വ്യാജ യാത്രാ രേഖകള്‍ നിര്‍മ്മിച്ച് യുവതികളെ വിദേശത്തേയ്ക്ക് കടത്താന്‍ ശ്രമം; ഏജന്റ് അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th November 2022 07:24 PM  |  

Last Updated: 08th November 2022 07:24 PM  |   A+A-   |  

arrested

പ്രതീകാത്മക ചിത്രം

 

കൊച്ചി: വ്യാജ യാത്രാ രേഖകള്‍ നിര്‍മ്മിച്ച് യുവതികളെ നെടുമ്പാശ്ശേരി വിമാനത്താവളം വഴി വിദേശത്തേയ്ക്ക് കടത്താന്‍ ശ്രമിച്ച കേസില്‍ ഏജന്റ് അറസ്റ്റില്‍. തമിഴ്‌നാട് തിരുവില്വാമല ചെങ്ങം സ്വദേശി ഫസലുള്ള (53) ആണ് പിടിയിലായത്. 

ജൂണ്‍ 15 ന് ആണ് വ്യാജ യാത്രാ രേഖകളുമായി കുവൈത്തിലേക്ക് പോകാന്‍ എത്തിയ തമിഴ്‌നാട്, ആന്ധ്ര സ്വദേശിനികളായ ഏഴ് പേരെ നെടുമ്പാശ്ശേരിയില്‍ പിടികൂടിയത്. ഫസലാണ് ആളുകളെ കണ്ടെത്തി യാത്രാ രേഖകള്‍ തയ്യാറാക്കി നല്‍കുന്നതെന്ന് പൊലീസ് പറഞ്ഞു. സാമ്പത്തികമായും, വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന യുവതികളെയാണ് വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ചത്. 

വീട്ടുജോലി ആണെന്നാണ് യുവതികളോട് പറഞ്ഞിട്ടുള്ളതെന്നും പൊലീസ് പറയുന്നു. ടൂറിസ്റ്റ് വിസയാണ് യാത്രക്കാര്‍ക്ക് പ്രതി നല്‍കിയത്. യുവതികള്‍ക്ക് നല്‍കിയ റിട്ടണ്‍ ടിക്കറ്റ് വ്യാജമായിരുന്നു. പാസ്‌പോര്‍ട്ടില്‍ പ്രതി കൃത്രിമം നടത്തിയിരുന്നുവെന്നും പൊലീസ് പറയുന്നു. വിദേശത്തെത്തിച്ച് യുവതികളെ വിദേശത്തുള്ള ഏജന്റിന് നല്‍കുകയായിരുന്നു ഫസല്‍ ഉള്‍പ്പെടുന്ന സംഘത്തിന്റെ ലക്ഷ്യം. എറണാകുളം റൂറല്‍ ക്രൈംബ്രാഞ്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

തമിഴ്‌നാട്ടിലെ ഉള്‍ഗ്രാമത്തിലാണ് ഫസലുള്ള താമസിക്കുന്നത്. ഇവിടെ യുവതികളെ എത്തിച്ച ശേഷം വിമനാത്താവളത്തിലും മറ്റും പറയേണ്ട കാര്യങ്ങള്‍ പഠിപ്പിച്ചാണ് കൊണ്ടുവരുന്നത്. ഇത്തരത്തില്‍ നിരവധി യുവതികള്‍ ഇയാളുടെ ചതിയില്‍പ്പെട്ട് വിദേശത്തെത്തിയതായാണ് സൂചന. തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെ സാഹസികമായാണ് ഏജന്റിനെ പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തില്‍ ഡി വൈ എസ് പി വി രാജീവ്, എസ് ഐ മാരായ ടി എം സൂഫി, സന്തോഷ് ബേബി, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുധീഷ്, ലിജോ തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ആലപ്പുഴയില്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി; അഞ്ചുപേര്‍ക്ക് പരിക്ക് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ