കൊറിയർ സ്ഥാപനങ്ങൾ കുത്തിത്തുറന്ന് വൻ മോഷണം; ലോക്കറടക്കം കള്ളൻമാർ അടിച്ചുമാറ്റി

ഞായറാഴ്ച രാത്രി 12ന് ശേഷം പാന്റ്‌സും കോട്ടും മുഖാവരണവും തൊപ്പിയും ധരിച്ച് രണ്ട് പേർ സ്ഥാപനങ്ങളിലേക്ക് വരുന്നത് സിസിടിവി ദൃശ്യത്തിലുണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പാലക്കാട്: ആലത്തൂരിന് സമീപം തൃപ്പാളൂരിലെ രണ്ട് കൊറിയർ സ്ഥാപനങ്ങൾ കുത്തിത്തുറന്ന് 2.50 ലക്ഷം രൂപ കവർന്നു. ഞായറാഴ്ച രാത്രിയാണ് മോഷണം നടന്നത്. തിങ്കളാഴ്ച പുലർച്ചെയാണ് വിവരം പുറത്തറിയുന്നത്. രാത്രി 12നും ഒന്നമേുക്കാലിനും ഇടയിലാണ് സംഭവം. തൃപ്പാളൂർ ദേശീയപാതയ്ക്ക് സമീപമുള്ള ഓൺലൈൻ വിൽപ്പന ശാലകളുടെ ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്ന ഗോലൈൻ നെറ്റ് വർക്ക് പ്രൈവറ്റ് ലിമിറ്റഡ്, ഇകോം എക്സ്പ്രസ് എന്നിവയുടെ ശാഖകളിലാണ് മോഷണം നടന്നത്. 

ഗോലൈനിൻ നിന്ന് 1.91 ലക്ഷം രൂപയും ഇകോമിൽ നിന്ന് 79,000 രൂപയുമാണ് നഷ്ടപ്പെട്ടതെന്ന് ജീവനക്കാർ പൊലീസിനെ അറിയിച്ചു. ഗോലൈനിൽ പണം അടങ്ങിയ ലോക്കർ അലമാരയ്‌ക്കുള്ളിൽ പൂട്ടിവെച്ചിരിക്കയായിരുന്നു. അലമാര കുത്തിത്തുറന്നെങ്കിലും ലോക്കർ തുറക്കാൻ കഴിഞ്ഞില്ല. ഇതോടെ ലോക്കറുമായാണ് കള്ളൻമാർ കടന്നത്. ഇകോമിൽ അലമാര കുത്തിത്തുറന്ന് പണമെടുക്കുകയായിരുന്നു. 

ഞായറാഴ്ച രാത്രി 12ന് ശേഷം പാന്റ്‌സും കോട്ടും മുഖാവരണവും തൊപ്പിയും ധരിച്ച് രണ്ട് പേർ സ്ഥാപനങ്ങളിലേക്ക് വരുന്നത് സിസിടിവി ദൃശ്യത്തിലുണ്ട്. ഗോലൈനിലെ സിസിടിവിയുടെ റെക്കോർഡർ മോഷ്ടാക്കൾ എടുത്തു മാറ്റിയ നിലയിലാണ്. ഇത് വീണ്ടെടുക്കാനായില്ല. ഇകോമിലെ സിസിടിവിയിൽ ഇവർ അലമാര കുത്തിത്തുറന്ന് പണം കവരുന്ന ദൃശ്യമുണ്ട്.

തിങ്കളാഴ്ച പുലർച്ചെ അഞ്ചിന് ഗോലൈനിൽ സാധനങ്ങൾ ഇറക്കാൻ ലോറി വന്നെങ്കിലും ഡ്രൈവർ മോഷണ വിവരം അറിഞ്ഞില്ല. ഷട്ടർ പതിവു പോലെ താഴ്ത്തി ഇട്ടിരുന്നു. ആറ് മണിക്ക് ജീവനക്കാർ എത്തിയപ്പോഴാണ് പൂട്ട് പൊളിച്ചിട്ടിരിക്കുന്നത് കണ്ടത്. സമീപത്തെ ഇകോമിന്റെ പൂട്ടും പൊളിച്ചിട്ടിരുന്നു. ഗോലൈൻ മാനേജർ എ അനസ്, ഇകോം മാനേജർ എ നൗഫൽ എന്നിവർ പൊലീസിൽ വിവരമറിയിച്ചു.

ആലത്തൂർ സിഐ ജെ. മാത്യുവിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. 

സമീപത്തെ ഗായത്രിപ്പുഴയുടെ വശത്തു നിന്നാണ് മോഷ്ടാക്കൾ വന്നത്. വന്നതും പോയതും വാഹനത്തിലായിരിക്കാമെങ്കിലും ഇതുസംബന്ധിച്ച് സൂചനയില്ലെന്ന് പൊലീസ് പറഞ്ഞു. തൃപ്പാളൂർ പ്രദേശത്തെ മറ്റ് സ്ഥാപനങ്ങളുടെ സിസിടിവി പരിശോധിച്ചാൽ ഇക്കാര്യം മനസിലാകുമെന്ന് പൊലീസ് പറഞ്ഞു. സംസ്ഥാനാന്തര പ്രൊഫഷണൽ സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് നി​ഗമനം.

ഈ വാർത്ത കൂടി വായിക്കാം  

സമകാലിക മലയാളം ഇപ്പോൾ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com