'തലസ്ഥാനം അവിടെത്തന്നെ ഇരിക്കട്ടെ', കൊച്ചിയില്‍ സ്ഥലമില്ല; ഹൈബിയെ തള്ളി വിഡി സതീശന്‍

സംസ്ഥാന തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന ഹൈബി ഈഡന്‍ എംപിയുടെ പാര്‍ലമെന്റിലെ സ്വകാര്യ ബില്‍ അവതരണത്തെ തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍
വിഡി സതീശന്‍, ഹൈബി ഈഡന്‍
വിഡി സതീശന്‍, ഹൈബി ഈഡന്‍

തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന ഹൈബി ഈഡന്‍ എംപിയുടെ പാര്‍ലമെന്റിലെ സ്വകാര്യ ബില്‍ അവതരണത്തെ തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടല്ല. സ്വകാര്യ ബില്‍ അടിയന്തരമായി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇനി അതിന്‍മേല്‍ വിവാദത്തിന്റെ ആവശ്യമില്ല- അദ്ദേഹം പറഞ്ഞു. 

'ഹൈബി ഈഡന്‍ ഏറ്റവും വാത്സല്യമുള്ള കൊച്ചനുജനാണ്. ഈ സംഭവം അറിഞ്ഞപ്പോള്‍ തന്നെ അദ്ദേഹത്തെ നേരിട്ട് വിളിച്ച് അതിനുള്ള ശക്തിയായ അസംതൃപ്തി അറിയിച്ചിട്ടുണ്ട്. അത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടല്ല. സ്വകാര്യ ബില്‍ അടിയന്തരമായി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇനി അതിന്‍മേല്‍ വിവാദത്തിന്റെ ആവശ്യമില്ല. തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ച് വേണമെന്നൊക്കെ പറയുന്ന ലാഘവത്തോടെയാണ് അത് ചെയ്തത്. ശരിയായ നടപടിയാണെന്ന് പാര്‍ട്ടി കരുതുന്നില്ല. കൊച്ചിയിലേക്ക് തലസ്ഥാനം മാറണമെന്ന  ആവശ്യം കോണ്‍ഗ്രസിനില്ല. കൊച്ചിയില്‍ തലസ്ഥാനമുണ്ടാക്കാനുള്ള സ്ഥലമില്ല. ഇപ്പോള്‍ തന്നെ ശ്വാസം മുട്ടിയാണ് കൊച്ചി നില്‍ക്കുന്നത്. അതിനുള്ള സംവിധാനങ്ങളൊന്നും കൊച്ചിയിലില്ല. കൊച്ചി ചെറിയ സ്ഥലമാണ്. കൊച്ചിക്ക് വേറെ പ്രത്യേകതയുണ്ട്. കേരളത്തിന്റെ വാണിജ്യ തലസ്ഥാനമാണ്, ഏറ്റവും കൂടുതല്‍ നികുതി സര്‍ക്കാരിന് കൊടുക്കുന്ന സ്ഥലമാണ്. തലസ്ഥാനം അവിടെത്തന്നെ ഇരിക്കട്ടെ.'- അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

ഏക സിവില്‍ കോഡില്‍ സിപിഎമ്മുമായി സമരത്തിനില്ല

ഏക സിവില്‍ കോഡ് വിഷയത്തില്‍ സിപിഎമ്മുമായി ചേര്‍ന്ന് സമരത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഞങ്ങളുടെ അഭിപ്രായം തന്നെയാണ് സിപിഎമ്മിനും ഈ വിഷയത്തില്‍ പറഞ്ഞത്. എന്നാല്‍ സിപിഎമ്മുമായി ചേര്‍ന്ന് പ്രക്ഷോഭത്തിനില്ല. സിപിഎമ്മിനെക്കാള്‍ ശക്തിയുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.- അദ്ദേഹം പറഞ്ഞു. 

ഏക സിവില്‍ കോഡ് വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് ലീഗ് ആവശ്യപ്പെട്ടിട്ടില്ല. സമസ്തയുമായി ബന്ധപ്പെട്ട ഒരു നേതാവാണ് ഇത് പറഞ്ഞത്. കോണ്‍ഗ്രസിന്റെ സഹായത്തോടെ മാത്രമേ യൂണിഫോം സിവില്‍ കോഡിനെ നേരിടാന്‍ പറ്റുള്ളുവെന്നും കോണ്‍ഗ്രസില്‍ പൂര്‍ണമായ വിശ്വാസമുണ്ടെന്നും സമസ്തയുടെ നേതാവായ ജിഫ്രി മുത്തുക്കോയ തങ്ങള്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഏക സിവില്‍ കോഡിനെ സംബന്ധിച്ച് കോണ്‍ഗ്രസിന് അവ്യക്തതയില്ല. ഏക സിവില്‍ കോഡ് പ്രായോഗികമല്ല. ഇവിടെ ചിലര്‍ അതിനെ ഹിന്ദു-മുസ്ലിം വിഷയമാക്കി മാറ്റാന്‍ ശ്രമിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ അതൊരു ഹിന്ദു-മുസ്ലിം വിഷയമേയല്ല. ഇത് ഹിന്ദുക്കളെയും വിവിധ ഗോത്രവര്‍ഗങ്ങളെയും വിവിധ സമൂദയങ്ങളെയും ഒക്കെ ബാധിക്കുന്ന വിഷയമാണ്. ഹിന്ദു വിഭാഗത്തില്‍ തന്നെ വിവിധ സമുദായങ്ങളെ ഗൗരവതരമായി ബാധിക്കും. കോണ്‍ഗ്രസ് അത് ചര്‍ച്ച ചെയ്യണമെന്നാണ് പറയുന്നത്. കാള പെറ്റുവെന്ന് കേട്ട് ഉടന്‍ കയറെടുത്തുകൊണ്ട് ഓടേണ്ട കാര്യമില്ല. ഇത് വന്നാല്‍ എന്ത് ചെയ്യണമെന്ന് കോണ്‍ഗ്രസിന് വ്യക്തമായി അറിയാം. തെരഞ്ഞെടുപ്പ്  മുന്നില്‍ക്കണ്ട് ഹിന്ദു-മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള നീക്കമാണ്. -അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com