'പുലി ​ഗോപാലന്' കര്‍ഷകവീരശ്രീ അവാര്‍ഡ്; 5000 രൂപ ചികിത്സാധനസഹായം നൽകി വനംവകുപ്പ്

പുലിയുടെ അടിയേറ്റ് ഗോപാലന്റെ കൈയുടെ എല്ലിന് ക്ഷതമുണ്ടായി
'പുലി ​ഗോപാലന്' കര്‍ഷകവീരശ്രീ അവാര്‍ഡ്; 5000 രൂപ ചികിത്സാധനസഹായം നൽകി വനംവകുപ്പ്

അടിമാലി; ആക്രമിക്കാനെത്തിയ പുലിയ പ്രാണരക്ഷാർത്ഥം കൊലപ്പെടുത്തിയ 'പുലി ​ഗോപാലന്' കര്‍ഷകവീരശ്രീ അവാര്‍ഡ് നൽകാൻ രാഷ്ട്രീയ കിസാന്‍ മഹാസംഘ്. മാങ്കുളത്ത് കൃഷിയിടത്തില്‍ ജോലിചെയ്യുന്നതിനിടെയാണ് ​ഗോപാലൻ ആക്രമിക്കപ്പെട്ടത്. ​പുലിയുമായുള്ള മൽപ്പിടത്തിനിടയിൽ ഗുരുതരമായി പരിക്കേറ്റ് അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ക്കഴിയുന്ന ഗോപാലന് എല്ലാ സഹായങ്ങളും നല്‍കാനും തീരുമാനിച്ചു. വനം വരുപ്പും ​ഗോപാലന് ചികിത്സാധനസഹായം നൽകി. 

കൃഷിയിടത്തിലേക്ക് പോകവേ ആക്രമിക്കാനെത്തിയ പുലിയെ ചിക്കണംകുടി സ്വദേശിയായ ഗോപാലൻ വാക്കത്തിക്കൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു. ഗോപാലന്‍ സ്വയരക്ഷയ്ക്കാണ് പുലിയെ വെട്ടിയതെന്ന് മാങ്കുളം റേഞ്ച് ഓഫീസര്‍ക്ക് ബോധ്യപ്പെട്ടു. അതിനാല്‍, ഗോപാലന്റെപേരില്‍ കേസെടുക്കില്ല. ചികിത്സയില്‍ കഴിയുന്ന ഗോപാലന് 5000 രൂപയാണ് വനംവകുപ്പ് ധനസഹായം നല്‍കിയത്. മാങ്കുളം റേഞ്ച് ഓഫീസര്‍ ബി.പ്രസാദ് ആശുപത്രിയിലെത്തി തുക കൈമാറി. പുലിയുടെ അടിയേറ്റ് ഗോപാലന്റെ കൈയുടെ എല്ലിന് ക്ഷതമുണ്ടായി. 

പത്തുവയസ്സ് പ്രായമുള്ള പെണ്‍പുലിയാണ് കൊല്ലപ്പെട്ടത്. ഇതിന് 40 കിലോ തൂക്കമുണ്ട്. പുലികളുടെ ആയുസ്സ് 13 വര്‍ഷമാണ്. പല്ലുകള്‍ കൊഴിഞ്ഞുപോയ പുലി തീറ്റതേടിയാണ് ജനവാസമേഖലയിലേക്കിറങ്ങിയതെന്നാണ് വനംവകുപ്പിന്റെ നിഗമനം. മൃതദേഹപരിശോധന നടത്തിയതിനു ശേഷം പുലിയുടെ മൃതദേഹം സംസ്കരിച്ചു. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പ്രാഥമികനിഗമനം. ദേശീയ കടുവനിര്‍ണയസമിതിയുടെ നേതൃത്വത്തിലായിരുന്നു മൃതദേഹപരിശോധന. സമിതി തിങ്കളാഴ്ച യോഗം ചേര്‍ന്ന് മൃതദേഹപരിശോധനാ റിപ്പോര്‍ട്ട് വനംവകുപ്പിന് കൈമാറും. 

അതിനിടെ വനാതിര്‍ത്തികളില്‍ താമസിക്കുന്നവര്‍ക്ക് വനംവകുപ്പ് ബോധവത്കരണ ക്ലാസ് നടത്തും. കളക്ടറുടെ നിര്‍ദേശപ്രകാരമാണിതെന്ന് മാങ്കുളം ഡി.എഫ്.ഒ. ബി.ജയചന്ദ്രന്‍ അറിയിച്ചു. വന്യമൃഗങ്ങളുടെ സ്വഭാവം, നാട്ടിലിറങ്ങാനുള്ള കാരണം, രക്ഷനേടുന്നതിനുള്ള മാര്‍ഗങ്ങള്‍, മുന്‍കരുതല്‍ എന്നിവയാണ് പഠിപ്പിക്കുക. ആദ്യക്ലാസ് ഓണത്തിനുശേഷം മാങ്കുളം ആറാംമൈലില്‍ നടക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com