ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ചില സഖാക്കള്‍ക്ക് എങ്ങനെയും പണമുണ്ടാക്കാമെന്ന ചിന്ത, ഇത് വെച്ചുപൊറുപ്പിക്കില്ല; മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

കോര്‍പ്പറേഷന്‍ നിലനിര്‍ത്തിയതുകൊണ്ട് ബിജെപിയെ തടഞ്ഞെന്ന് തിരുവനന്തപുരം ജില്ലാ നേതൃത്വം ഊറ്റം കൊള്ളേണ്ടതില്ല

തിരുവനന്തപുരം: എങ്ങനെയും പണമുണ്ടാക്കാമെന്ന ചിന്തയാണ് ചില സഖാക്കള്‍ക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിന്റെ തെളിവാണ് എസ് സി-എസ് ടി ഫണ്ട് തട്ടിപ്പ്. പുതിയ ചില സഖാക്കളിലും ഈ പ്രവണത കാണുന്നുണ്ട്. അത് വെച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. 

സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ ഇന്നലെ പ്രതിനിധികളോട് സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. എങ്ങനെയും പണമുണ്ടാക്കാമെന്ന ധാരണയാണ് ചില സഖാക്കള്‍ക്ക്. എസ് സി-എസ് ടി ഫണ്ട് എന്നൊക്കെ പറഞ്ഞാല്‍ അത് പാവങ്ങളുടെ പണമാണ്. അതും തട്ടിച്ചെടുക്കാമെന്ന് കരുതുന്നത് ഈ ധാരണയുടെ ഭാഗമായിട്ടാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 

തിരുവനന്തപുരം ജില്ലാ നേതൃത്വവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന ആക്ഷേപമായിരുന്നു എസ് സി-എസ് ടി ഫണ്ട് തട്ടിപ്പ്. ഈ തട്ടിപ്പിനു പിന്നില്‍ പാര്‍ട്ടിയിലെ ചില യുവനേതാക്കള്‍ ആണെന്നും ആരോപണമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. 

ജില്ലാ നേതൃത്വം ഊറ്റം കൊള്ളേണ്ട

പ്രസംഗത്തില്‍ തിരുവനന്തപുരം ജില്ലാ നേതൃത്വത്തെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. ബിജെപി വളര്‍ച്ച തടയാന്‍ കര്‍മപദ്ധതി തയ്യാറാക്കണമെന്ന നിര്‍ദേശം പാലിച്ചില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കോര്‍പ്പറേഷന്‍ നിലനിര്‍ത്തിയതുകൊണ്ട് ബിജെപിയെ തടഞ്ഞെന്ന് ഊറ്റം കൊള്ളേണ്ടതില്ല. നഗരത്തിലെ പരിപാടികളില്‍ പാര്‍ട്ടി ഘടകങ്ങള്‍ വഴി ജനപങ്കാളിത്തം ഉണ്ടാകുന്നില്ല. സര്‍വീസ് സംഘടനകള്‍ വഴിയാണ് ആളുകള്‍ എത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തുരുത്തുകൾ അം​ഗീകരിക്കാനാവില്ല

വിഭാഗീയത ഇല്ലാതായെങ്കിലും നേതാക്കളെ ചുറ്റിപ്പറ്റി ചില തുരുത്തുകൾ ഉണ്ടാവുന്നുണ്ടെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ജില്ലാ സമ്മേളനത്തിൽ പ്രസം​ഗിക്കവെ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. സാമൂഹികമാധ്യമങ്ങൾ വ്യക്ത്യാരാധനയ്ക്കുപയോഗിക്കാൻ പാടില്ല. പിഎസ് സി പരീക്ഷയിലെ കോപ്പിയടി വിവാദത്തിൽ എസ് എഫ്ഐ നേതാക്കൾ ഉൾപ്പെട്ട സംഭവം, കോർപ്പറേഷനിലെ നികുതിവെട്ടിപ്പ് എന്നിവ പാർട്ടിക്കു നാണക്കേടുണ്ടാക്കി. അനുപമയുടെ കുഞ്ഞിനെ ദത്തുനൽകിയ സംഭവത്തിലും ശരിയായ നിലപാട് സ്വീകരിക്കാനായോ എന്നത് പരിശോധിക്കണമെന്നും പിണറായി വിജയൻ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com