വാതില്‍ തുറന്നത് കാവ്യ; അകത്തേക്ക് പോയി തിരിച്ചു വന്നില്ല; കാത്തിരുന്ന് ക്രൈംബ്രാഞ്ച് സംഘം

ദിലീപിന്റെയും സഹോദരന്റെയും വീടുകളിലും നിർമ്മാണ കമ്പനി ഓഫീസിലെയും റെയ്ഡിൽ നിരവധി തെളിവുകൾ ലഭിച്ചതായി സൂചന
പൊലീസ് ഉദ്യോ​ഗസ്ഥർ ​ഗേറ്റ് ചാടിക്കടന്ന് ദിലീപിന്റെ വീട്ടിൽ പ്രവേശിക്കുന്നു/ ചിത്രം : ന്യൂ ഇൻഡ്യൻ എക്സ്പ്രസ്
പൊലീസ് ഉദ്യോ​ഗസ്ഥർ ​ഗേറ്റ് ചാടിക്കടന്ന് ദിലീപിന്റെ വീട്ടിൽ പ്രവേശിക്കുന്നു/ ചിത്രം : ന്യൂ ഇൻഡ്യൻ എക്സ്പ്രസ്


കൊച്ചി: ഏറെനേരം കാത്തുനിന്നശേഷമാണ് ക്രൈംബ്രാഞ്ച് സംഘത്തിന് ദിലീപിന്റെ വീട്ടിനകത്ത് കയറി പരിശോധന നടത്താനായത്. രാവിലെ 11 മണിയോടെ പൊലീസ് സംഘം ദിലീപിന്റെ ആലുവയിലെ പത്മസരോവരം വീട്ടിലെത്തി. എന്നാല്‍ റിമോട്ട് നിയന്ത്രിത ഗേറ്റ് പൂട്ടിയിട്ടിരിക്കുകയായിരുന്നു. 20 മിനുട്ടോളം കാത്തുനിന്നിട്ടും ഗേറ്റ് തുറക്കാന്‍ ആരും വന്നില്ല. ഇതേത്തുടര്‍ന്ന് രണ്ട് ഉദ്യോഗസ്ഥര്‍ ഗേറ്റ് ചാടിക്കടന്ന് ദിലീപിന്റെ വീട്ടുവളപ്പില്‍ കയറുകയായിരുന്നു. 

വീട്ടിലെത്തി കോളിങ് ബെല്ലടിച്ചപ്പോള്‍ ദിലീപിന്റെ ഭാര്യ കാവ്യ മാധവന്‍ എത്തി കാര്യം തിരക്കി. കോടതി ഉത്തരവ് അനുസരിച്ച് പരിശോധനയ്ക്ക് എത്തിയതാണെന്ന് പൊലീസുകാര്‍ അറിയിച്ചു. ഇതുകേട്ടയുടന്‍ അകത്തേക്കുപോയ കാവ്യ പിന്നീട് തിരിച്ചെത്തി വാതില്‍ തുറന്നില്ല. ഈ സമയം ദിലീപ് വീട്ടിലില്ലായിരുന്നു. 

അല്‍പ്പസമയത്തിന് ശേഷം ദിലീപിന്റെ സഹോദരി സബിത കാറിലെത്തി, തിരച്ചിലിനായി വീട് തുറന്നു കൊടുക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് എസ് പി മോഹനചന്ദ്രന്‍ നായരുടെ നേതൃത്വത്തില്‍ വനിതാ ഉദ്യോഗസ്ഥര്‍ അടക്കം 20 അംഗ സംഘമാണ് 5 വാഹനങ്ങളിലായി ദിലീപിന്റെ വീട്ടിലെത്തിയത്. പതിനൊന്നരയോടെ റെയ്ഡ് ആരംഭിച്ചു. 

റെയ്ഡിനിടെ ദിലീപ് എത്തി

സൈബര്‍, റവന്യൂ, ഫോറന്‍സിക് വിദഗ്ധരും സംഘത്തിലുണ്ടായിരുന്നു. റെയ്ഡ് നടക്കുന്നതിനിടെ, ഉച്ചയ്ക്ക് ഒരുമണിയോടെ ദിലീപ് കാറോടിച്ച് വീട്ടിലെത്തി. ഉച്ചയ്ക്ക് 2.20 ഓടെ എസ്പി മോഹനചന്ദ്രന്‍ നായര്‍ ദിലീപിന്റെ വീട്ടില്‍ നിന്നിറങ്ങി, ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ വീട്ടിലേക്ക് പോയി. ഇവിടേയും പരിശോധന നടക്കുന്നുണ്ടായിരുന്നു. 

ആലുവ പാലസിന് സമീപം കൊട്ടാരക്കടവ് റോഡിലുള്ള ദിലീപിന്‍രെ പത്മസരോവരം വീട്, പറവൂര്‍ കവലയിലെ വിഐപി റോഡിലുള്ള സഹോദരന്‍ അനൂപിന്റെ വീട്, ദിലീപിന്റെ സിനിമാ നിര്‍മ്മാണകമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ എറണാകുളം ചിറ്റൂര്‍ റോഡിലുള്ള ഓഫീസ് എന്നിവിടങ്ങളിലായിരുന്നു കോടതിയുടെ അനുമതിയോടെ ഒരേസമയം പരിശോധന നടന്നത്. മൂന്നിടത്തുമായി ഏഴു മണിക്കൂറോളം പരിശോധന നീണ്ടു നിന്നു. 

പൂട്ടുപൊളിച്ച് അകത്തു കടന്നു

മണിക്കൂറുകള്‍ കാത്തിരുന്നശേഷം പൂട്ടുപൊളിച്ചാണ് ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചിറ്റൂര്‍ റോഡിലെ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍ ഓഫീസില്‍ കടന്ന് പരിശോധന നടത്തിയത്. ഇവിടെ നിന്നും ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ചു. 

മൊബൈല്‍ ഫോണുകളും  പെന്‍ഡ്രൈവും പിടിച്ചെടുത്തു

ദിലീപിന്റെ വീട്ടില്‍ നിന്ന് മൂന്ന് മൊബൈല്‍ ഫോണുകളും രണ്ട് ഐപാഡുകളും ഒരു ഹാര്‍ഡ് ഡിസ്‌കും ഒരു പെന്‍ഡ്രൈവും പിടിച്ചെടുത്തു. ഇവയില്‍ ദൃശ്യങ്ങള്‍ ഉണ്ടോയെന്നറിയാന്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും. ദിലീപിന്റെ കൈവശം ഉണ്ടെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയ  തോക്ക് കണ്ടെത്തിയിട്ടില്ല.

ദിലീപിന്റെ മൊബൈല്‍ഫോണ്‍ വേണമെന്ന് ക്രൈംബ്രാഞ്ച് സംഘം ആവശ്യപ്പെട്ടപ്പോള്‍ രേഖാമൂലം അറിയിക്കണമെന്ന് അഭിഭാഷകര്‍ അറിയിച്ചു. ഈ കാര്യം എഴുതിനല്‍കിയാണ് ഫോണ്‍ ഏറ്റെടുത്തത്. സിംകാര്‍ഡുകള്‍ ദിലീപിന് തിരികെക്കൊടുത്തു.

തെളിവ് തേടി ക്രൈംബ്രാഞ്ച്

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ഒരു വിഐപി പത്മസരോവരം വീട്ടിലെത്തി ദിലീപിന് കൈമാറിയെന്നും, ദൃശ്യങ്ങള്‍ ദിലീപ് വീട്ടിലിരുന്ന് കണ്ടുവെന്നുമാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്. കൂടാതെ, കേസ് അന്വേഷണ ഉദ്യോഗസ്ഥരായ പൊലീസുകാരെ അപായപ്പെടുത്താനും ദിലീപ് അടക്കമുള്ള പ്രതികള്‍ ഗൂഢാലോചന നടത്തിയിരുന്നതായും ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയിരുന്നു. 

ഇതനുസരിച്ച് തെളിവുശേഖരിക്കുന്നതിന്‍രെ ഭാഗമായിട്ടായിരുന്നു റെയ്ഡ്. ദിലീപിന്റെ കൈവശം ഉണ്ടെന്ന് പറയപ്പെടുന്ന നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കണ്ടെത്തുകയും പരിശോധനയുടെ ലക്ഷ്യമായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസ് ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കാനിരിക്കെയായിരുന്നു ക്രൈംബ്രാഞ്ചിന്‍രെ നാടകീയ നീക്കം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com