത്തിൽ കയറ്റി ഇരുത്തി. പിന്നീട് ഇവരെ  കാൽനടയായി മറ്റു സ്ഥലങ്ങളിലേക്ക് മാറ്റി.- കെഎസ്ആർടിസി ഡ്രൈവർ പറഞ്ഞു. 

കൂട്ടിക്കലിൽ മരണം നാലായി

ഇന്നലെയുണ്ടായ പേമാരിയിൽ കോട്ടയത്ത് കനത്ത നാശനഷ്ടമാണ് ഉണ്ടായത്. കൂട്ടിക്കലിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഓട്ടോഡ്രൈവറായ ഓലിക്കൽ ഷാലറ്റിന്റെ(29)മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ കൂട്ടിക്കൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം നാലായി. കൂട്ടിക്കല്‍ വെട്ടിക്കാനത്ത് നിന്നാണ് ഷാലറ്റിന്റെ മൃതദേഹം ലഭിച്ചത്. കാണാതായവരുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്നില്ല. ഉരുൾപ്പൊട്ടലിനെ തുടർന്ന് കൂട്ടിക്കൽ പഞ്ചായത്ത് ഒറ്റപ്പെട്ട നിലയിലാണ്. ഉരുൾപൊട്ടലിൽ നാല് വീടുകൾ പൂർണമായി തകർന്നിരുന്നു. കാണാതായവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. ഫയർഫോഴ്‌സും ദേശീയ ദുരന്തനിവാരണ സേനയും കരസേനയും സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com