യുവതി കുളിമുറിയില്‍ കയറിയ തക്കത്തിന് പതിനൊന്നരപ്പവന്റെ മാലയുമായി കടന്നു; 'ഒളിച്ചു നടന്ന' പ്രതി മംഗലാപുരത്ത് പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th April 2022 12:18 PM  |  

Last Updated: 25th April 2022 12:18 PM  |   A+A-   |  

arrest

പ്രതീകാത്മക ചിത്രം

 

കല്‍പ്പറ്റ : സൗഹൃദം നടിച്ച് യുവതിയെ ലോഡ്ജിലെത്തിക്കുകയും സ്വര്‍ണാഭരണങ്ങള്‍ കവരുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റില്‍. മലപ്പുറം വേങ്ങര കണ്ണാടിപ്പടി സ്വദേശി ഉള്ളാടന്‍ അബ്ദുല്‍ ഹമീദ് (ബാവ-39) ആണ് അറസ്റ്റിലായത്.  മംഗലാപുരം റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് ഇയാളെ കല്‍പ്പറ്റ പൊലീസ് പിടികൂടിയത്. 

മലപ്പുറം വേങ്ങര സ്വദേശിനിയെ സൗഹൃദം നടിച്ച് പ്രതി കല്‍പ്പറ്റയിലെത്തിച്ച് ലോഡ്ജില്‍ മുറിയെടുത്തു. യുവതി കുളിമുറിയില്‍ കയറിയപ്പോള്‍ പതിനൊന്നരപ്പവന്റെ മാലയും അരപ്പവന്റെ മോതിരവും മോഷ്ടിച്ച് പ്രതി കടന്നുകളയുകയായിരുന്നു. സ്വന്തം തിരിച്ചറിയല്‍ രേഖ ആയിരുന്നില്ല ഇയാള്‍ ലോഡ്ജില്‍ നല്‍കിയത്. അബ്ദുല്‍ ഹമീദ് തട്ടിപ്പുസമയത്ത് ഉപയോഗിച്ച ഫോണും പിന്നീട് ഉപയോഗിച്ചിരുന്നില്ല. 

പ്രതിയെ കണ്ടെത്താന്‍ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ലോഡ്ജുകളിലെല്ലാം പൊലീസ് വിവരം അറിയിച്ചിരുന്നു. വെള്ളിയാഴ്ച രാത്രി ഇയാള്‍ മംഗലാപുരത്ത് ഒരു ലോഡ്ജില്‍ മുറിയെടുത്തപ്പോള്‍ സംശയം തോന്നിയ ലോഡ്ജ് ജീവനക്കാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇതിനിടെ ഇയാള്‍ മുറി ഒഴിവാക്കി പോയി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മംഗലാപുരം റെയില്‍വേ സ്‌റ്റേഷനില്‍നിന്നും പ്രതിയെ പിടികൂടുകയായിരുന്നു. 

മോഷ്ടിച്ച സ്വര്‍ണം കോഴിക്കോടുള്ള ജൂവലറിയില്‍ വിറ്റതായി പ്രതി പൊലീസിനോട് വെളിപ്പെടുത്തി. അബ്ദുല്‍ ഹമീദിന്റെ പേരില്‍ പല ജില്ലകളിലായി 18 സ്‌റ്റേഷനുകളില്‍ കേസുണ്ടെന്നും പൊലീസ് അറിയിച്ചു. പല കേസിലും വാറന്റുള്ള പിടികിട്ടാപ്പുള്ളിയാണ് ഇയാളെന്നും പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 

ഈ വാർത്ത വായിക്കാം

ചായ വാങ്ങാന്‍ ഇറങ്ങി, ട്രെയിന്‍ നീങ്ങുന്നത് കണ്ട് ഓടി കയറാന്‍ ശ്രമം; ഡോക്ടര്‍ക്ക് ദാരുണാന്ത്യം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ