നേതാവിന്റെ സ്വഭാവദൂഷ്യത്തിനെതിരായ പരാതി: കണ്ണൂർ സിപിഎമ്മിൽ കൂട്ട നടപടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th June 2022 08:25 AM  |  

Last Updated: 09th June 2022 08:43 AM  |   A+A-   |  

cpm

പ്രതീകാത്മക ചിത്രം

 

കണ്ണൂര്‍: കണ്ണൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി. സിപിഎം പെരിങ്ങോം ഏരിയാ കമ്മിറ്റി അംഗം എം വി സുനില്‍കുമാറിനെതിരെ പരാതിപ്പെട്ട എട്ടുപേര്‍ക്കെതിരെയാണ് നടപടി. സ്വഭാവ ദൂഷ്യത്തിന്റെ പേരില്‍ സുനില്‍കുമാറിനെ നേരത്തെ തരംതാഴ്ത്തിയിരുന്നു. 

പാര്‍ട്ടിയെ പൊതുജനമാധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തി, സ്വഭാവദൂഷ്യ ആരോപണം നേരിടുന്ന സുനില്‍കുമാറിനെതിരെ പരസ്യമായി രംഗത്തുവന്നു, വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി തുടങ്ങിയവ ആരോപിച്ചാണ് നടപടി. എട്ടുപേര്‍ക്കും പാര്‍ട്ടി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍, മൂന്ന് മുന്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍, രണ്ട് പാര്‍ട്ടി അംഗങ്ങള്‍ എന്നിവര്‍ക്കെതിരെയാണ് അച്ചടക്ക നടപടി. ആലപ്പടമ്പ് വെസ്റ്റ് ലോക്കല്‍ കമ്മിറ്റിയിലുള്ളവരാണ് നടപടിക്ക് വിധേയരായവരില്‍ ബഹുഭൂരിപക്ഷവും. 

രണ്ട് വർഷം മുമ്പായിരുന്നു പരാതിക്കാസ്പദമായ സംഭവം ഉണ്ടായത്. നേതാവിന്റെ സ്വഭാവ ദൂഷ്യത്തിനെതിരെ വനിതാപ്രവർത്തക ഏരിയാ കമ്മിറ്റിക്ക് പരാതി നൽകി. എന്നാൽ നടപടിയെടുത്തില്ല.

തുടർന്ന് വനിതാപ്രവർത്തക കണ്ണൂർ ജില്ലാകമ്മിറ്റിക്ക് പരാതി കൈമാറുകയായിരുന്നു. ആലപടമ്പ് പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ സുനിൽകുമാർ അയച്ച വാട്സാപ്പ് സന്ദേശമടക്കം യുവതി പരാതിക്കൊപ്പം കൈമാറിയിരുന്നു. തുടർന്നാണ് ഇയാളെ ജില്ലാ കമ്മിറ്റി തരംതാഴ്ത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

കോഴിക്കോട് പെട്രോള്‍ പമ്പ് ജീവനക്കാരനെ കെട്ടിയിട്ട് വന്‍ കവര്‍ച്ച; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ