ഹര്‍ജിക്കാരനെ പേപ്പട്ടി എന്നു വിളിച്ച ലോകായുക്ത മാപ്പുപറയണം; നീതിന്യായ സംവിധാനത്തിന് അവമതിപ്പ് : വിഡി സതീശന്‍

ജനങ്ങള്‍ക്ക് അഴിമതി നിരോധന സംവിധാനത്തിലുള്ള വിശ്വാസം കുറയുകയാണെന്നും വിഡി സതീശന്‍ പറഞ്ഞു
വിഡി സതീശന്റെ വാര്‍ത്താസമ്മേളനം/ ഫെയ്‌സ്ബുക്ക്
വിഡി സതീശന്റെ വാര്‍ത്താസമ്മേളനം/ ഫെയ്‌സ്ബുക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗക്കേസിലെ ഹര്‍ജിക്കാരനെ പേപ്പട്ടി എന്നു വിളിച്ച ലോകായുക്ത, പരാമര്‍ശം പിന്‍വലിച്ച് മാപ്പുപറയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഹര്‍ജിക്കാരനായ ആര്‍ എസ് ശശികുമാര്‍ സത്യസന്ധനായ പൊതുപ്രവര്‍ത്തകനാണ്. നീതിന്യായ സംവിധാനങ്ങളെപ്പറ്റി അവമതിപ്പുണ്ടാക്കുന്നതാണ് ലോകായുക്തയുടെ പരാമര്‍ശം. ഇത്തരത്തില്‍ പറയാന്‍ ലോകായുക്തയ്ക്ക് അവകാശമോ അധികാരമോ ഇല്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. 

ആര്‍ എസ് ശശികുമാറിന്റെ റിവ്യൂ ഹര്‍ജി പരിഗണിക്കുന്ന വേളയിലാണ് ലോകായുക്തയുടെ പരാമര്‍ശം. ഇത് തികഞ്ഞ അനൗചിത്യവും ലോകായുക്ത ഇരിക്കുന്ന സ്ഥാനത്തിന് യോജിക്കാത്തതുമാണ്. ഇതുപോലെ ഉന്നതസ്ഥാനങ്ങളിലിരിക്കുന്നവര്‍ ഹര്‍ജിയുമായി വരുന്ന, പരാതിയുമായി വരുന്നവരെ പേപ്പട്ടിയോട് ഉപമിച്ച് ആക്ഷേപിച്ചത് ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കാന്‍ പറ്റാത്ത, പൊറുക്കാന്‍ പറ്റാത്ത കുറ്റമാണ്. 

ജഡ്ജ്മെന്റ് വിമര്‍ശിക്കാന്‍ പാടില്ല എന്ന് പറയുന്നത് ശരിയല്ല. ജഡ്ജ്മെന്റ് വിമര്‍ശിക്കപ്പെടുമെന്നും അതിന് ഭരണഘടനപരമായ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹര്‍ജിക്കാരനെ പേപ്പട്ടി എന്നെല്ലാം വിളിയ്ക്കുന്നത് വളരെ മോശമായ കാര്യമാണ്. സുപ്രീംകോടതി ജഡ്ജിക്ക് പോലും ഇതിന് അവകാശമില്ല. ഇത്തരം വാചകം പറയുമ്പോള്‍ ആരുടെ വിശ്വാസത ആണ് കുറഞ്ഞതെന്ന് ചിന്തിക്കണം. ജനങ്ങള്‍ക്ക് അഴിമതി നിരോധന സംവിധാനത്തിലുള്ള വിശ്വാസം കുറയുകയാണെന്നും വിഡി സതീശന്‍ പറഞ്ഞു. 

മന്ത്രി വീണാ ജോർജിനും വിമർശനം

മന്ത്രി വീണാജോര്‍ജിനെതിരെയും പ്രതിപക്ഷ നേതാവ് വിമര്‍ശനമുന്നയിച്ചു. ചര്‍ച്ച് ബില്ലിന്റെ ഉള്ളടക്കം എന്താണെന്ന് ഇതുവരെ സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടില്ല. തനിക്കും അതറിയില്ല. അതിന്റെ കണ്ടെന്റ് എന്താണെന്നു പോലും അറിയാത്ത താന്‍, അതിനെക്കുറിച്ച് പ്രതികരിക്കണമെന്ന്ഒരു മന്ത്രി പറഞ്ഞാല്‍, ആ മന്ത്രിയെക്കുറിച്ച് എന്താണ് പറയുകയെന്ന് വി ഡി സതീശന്‍ ചോദിച്ചു. 

ആ മന്ത്രിക്കെതിരെ ആ സമുദായത്തിലെ യുവജനങ്ങള്‍ ആരോ പോസ്റ്റര്‍ ഒട്ടിച്ചു എന്നതിന്റെ പേരില്‍ അത്ര വലിയ കോലാഹലം ഉണ്ടാക്കേണ്ടതുണ്ടോ. മോശമായ പോസ്റ്റര്‍ ഒന്നുമല്ലല്ലോ ഒട്ടിച്ചത്. ഒരു വിഷയത്തില്‍ മന്ത്രി അഭിപ്രായം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റര്‍ ഒട്ടിച്ചതിന്റെ പേരില്‍ ഈസ്റ്ററിന് തലേദിവസം ഒരാളുടെ വീടു വളഞ്ഞ് പൊലീസുകാര്‍ പരിശോധന നടത്തുന്നു. ഇതെന്ത് പൊലീസ് ഭരണമാണോ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com