ഒഡീഷയില്‍ നിന്ന് കഞ്ചാവ് 1000 രൂപയ്ക്ക് വാങ്ങി 15,000 രൂപയ്ക്ക് മറിച്ചുവില്‍പ്പന: 24കാരന്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പിടിയില്‍ 

 15 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി തൃശൂര്‍ എക്‌സൈസിന്റെ പിടിയില്‍
സത്യബാൻ പ്രധാൻ
സത്യബാൻ പ്രധാൻ

തൃശൂര്‍:  15 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി തൃശൂര്‍ എക്‌സൈസിന്റെ പിടിയില്‍. ഒഡീഷയിലെ ബലിഗുഡയില്‍ നിന്നും ധന്‍ബാദ് ട്രെയിനില്‍ തൃശൂരിലേക്ക് കഞ്ചാവ് കടത്താന്‍ ശ്രമിച്ച ഒഡീഷ സ്വദേശിയായ സത്യബാന്‍ പ്രധാന്‍ ( 24) ആണ് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് അറസ്റ്റിലായത്. 

ഒഡീഷയില്‍ നിന്നും ഒരു കിലോക്ക് 1000 രൂപ നിരക്കില്‍ വാങ്ങി തൃശൂരിലെത്തിച്ച് കിലോക്ക് 15000 രൂപയ്ക്ക് മറിച്ചുവില്‍പ്പന നടത്താനാണ് യുവാവ് ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു. ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് ബിഹാര്‍ സ്വദേശിയായ ലാല എന്നയാളാണെന്ന് ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചു. ലാലയ്ക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ഒഡീഷയില്‍ നിന്നും എറണാകുളത്തേക്കാണ് പ്രതി ട്രെയിന്‍ ടിക്കറ്റ് എടുത്തിരുന്നത്. ലാലയുടെ നിര്‍ദേശപ്രകാരമാണ് തൃശൂരില്‍ ഇറങ്ങിയതെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി പൊലീസ് പറയുന്നു.
പ്രതി കഞ്ചാവുമായി ധന്‍ബാദ് ട്രെയിനില്‍ വരുന്നുണ്ടെന്ന രഹസ്യവിവരം കിട്ടിയതനുസരിച്ച് വടക്കാഞ്ചേരിയില്‍ നിന്നും തൃശൂര്‍ എക്‌സൈസ് റെയ്ഞ്ച് ഓഫീസിലെ ഷാഡോ ടീം പ്രതിയെ പിന്തുടരുകയുണ്ടായിരുന്നു.

തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കഞ്ചാവുമായി ഇറങ്ങിയ പ്രതിയെ അവിടെ വെച്ച് എക്‌സൈസ് പാര്‍ട്ടിയും റെയില്‍വേ സുരക്ഷാ സേനയും ചേര്‍ന്ന് പിടികൂടുകയായിരുന്നു.അസി.എക്‌സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ എക്‌സൈസ് റെയ്ഞ്ച് പാര്‍ട്ടിയും റെയില്‍വേ സുരക്ഷാ സേനയും നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതി പിടിയിലായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com