ജോണ്‍ പോളിനെ യാത്രയാക്കാൻ കേരളം; സംസ്കാരം ഇന്ന് കൊച്ചിയിൽ  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th April 2022 08:13 AM  |  

Last Updated: 24th April 2022 08:13 AM  |   A+A-   |  

john_paul_new

ഫയല്‍ ചിത്രം

 

കൊച്ചി:  അന്തരിച്ച പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍ പോളിന്‍റെ സംസ്കാരം ഇന്ന് കൊച്ചിയിൽ നടക്കും. വൈകിട്ട് മൂന്ന് മണിക്ക് കൊച്ചി ഇളംകുളത്തെ സെന്‍റ് മേരീസ് സുനഹോ സിംഹാസന പള്ളിയിലാണ് സംസ്കാരം.

ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ 8 മണിയോടെ കൊച്ചി ടൗൺ ഹാളിലേക്ക് മാറ്റും. 11 മണി വരെ ടൗൺഹാളിൽ പൊതുദർശനം. ചലച്ചിത്ര പ്രേമികളും സിനിമ സാംസ്കാരിക മേഖലയും ഇവിടെ അന്തിമ ഉപചാരം അർപ്പിക്കും. ചാവറ കൾച്ചറൽ സെന്‍ററിലും മരടിലെ വീട്ടിലെയും പൊതുദർശനത്തിന് ശേഷം 3 മണിയോടെ പള്ളിയിലെത്തിക്കും. 

ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു 72കാരനായ ജോൺ പോളിന്റെ അന്ത്യം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. രോഗബാധിതനായി രണ്ടു മാസമായി ആശുപത്രിയിലായിരുന്നു. 

നൂറോളം സിനിമകള്‍ക്കാണ് ജോണ്‍ പോള്‍ തിരക്കഥയെഴുതിയത്. കാനറ ബാങ്കിൽ ജീവനക്കാരനായിരുന്ന ജോൺ പോൾ പിന്നീട് ജോലി രാജിവച്ചാണ് മുഴുവൻ സമയ തിരക്കഥാകൃത്തായി മാറിയത്. ഐവി ശശിയുടെ ഞാന്‍ ഞാന്‍ മാത്രം എന്ന സിനിമയ്ക്ക് കഥയെഴുതിക്കൊണ്ടാണ് ജോണ്‍ പോള്‍ സിനിമയിലേക്ക് രംഗപ്രവേശം ചെയ്യുന്നത്. ഭരതന്റെ ചാമരം എന്ന സിനിമയ്ക്കാണ് ആദ്യ തിരക്കഥയൊരുക്കിയത്. ഭരതനു വേണ്ടിയാണ് ഏറ്റവും കൂടുതല്‍ തിരക്കഥയൊരുക്കിയത്. കമലിന്റെ പ്രണയമീനുകളുടെ കടല്‍ ആണ് അവസാനമായി തിരക്കഥ എഴുതിയ സിനിമ. 

മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, യാത്ര, കാതോട് കാതോരം, ഇണ, പാളങ്ങള്‍, കാറ്റത്തെ കിളിക്കൂട്, അതിരാത്രം, മാളൂട്ടി, ഉണ്ണികളെ ഒരു കഥപറയാം, ഓര്‍മയ്ക്കായ്, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, ആലോലം തുടങ്ങിയ ജോണ്‍പോളിന്റെ ശ്രദ്ധേയ സിനിമകളാണ്. 

ഐഷ എലിസബത്താണ് ഭാര്യ. മകള്‍ ജിഷ ജിബി. 

ഈ വാര്‍ത്ത വായിക്കാം

'ഇനിയും കഥ തുടരും', മലയാളത്തിന്റെ കഥപറച്ചിലുകാരന് വിട 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ