ആദ്യരാത്രിക്ക് പിന്നാലെ വധുവിന്റെ സ്വർണവും പണവുമായി മുങ്ങി; രണ്ട് വർഷം മുൻപ് മറ്റൊരു വിവാഹം; യുവാവ് അറസ്റ്റിൽ

ആദ്യരാത്രിക്ക് പിന്നാലെ വധുവിന്റെ സ്വർണവും പണവുമായി മുങ്ങി; രണ്ട് വർഷം മുൻപ് മറ്റൊരു വിവാഹം; യുവാവ് അറസ്റ്റിൽ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പത്തനംതിട്ട: ആദ്യരാത്രി നവവധുവിനൊപ്പം കഴിഞ്ഞ ശേഷം സ്വർണവും പണവുമായി മുങ്ങിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കായംകുളം തെക്കേടത്ത് തറയിൽ അസ്ഹറുദ്ദീൻ റഷീദ് (30)ആണ് അറസ്റ്റിലായത്. അടൂർ പൊലീസാണ് വധുവിന്റെ പിതാവിന്റെ പരാതിയിൽ യുവാവിനെ അറസ്റ്റ് ചെയ്തത്. 

വിവാഹപ്പിറ്റേന്ന് വധുവായ പഴകുളം സ്വദേശിനിയുടെ വീട്ടിൽ നിന്നാണ് ഇയാൾ സ്വർണവും പണവുമായി മുങ്ങിയത്. തുടർന്ന് വധുവിന്റെ പിതാവിന്റെ പരാതിയിൽ വിശ്വാസ വഞ്ചനക്ക് അടൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. 

ഇക്കഴിഞ്ഞ ജനുവരി 30ന് ആദിക്കാട്ടുകുളങ്ങര എസ്എച്ച് ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു അസ്ഹറുദ്ദീനും പഴകുളം സ്വദേശിനിയുമായുള്ള വിവാഹം മതാചാര പ്രകാരം നടന്നത്. തുടർന്ന് ആദ്യരാത്രിക്കായി വരനും വധുവും വധുവിന്റെ വീട്ടിലെത്തി. 31ന് പുലർച്ചെ മൂന്ന് മണിയോടെ സുഹൃത്തിന് അപകടം പറ്റിയെന്നും താൻ ചെന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകണമെന്നും പറഞ്ഞാണ് അസ്ഹറുദ്ദീൻ വധുവിന്റെ വീട്ടിൽ നിന്ന് പോയത്.

ഇയാൾ പോയിക്കഴിഞ്ഞ് മൊബൈൽ ഫോണിലേക്ക് വിളിച്ചപ്പോൾ ഫോൺ സ്വിച്ച്ഡ് ഓഫായി. തുടർന്ന് സംശയം തോന്നിയ വീട്ടുകാർ നടത്തിയ പരിശോധനയിൽ വധുവിന്റെ 30 പവന്റെ ആഭരണങ്ങളിൽ പകുതിയും 2.75 ലക്ഷം രൂപയും കാണാനില്ലെന്ന് മനസിലായി.

പിന്നാലെ വധുവിന്റെ പിതാവ് വരന്റെ വീട്ടുകാരെ വിവരം അറിയിച്ച ശേഷം, അടൂർ പൊലീസിൽ പരാതി നൽകി. വിശ്വാസ വഞ്ചനക്ക് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസ് അന്വേഷണത്തിൽ അസ്ഹറുദ്ദീൻ രണ്ട് വർഷം മുൻപ് ആലപ്പുഴ ചേപ്പാട് സ്വദേശിനിയെ വിവാഹം കഴിച്ചിട്ടുള്ളതായി കണ്ടെത്തി. പ്രതി ചേപ്പാടുള്ള ആദ്യ ഭാര്യയുടെ വീട്ടിലാണെന്നു മനസിലാക്കിയ പൊലീസ് ഇയാളെ അവിടെ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. 

അടൂർ ഡിവൈഎസ്പി ആർ ബിനുവിന്റെ മേൽനോട്ടത്തിൽ രൂപീകരിച്ച അന്വേഷണ സംഘത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com