എല്‍ഡിഎഫിനെ പിന്തുണച്ച് ബിജെപി ; കോട്ടയം നഗരസഭയില്‍ അവിശ്വാസ പ്രമേയം ഇന്ന് ; യുഡിഎഫ് പുറത്തേക്ക് ?

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th September 2021 10:10 AM  |  

Last Updated: 24th September 2021 10:10 AM  |   A+A-   |  

kottayam municipality

ഫയല്‍ ചിത്രം

 

കോട്ടയം : കോട്ടയം നഗരസഭയില്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യനെതിരെ എല്‍ഡിഎഫ് നല്‍കിയ അവിശ്വാസ പ്രമേയം ഇന്ന് ചര്‍ച്ച ചെയ്യും. നഗരസഭാ കൗണ്‍സില്‍ ഹാളില്‍ 11നാണ് ചര്‍ച്ച. ഇടതുപക്ഷം കൊണ്ടുവരുന്ന അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കാന്‍ ബിജെപി തീരുമാനിച്ചു. 

ഇക്കാര്യം ചൂണ്ടിക്കാട്ടി ബിജെപി അംഗങ്ങള്‍ക്ക് വിപ്പ് നല്‍കി. ഭരണസമിതിയില്‍ നേരത്തെ തന്നെ വിശ്വാസം നഷ്ടപ്പെട്ടിരുന്നു. അതിനാലാണ് അവിശ്വാസത്തെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചത്. എല്‍ഡിഎഫുമായി ഒരു അവിശുദ്ധ കൂട്ടുകെട്ടുമില്ലെന്നും ബിജെപി ജില്ലാ പ്രസിഡന്റ് നോബിള്‍ മാത്യു പറഞ്ഞു. ബിജെപിക്ക് എട്ട് കൗണ്‍സിലര്‍മാരാണ് ഉള്ളത്. 

അതേസമയം അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്നും വിട്ടുനില്‍ക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. പാര്‍ട്ടി തീരുമാനം അറിയിക്ക് കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് വിപ്പ് നല്‍കിയിട്ടുണ്ട്. . പ്രതിപക്ഷ നീക്കത്തെ ഒറ്റക്കെട്ടായി നേരിടാന്‍ കഴിഞ്ഞദിവസം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും നാട്ടകം സുരേഷിന്റെയും  സാന്നിധ്യത്തില്‍ ചേര്‍ന്ന യുഡിഎഫ് നേതൃയോഗം തീരുമാനിച്ചിരുന്നു. 

52 അംഗ നഗരസഭയില്‍ എല്‍ഡിഎഫിനും യുഡിഎഫിനും തുല്യ അംഗബലമാണുള്ളത്; 22 പേര്‍ വീതം. ബിജെപിക്ക് എട്ടു പേരും. നറുക്കെടുപ്പിലൂടെയാണ് അധ്യക്ഷ പദവി ബിന്‍സി സെബാസ്റ്റ്യനു ലഭിച്ചത്. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാത്തതും അഴിമതിയും കെടുകാര്യസ്ഥതയും ആരോപിച്ചാണ് എല്‍ഡിഎഫ് അവിശ്വാസം കൊണ്ടുവരുന്നത്.

52 അംഗ നഗരസഭയില്‍ 26 പേര്‍ ഹാജരായാല്‍ ക്വാറം തികയും. എന്നാല്‍ പ്രമേയം ചര്‍ച്ച ചെയ്യാവുന്നതാണ്. അതേസമയം അവിശ്വാസ പ്രമേയം പാസാകാന്‍ 27 പേരുടെ പിന്തുണ വേണം.