കുലച്ചുനിന്ന 400ലധികം വാഴകൾ നിമിഷനേരംകൊണ്ട് വെട്ടിനിരത്തി, കർഷകന് നഷ്ടം നാല് ലക്ഷത്തോളം രൂപ; കെഎസ്ഇബിയുടെ ക്രൂരത 

ഹൈടെൻഷൻ വൈദ്യുതി ലൈനിന്ന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് വാഴകൾ നശിപ്പിച്ചത്
കെഎസ്ഇബി ഉദ്യോ​ഗസ്ഥർ നശിപ്പിച്ച വാഴകൾ
കെഎസ്ഇബി ഉദ്യോ​ഗസ്ഥർ നശിപ്പിച്ച വാഴകൾ

കൊച്ചി: ഓണവിപണി മുന്നിൽകണ്ട് കൃഷി ചെയ്ത വാഴകൾ യാതൊരു മുന്നറിയിപ്പുമില്ലാതെ വെട്ടിനശിപ്പിച്ച് കെഎസ്ഇബിയുടെ ക്രൂരത. എറണാകുളം കോതമംഗലം പുതുപ്പാടി സ്വദേശിയായ തോമസ് എന്നയാളുടെ കൃഷിയാണ് കെഎസ്ഇബി ഉദ്യോ​ഗസ്ഥർ നശിപ്പിച്ചത്. കുലച്ചുനിൽക്കുന്ന നാന്നൂറിലധികം വാഴകളാണ് നിമിഷനേരംകൊണ്ട് വെട്ടിനിരത്തിയത്. ഹൈടെൻഷൻ വൈദ്യുതി ലൈനിന്ന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് വാഴകൾ നശിപ്പിച്ചത്. 

കൃഷിയിടത്തിന് മുകളിലൂടെ ഹൈടെൻഷൻ വൈദ്യുതി ഇലക്ട്രിക് ലൈൻ ഇട്ടിരുന്നു. വാഴകൾ ലൈനിൽ തട്ടുന്നുവെന്ന് പറഞ്ഞാണ് സ്ഥലമുടമക്ക് മുന്നറിയിപ്പ് പോലും നൽകാതെ കെഎസ്ഇബിക്കാരെത്തി വെട്ടിനിരത്തിയത്. വെട്ടി നശിപ്പിച്ചതിൽ മിക്കതും കുലച്ച വാഴകളാണെന്നും നാല് ലക്ഷത്തോളം രൂപ നഷ്ടമുണ്ടായെന്നുമാണ് തോമസിന്റെ മകൻ അനീഷ് പറഞ്ഞത്. ഒരു മുന്നറിയിപ്പും ഇല്ലാതെയാണ് കെഎസ്ഇബിയുടെ നടപടിയെന്ന് അനീഷ് പറഞ്ഞു. 

'വർഷങ്ങളായി കൃഷി ചെയ്തു വരുന്ന സ്ഥലമാണിത്. പല പ്രാവശ്യവും വാഴകൾ കൃഷി ചെയ്തിട്ടുണ്ട്. ഇതിനു മുമ്പൊന്നും ഇത്തരം പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് സംഭവം',അനീഷ് പറഞ്ഞു. ‌കെഎസ്ഇബി ഉദ്യോഗസ്ഥരുടെ നടപടി അത്യന്തം ഖേദകരവും പ്രതിഷേധാർഹവുമാണെന്ന് കൃഷി മന്ത്രി പി പ്രസാദ് പ്രതികരിച്ചു. 

ഹൈടെൻഷർ ലൈനിന് കീഴിൽ കൃഷി ചെയ്യുമ്പോഴുള്ള സുരക്ഷാ പ്രശ്നങ്ങളെ ഒട്ടും ചെറുതായി കാണുന്നില്ല. ഈ സ്ഥലത്ത് വാഴ കൃഷി ചെയ്യാൻ പാടില്ലായെങ്കിൽ നേരത്തേ തന്നെ കെഎസ്ഇബി ഇടപെടേണ്ടതായിരുന്നു. വാഴ കുലച്ച് കുലകൾ വിൽക്കാറായ സമയത്ത് ഏകപക്ഷീയമായി ഒരു കർഷകൻറെ അധ്വാനത്തെ നശിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. കുഞ്ഞുങ്ങളെ പോറ്റി വളർത്തുന്നതുപോലെയാണ് കർഷകൻ തൻറെ വിളകളെ പരിപാലിക്കുന്നത്. വിയർപ്പിന് വില നൽകാതെ വിളകൾ വെട്ടി നശിപ്പിച്ചത് തീർത്തും ക്രൂരതയാണ്, മന്ത്രി പി പ്രസാദ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com