ആന്തരികാവയവങ്ങള്‍ക്ക് സാരമായി പൊള്ളലേറ്റു; മയക്കുമരുന്ന് കുത്തിവച്ചു; ഗര്‍ഭം അലസിപ്പിക്കാന്‍ ക്രൂരപീഡനം; ഭര്‍തൃപീഡനക്കേസ് സിബിഐക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th March 2022 12:24 PM  |  

Last Updated: 27th March 2022 12:24 PM  |   A+A-   |  

CBI-3

പ്രതീകാത്മക ചിത്രം

 

തൃശൂര്‍: കാനഡയില്‍ ഭര്‍ത്താവിന്റെ ക്രൂര പീഡനത്തിനിരയായ ചോറ്റാനിക്കര സ്വദേശിയുടെ കേസ് സിബിഐ അന്വേഷിക്കും. ഹൈക്കോടതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം 
സിബിഐ ഏറ്റെടുത്തത്. 2020ലാണ് ചോറ്റാനിക്കര സ്വദേശിയായ യുവതി തനിക്ക് ഭര്‍ത്താവില്‍ നിന്ന് ക്രൂരമായ പീഡനം നേരിട്ടു എന്ന് കാണിച്ച് പൊലീസീല്‍ പരാതി നല്‍കിയത്. 

കൊടുങ്ങല്ലൂര്‍ സ്വദേശിയായ ഭര്‍ത്താവ് ശ്രീകാന്ത് കാനഡയില്‍വച്ച് തന്നെ മൃഗീയമായി പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി.

വിവാഹത്തിന് പിന്നാലെ യുവതി ഭര്‍ത്താവിനൊപ്പം കാനഡയിലേക്ക് പോയിരുന്നു. ഭര്‍ത്താവിന് ഉണ്ടായിരുന്ന ആഡംബര വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് അടക്കാന്‍ യുവതിയുടെ കൈവശമുള്ള 75 പവന്‍ സ്വര്‍ണം കൈവശപ്പെടുത്തിയതായും  അതിന് പിന്നാലെ പലപ്പോളായി യുവതിയെ ഉപദ്രവിക്കുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

ഗര്‍ഭം അലസിപ്പിക്കാന്‍ വേണ്ടി നിര്‍ബന്ധിച്ചാതായും ഒന്നാം വിവാഹ വാര്‍ഷികത്തില്‍ കൊലപ്പെടുത്താന്‍ കാറപകടം ഉണ്ടാക്കാന്‍ ശ്രമിച്ചതായും യുവതി പറയുന്നു.  നിരവധി തവണ യുവതിയുടെ ശരീരത്തില്‍ മാരകമായ ലഹരി മരുന്നുകള്‍ കുത്തിവെക്കുകയും ചെയ്തു. യുവതിക്ക് ക്ലീനിങ് ലോഷന്‍ നല്‍കി നിര്‍ബന്ധപൂര്‍വം കുടിപ്പിക്കുകയും ആന്തരിക അവയവങ്ങള്‍ക്ക് സാരമായ പൊള്ളലേല്‍ക്കുകയും സംസാര ശേഷി തന്നെ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു.

വളരെ പ്രയാസപ്പെട്ടാണ് കാനഡയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയെത്തിയത്. ഇപ്പോഴും യുവതിക്ക് സംസാരശേഷി വീണ്ടെടുക്കാനായിട്ടില്ല. ട്യൂബില്‍ കൂടിയാണ് ഭക്ഷണം നല്‍കുന്നത്. നാട്ടിലെത്തിയതിന് പിന്നാലെയാണ് യുവതി പൊലീസില്‍ പരാതി നല്‍കുന്നത്. എന്നാല്‍ ഭര്‍ത്താവ് വിദേശത്തായത് കൊണ്ട് തന്നെ അന്വേഷണത്തിന് പരിമിധികളുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കേസ് സിബിഐയെ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് യുവതിയുടെ കുടുംബം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.