വള്ളത്തിന് തീയിട്ടു, ബാരിക്കേഡ് കടലിലെറിഞ്ഞു; കരയും കടലും വളഞ്ഞ് സമരക്കാര്‍; വിഴിഞ്ഞത്ത് സംഘര്‍ഷം 

100ല്‍ അധികം മത്സ്യബന്ധന വള്ളങ്ങളാണ് കടലില്‍ പ്രതിഷേധം തീര്‍ക്കുന്നത്
വിഴിഞ്ഞം സമരത്തില്‍ നിന്ന്/ ടിവി ദൃശ്യം
വിഴിഞ്ഞം സമരത്തില്‍ നിന്ന്/ ടിവി ദൃശ്യം

തിരുവനന്തപുരം: തുറമുഖ നിര്‍മ്മാണത്തിനെതിരെ വിഴിഞ്ഞത്ത് മത്സത്തൊഴിലാളികളുടെ സമരത്തില്‍ സംഘര്‍ഷം. കടലും കരയും ഉപരോധിച്ചുകൊണ്ടായിരുന്നു സമരം. മുതലപ്പൊഴിയില്‍ കടല്‍ ഉപരോധിച്ച സമരക്കാര്‍, കടലിലുണ്ടായിരുന്ന വള്ളത്തിന് തീയിട്ട് പ്രതിഷേധിച്ചു. തീരത്ത് പൊലീസ് നിരത്തിയ ബാരിക്കേഡുകള്‍ സമരക്കാര്‍ കടലിലെറിഞ്ഞു. 

പദ്ധതി പ്രദേശത്തേക്ക് മാര്‍ച്ച് നടത്തിയ സമരക്കാര്‍ പൂട്ട് പൊളിച്ച് പദ്ധതി പ്രദേശത്തേക്ക് പ്രവേശിച്ചു. തുടര്‍ന്ന് സമരക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തുറമുഖ നിര്‍മ്മാണ പ്രദേശത്തെ ഗേറ്റിലെ പൂട്ട് സമരക്കാര്‍ തല്ലിത്തകര്‍ത്തു. 

വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരം നൂറാം ദിവസത്തിലെത്തിയ ദിനത്തിലാണ് സമരക്കാര്‍ പ്രതിഷേധം കടുപ്പിച്ചത്. 100ല്‍ അധികം മത്സ്യബന്ധന വള്ളങ്ങളാണ് കടലില്‍ പ്രതിഷേധം തീര്‍ക്കുന്നത്. പുതുകുറിച്ചി, അഞ്ചുതെങ്ങ് ഫെറോനകളുടെ നേതൃത്വത്തിലാണ് കടല്‍ ഉപരോധ സമരം.

മുല്ലൂരിലും വിഴിഞ്ഞത്തും മുതലപ്പൊഴിയിലും ബഹുജന കൺവൻഷനും സംഘടിപ്പിക്കുമെന്ന് സമരക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂലൈ 20മുതലാണ് സമരം തുടങ്ങിയത്. ആദ്യഘട്ടത്തിൽ സെക്രട്ടേറിയറ്റിന് മുന്നിലായിരുന്ന സമരം പിന്നീട് തുറമുഖ നി‍ർമാണ മേഖലയിലേക്ക് മാറ്റുകയായിരുന്നു.

ആവാസ വ്യവസ്ഥ തക‍ർക്കുന്ന വിഴി‍ഞ്ഞം തുറമുഖ നിർമാണം നി‍ർത്തിവച്ച് ശാസ്ത്രീയ പഠനം നടത്തണം, മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം ഉറപ്പാക്കുക തുടങ്ങി 7 ഇന ആവശ്യങ്ങൾ ഉന്നയിച്ചാണ് മത്സ്യത്തൊഴിലാളികൾ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ സമരം തുടങ്ങിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com